ശ്രദ്ധിക്കണം, ജീവിതശൈലി രോഗങ്ങളെ

മലയാള മനോരമ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി ദുരിതാശ്വാസ ക്യാംപിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ നിന്ന്.

പ്രളയബാധിതരുടെ ആരോഗ്യത്തെക്കുറിച്ചു പറയുമ്പോൾ പകർച്ചവ്യാധി നിയന്ത്രണത്തിനാണു കൂടുതൽ പ്രാധാന്യം. അത് അനിവാര്യവുമാണ്. പക്ഷേ ജീവിതശൈലി രോഗങ്ങളെ അവഗണിക്കരുത്. പ്രത്യേകിച്ച് കേരളം പോലെ ഇത്തരം രോഗങ്ങൾ വളരെ കൂടുതലായ സംസ്ഥാനത്ത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരിലും വീടുകളിലേക്കു മടങ്ങിയവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയുളള ഒട്ടേറെപ്പേരുണ്ട്. ഇവർ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ പലതാണ്.

1. മാനസിക സമ്മർദം. ഇപ്പോഴത്തെ അവസ്ഥയിൽ അനുഭവപ്പെടുന്ന പിരിമുറുക്കം ജീവിതശൈലി രോഗങ്ങൾ ഉള്ളവരുടെ രോഗാവസ്ഥ കൂടാനിടയാക്കാം.

2. മരുന്നുകൾ മുടങ്ങുന്നത്. പതിവായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകളും കുറിപ്പടികളും മറ്റു ചികിൽസാ രേഖകളും എല്ലാം നഷ്ടപ്പെട്ട സ്ഥിതിയിലാണു മിക്കവരും.

3. തെറ്റുന്ന ഭക്ഷണ നിയന്ത്രണം. ഒഴിവാക്കേണ്ട ആഹാരസാധനങ്ങൾ പലതും ക്യാംപുകളിൽ കഴിക്കേണ്ടി വരുന്നു. നിയന്ത്രണങ്ങൾ പാലിക്കാനാകുന്നില്ല.

4. വ്യായാമം ഒട്ടുമില്ല. 

ജീവിതശൈലി രോഗങ്ങൾ വഷളാക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഗുരുതര പ്രശ്നങ്ങൾക്കു വഴിവയ്ക്കും. ദുരന്തമേഖലയിൽ നിന്ന് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധിക്കാം.

ചെയ്യാവുന്നത്:

1. ഇൻസുലിൻ ലഭ്യമാകുന്നില്ലെങ്കിൽ തത്തുല്യമായ ഗുളിക ഡോക്ടറുടെ നിർദേശാനുസരണം വാങ്ങിക്കഴിക്കാം.

2. ഇൻസുലിൻ ഫ്രിജ് ഇല്ലെങ്കിൽ മൺപാത്രത്തിൽ സൂക്ഷിക്കാം.

3. ഉപ്പ്, മധുരം, എണ്ണയിൽ പൊരിച്ചവ, പപ്പടം തുടങ്ങിയവ ഒഴിവാക്കണം.

4. ദുരന്തത്തിന്റെ ആഘാതം വളരെ വലുതാണ്. പക്ഷേ, നമുക്കു തിരിച്ചു വന്നേ മതിയാകൂ. അസുഖങ്ങൾ വഷളായുണ്ടാകുന്ന പ്രശ്നങ്ങൾ കൂടി ഇതിനിടയിൽ താങ്ങാനാകില്ലെന്നോർക്കാം.

ശ്രദ്ധിക്കാൻ:

1. സന്ദർശിക്കാൻ എത്തുന്ന ഡോക്ടർമാരോട് രോഗവിവരങ്ങൾ പറയണം.

2. അപസ്മാരബാധിതർ മരുന്ന് മുടക്കരുത്. ഉറക്കമിളയ്ക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

3. ഹൃദയ രോഗങ്ങൾ ഉള്ളവർ രക്തം കട്ടപിടിക്കാതിരിക്കാൻ നിത്യവും കഴിക്കുന്ന മരുന്നുകൾ മുടങ്ങുന്നത് അപകടമാണ്.

4. തകർന്ന വീടുകളിലേക്ക് ഒറ്റയ്ക്കു പോകരുത്.

5. കഴിയുന്നതും വേഗം ആരോഗ്യ ദിനചര്യകൾ പുനഃസ്ഥാപിക്കണം.

വിവരങ്ങൾക്കു കടപ്പാട്: 

ഡോ. ബി. പത്മകുമാർ,

ജനറൽ മെഡിസിൻ വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കൽ കോളജ്

Read More : Health News