ആര്‍ത്തവസമയത്ത് നേരിടുന്ന അതികഠിനമായ വയറു വേദനയായിരുന്നു 19 കാരി ടിയ റീഡ് എന്ന പെണ്‍കുട്ടിയുടെ പ്രശ്നം. സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന രോഗമായ എന്‍ഡോമെട്രിയോസിസ് ആയിരുന്നു രോഗകാരണം. ഈ പ്രശ്നം മൂലം ടിയയ്ക്ക് ഗര്‍ഭം ധരിക്കാനും ബുദ്ധിമുട്ട് നേരിട്ടു.
ഇതിനു പരിഹാരം കണ്ടെത്താനായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. എന്നാല്‍ കീഹോള്‍ ശസ്ത്രക്രിയ ചെയ്യാനായി ജനറല്‍ അനസ്തേഷ്യ നല്‍കി. അതിനു മുൻപായി നടത്തിയ മൂത്രപരിശോധനയുടെ ഫലം കണ്ടപ്പോഴാണ് ടിയ ഗര്‍ഭിണിയാണെന്ന് ഡോക്ടർമാരും അറിയുന്നത്. അതും അഞ്ചു മാസത്തെ ഗര്‍ഭം.
അനസ്തേഷ്യയുടെ മയക്കം വിട്ടുണർന്നപ്പോൾ തന്റെ ശരീരത്തിൽ ശസ്ത്രക്രിയയുടെ ലക്ഷണങ്ങളൊന്നും കാണാഞ്ഞ ടിയ ആദ്യം ഒന്ന് അമ്പരന്നു. എന്നാൽ ശസ്ത്രക്രിയ നടത്തിയില്ലെന്നും അഞ്ചു മാസം ഗർഭിണിയാണെന്നും ഡോക്ടർമാർ അറിയിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി ടിയ.
ടിയയ്ക്കും കാമുകനും ഏറെ നാളുകള്‍ ശ്രമിച്ചതിനു ശേഷവും ഒരു കുഞ്ഞിക്കാല്‍ കാണാന്‍ സാധിക്കാതെ വന്നതോടെയാണ് അവര്‍ വന്ധ്യതാചികിത്സയ്ക്ക് എത്തിയത്. ഇതിന്റെ ഭാഗമായി അനസ്തേഷ്യ നല്‍കി ലാപ്രോസ്കോപി നടത്തുന്നതിനിടയിലാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പോലും അറിയുന്നത്.
ഇക്കഴിഞ്ഞ മെയ് 23 നു ടിയയ്ക്കും കാമുകന്‍ ട്വിന്‍നിംഗിനും ഒരു മകന്‍ പിറന്നു. സിസേറിയന്‍ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പൂര്‍ണആരോഗ്യവാനായ കുഞ്ഞ് റോണിയ്ക്കൊപ്പം ഇന്ന് ടിയയും സുഖമായിരിക്കുന്നു.
Read More : Health News