‘ഫാസ്റ്റി’ (FAST) നെ അറിയൂ; പക്ഷാഘാതത്തെ ചെറുക്കൂ. ലോകമെങ്ങുമുള്ള ജനതയ്ക്ക് ഇപ്പോഴും െവല്ലുവിളിയുയർത്തുന്ന രോഗമായ പക്ഷാഘാതത്തെ അടയാളങ്ങളിലൂടെ തിരിച്ചറിയാം. എല്ലാവർഷവും രണ്ടു കോടിയിൽപ്പരം ആളുകൾക്കു പക്ഷാഘാതം വരുന്നെന്നാണു കണക്ക്. ഇതിൽ 25 ശതമാനം പേർ പക്ഷാഘാതത്തിൽ നിന്നു രക്ഷനേടുന്നില്ല. മരണത്തിലേക്കോ, അംഗവൈകല്യത്തിലേക്കോ അവർ തള്ളിവിട്ടപ്പെടേക്കാം. ഇവിടെയാണു പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന്റെ പ്രസക്തി. ഇതു വളരെ ബുദ്ധിമുട്ടേറിയതുമല്ല.
ഫാസ്റ്റ് (FAST) എന്ന പദസഞ്ചയം ശ്രദ്ധിക്കുക: Face, Arm, Speech, Time. ഇവയുടെ ചുരുക്കെഴുത്താണ് ഫാസ്റ്റ്. മെഡിക്കൽ ജ്ഞാനമൊന്നുമില്ലാത്ത ആൾക്കാർക്കു വരെ വളരെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷാഘാതത്തെ ഈ നാലു ഘടകങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ തിരിച്ചറിയാം.
∙ ഫെയ്സ്: ഒരു വ്യക്തി ചിരിക്കാൻ ശ്രമിച്ചാൽ മുഖം ഒരു വശത്തേക്കു കോടിപ്പോകുന്നതു പക്ഷാഘാതത്തിന്റെ ലക്ഷണമാണ്.
∙ ആം : രണ്ടു കൈകളും പൊക്കാൻ ശ്രമിച്ചാൽ ഒരു കൈ മാത്രം താഴേക്കു ഊർന്നു വീഴുകയാണെങ്കിൽ പക്ഷാഘാതത്തിന്റെ ലക്ഷണമാണ്.
∙ സ്പീച്ച്: ഒരു കാര്യം ആവർത്തിച്ചു പറയാൻ ആവശ്യപ്പെട്ടാൽ സംസാരം അസ്പഷ്ടമാവുകയും പരസ്പര ബന്ധമില്ലാത്തതു പോലെ സംസാരിക്കുകയും ചെയ്യുക പക്ഷാഘാതത്തിന്റെ ലക്ഷണമാണ്.
∙ ടൈം: ഈ മൂന്നു ലക്ഷണങ്ങളിലേതെങ്കിലും കണ്ടാൽ സമയം വൈകാതെ രോഗിയെ ആശുപത്രിയിലെത്തിക്കുക.
പക്ഷാഘാതം തലച്ചോറിനു ക്ഷതമേൽപ്പിക്കുന്നതിനാൽ രോഗിക്കു സ്വയം രോഗം തിരിച്ചറിയാൻ സാധിക്കില്ല. ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ആശയക്കുഴപ്പത്തിലായ ആൾ എന്നു മാത്രമേ വേണ്ട വിധം ശ്രദ്ധിക്കാതിരുന്നാൽ മനസിലാകൂ. അതിനാല്‍ ഓരോരുത്തരും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ പഠിക്കേണ്ടത് ആവശ്യമാണ്. തലച്ചോറിലേക്കുള്ള രക്തസംക്രമണത്തിൽ തടസം വരുമ്പോഴാണു പക്ഷാഘാതമുണ്ടാകുന്നത്. രക്തക്കുഴലുകൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ ഇതു സംഭവിക്കാം. തലച്ചോറിലേക്ക് ഓക്സിജനും മറ്റു പോഷകങ്ങളും എത്താതിരിക്കുകയും തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്യും.
പക്ഷാഘാതം എന്നതു വൈദ്യശാസ്ത്രപരമായ അടിയന്തിര ഘട്ടമാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിന്നു പോകുന്നതിനാൽ ഓരോ മിനിറ്റും പ്രധാനമാണ്. കൂടുതൽ നേരം രക്തപ്രവാഹം നിലച്ചാൽ കൂടുതൽ കോശങ്ങൾക്ക് കേടുപാടു സംഭവിക്കാം.
ചികിൽസ എത്ര നേരത്തെ ആരംഭിക്കുന്നോ അത്രയും വേഗം സുഖപ്പെടുത്താനുള്ള സാധ്യതയും വർധിക്കുന്നു. രോഗവിമുക്തിക്കുള്ള സാധ്യതയും കൂട്ടുന്നതൊടൊപ്പം പക്ഷാഘാതവുമായി ബന്ധപ്പെട്ട ദൂഷ്യഫലങ്ങൾ കുറയ്ക്കുകയും ചെയ്യും.
രക്തം കട്ടപിടിക്കുന്നതു മൂലമുണ്ടാകുന്ന ഇസ്മീക് പക്ഷാഘാതമാണു കൂടുതൽ കാണപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയുന്ന രക്തക്കട്ടകളെ അലിയിച്ച് മാറ്റി ചികിൽസ വേഗത്തിൽ ആരംഭിക്കാവുന്നതാണ്. പക്ഷാഘാതം സംഭവിച്ച രോഗിയെ ചികിൽസിച്ചു തുടങ്ങേണ്ടത് മൂന്നു മണിക്കൂറിനുള്ളിലാണ്. എന്നാൽ രോഗം നിർണയിച്ചു ചികിൽസ ലഭ്യമാക്കി തുടങ്ങണമെങ്കിൽ രോഗിയെ ഒരു മണിക്കൂറിനുള്ളിലെങ്കിലും ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്. ഇതാണ് പെട്ടെന്നു ലക്ഷണങ്ങൾ നോക്കി രോഗം തിരിച്ചറിയുന്നതിന്റെ പ്രസക്തി.