തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന് അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. തലച്ചോറിനു നിരന്തരമായി രക്തവും ഓക്സിജനും ആവശ്യമുണ്ട്. ഒരു നിമിഷം അതു നിലച്ചാൽ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. പക്ഷാഘാതം ഉണ്ടായാൽ ഒരു മിനിറ്റിൽ 1.5 ലക്ഷത്തിൽപരം കോശങ്ങൾ നശിക്കുന്നു. സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പ്രായം, രക്ത സമ്മർദം, പ്രമേഹം, വ്യായാമക്കുറവ് എന്നിവ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഹൃദയമിടിപ്പ് ക്രമമല്ലാത്തവർ, ഹൃദയവാൽവിനു തകരാറുള്ളവർ എന്നിവരിൽ സ്ട്രോക്ക് കൂടുതലായി കണ്ടുവരുന്നു.
പെട്ടെന്ന് മുഖം, കോടിപ്പോകുക, സംസാരശേഷി നഷ്ടപ്പെടുക, നാക്ക് കുഴയുക, ശരീരത്തിന്റെ ഒരു വശം തളരുക, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക, തലകറക്കം, ഛർദി, തലവേദന, ശരീരത്തിന്റെ ഒരു വശം മരവിയ്ക്കുക, ബോധക്ഷയം ഉണ്ടാകുക ഇതെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. പക്ഷാഘാതത്തിന്റെ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. സ്ട്രോക്ക് വന്ന് ആദ്യത്തെ 4 1/2 മണിക്കൂറിനകം രോഗിയുടെ രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിച്ചതു മാറ്റാനുള്ള Thrombolytic injection കൊടുത്ത് ചികിത്സിച്ചു സുഖപ്രദമാക്കാൻ സാധിക്കും. പ്രധാന രക്തധമനികളിലുള്ള തടസ്സം, ലക്ഷണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ മെക്കാനിക്കൽ ത്രോംമ്പെക്ടമി (Mechanical/Thrombectomy) എന്ന ചികിത്സാരീതി ഉപയോഗിച്ച് ചികിത്സിച്ചു സുഖപ്പെടുത്താൻ സാധിക്കും.
സ്ട്രോക്ക് ചികിത്സയിൽ സമയം പരമപ്രധാനമാണ്. പക്ഷാ ഘാതം ഉണ്ടായി എത്രയും പെട്ടെന്ന് CT-Angiogram/MR Angiogram ടെസ്റ്റുകൾക്ക് രോഗിയെ വിധേയനാക്കി രോഗത്തിന്റെ തീവ്രത നിർണയിച്ച് അനുയോജ്യമായ ചികിത്സാ രീതി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അത്തരം സംവിധാനങ്ങളുള്ള ആശുപത്രിയിൽ രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുന്നത് പക്ഷാഘാതത്തിന്റെ കാഠിന്യം കുറയ്ക്കാനും ഒരു പക്ഷേ മരണത്തിൽ നിന്നു തന്നെ രോഗിയെ രക്ഷപ്പെടുത്താനും സഹായിക്കും.
സ്ട്രോക്കിൽ നിന്നും സുഖം പ്രാപിക്കുന്ന രോഗികൾ വീണ്ടും സ്ട്രോക്ക് വരാതിരിക്കാനുള്ള ചികിത്സാരീതികൾ നിർബന്ധമായും തുടരേണ്ടതാണ്. അതിനായി രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, എന്നിവ കൃത്യമായി ചികിത്സയിലൂടെ നിയന്ത്രിക്കുക. പുകവലി പൂർണമായും ഒഴിവാക്കുക, രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക. സ്വയം പര്യാപ്തനാകുന്നതുവരെ രോഗിക്ക് ഫിസിയോ തെറാപ്പി തുടരേണ്ടതാണ്. ശാരീരികമായ വിഷമതകൾക്കു പുറമെ മാനസികമായും സാമ്പത്തികമായും പക്ഷാഘാതം രോഗിയെ വിഷമത്തിലാക്കുന്നു. ആയതിനാൽ രോഗിയുടെ പുനരധിവാസം സ്ട്രോക്ക് ചികിത്സയിൽ പരമപ്രധാനമാണ്. 2018 – october 29 “Stroke Day” ആയി ആചരിക്കുന്നു. രോഗിയുടെയും, കുടുംബത്തിന്റെയും പുനരധിവാസത്തിനും അവരെ സമൂഹത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള മുൻകൈ എടുക്കുകയുമാണ് ഈ വർഷത്തെ Stroke Day യുടെ ലക്ഷ്യം.
(പട്ടം എസ് യു ടി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റാണ് ലേഖകൻ)