സൂക്ഷിക്കുക; ഈ ചെടിയില്‍ തൊട്ടാല്‍ കാഴ്ച പോകും

നാലാഴ്ച മുന്‍പാണ് റോബര്‍ട്ട്‌ എമ്മ തന്റെ പുതിയ വീട്ടിലേക്കു താമസം മാറിയത്. വന്ന ദിവസംതന്നെ വീട്ടുമതിലിനോടു ചേര്‍ന്നു നില്‍ക്കുന്ന വലിയ ചെടി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ ചെടിക്ക് എന്തോ ഒരു അസ്വാവികത ഉണ്ടെന്ന് തോന്നുകയും ചെയ്തു.

അഞ്ചടിയോളം നീളമുള്ള മുള്ളുകളും വലിയ ഇലകളും വെള്ളപൂക്കളുമുള്ള ആ ചെടി പക്ഷേ വിഷാംശമുള്ള ഹോഗ്‌വീഡ് അഥവാ തഴുതാമ ഇനത്തില്‍ പെട്ട ചെടിയാണെന്ന് പിന്നെയാണ് അദ്ദേഹം മനസ്സിലാക്കിയത്. ഒരാളുടെ പൊക്കത്തിലും അധികം നീളമുണ്ട് ഈ ചെടിക്ക്. എന്നാല്‍ വൈകാതെ ഇത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുന്ന, തൊട്ടാല്‍ ദേഹമാസകലം ചൊറിച്ചിലുണ്ടാക്കുന്ന അപൂര്‍വയിനം താഴുതാമയാണെന്ന് അദ്ദേഹം കണ്ടെത്തി. 

ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകാന്‍ തന്നെ പ്രത്യേക അനുമതി ആവശ്യമായ ചെടിയാണിത്. ഇത് നീക്കം ചെയ്യാന്‍ പോലും വളരെയധികം മുന്‍കരുതലുകള്‍ ആവശ്യമാണ്. വിര്‍ജീനിയ ടെക്കില്‍ നിന്നുള്ള കാര്‍ഷികവിദഗ്ദനായ മാര്‍ക്ക് അടുത്തിടെ ഇതിന്റെ ഒരു സാമ്പിള്‍ ലാബിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു.  കടുത്ത മുന്നറിയിപ്പാണ് ഇതിനു ശേഷം എമ്മയ്ക്ക് അദ്ദേഹം നല്‍കിയത്. 

കൈ കൊണ്ടു പോലും ഇതില്‍ തൊടരുത് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങള്‍ ഇല്ലാതെ വെട്ടിക്കളയാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറയുന്നു.  അമേരിക്കയില്‍ തന്നെ വളരെ അത്യപൂര്‍വമാണ് ഈ സസ്യം. അമേരിക്കയിലെ തന്നെ ബെറിവില്ലിയിലും ഫെഡറിക്ക് കൗണ്ടിയിലും മാത്രമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 

എമ്മയ്ക്ക് മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന ആള്‍ അപകടവശം അറിയാതെ പൂച്ചെടിയാകും എന്നു കരുതി പരിപാലിച്ചതാകാം. സൗത്ത് വെസ്റ്റ് ഏഷ്യയില്‍ നിന്നാണ് ഇത് 1917ല്‍ അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നാണ് കരുതുന്നത്. 20,000 വിത്തുകള്‍ വരെ ഒരു ചെടിയില്‍ നിന്ന് ഉണ്ടാകും. ഇത് കാറ്റിലൂടെ മറ്റു പ്രദേശങ്ങളിലേക്കു പരക്കാമെന്ന് വിദഗ്ദര്‍ പറയുന്നു. 

മണ്ണിലൂടെയും ഇത് മറ്റിടങ്ങളില്‍ എത്താം.  തൊലിപ്പുറത്താണ് ഇതിന്റെ പ്രവര്‍ത്തനം ആദ്യം അറിയാന്‍ സാധിക്കുന്നത്‌. ഇതുമായി സമ്പര്‍ക്കം ഉണ്ടായാല്‍ തൊലിപ്പുറം ചുവന്നു തടിക്കുകയും പൊള്ളല്‍ പോലെ ഉണ്ടാകുകയും ചെയ്യും. ഇതിന്റെ പ്രതിപ്രവര്‍ത്തനം മൂലം സൂര്യപ്രകാശം ഏറ്റാല്‍ വര്‍ഷങ്ങളോളം ചര്‍മം ചുവന്നു പൊട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏറെ ശ്രദ്ധയോടെ വേണം ഈ ചെടിയുടെ അരികില്‍ പോകാനെന്നു മുന്നറിയിപ്പുണ്ട്. 

Read More : Health News