പ്രളയബാധിത മേഖലകളിൽ പലവിധത്തിലുള്ള പകർച്ചവ്യാധി വ്യാപനത്തിന് സാധ്യതയുണ്ട്. പരിസരമലിനീകരണവും ശുദ്ധജലദൗർലഭ്യവും മൂലം വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി എന്നിവയാണു സാധാരണയായി ഉണ്ടാകാറുള്ളത്. അവയിൽ ഏറ്റവും പ്രധാനം എലിപ്പനി ആണ്. നമുക്ക് പ്രതിരോധിക്കാവുന്നതും ആരംഭത്തിൽ തിരിച്ചറിഞ്ഞു ചികിത്സ നൽകിയാൽ ഭേദമാക്കാവുന്നതുമായ ഒന്നാണ് എലിപ്പനി.
എലിപ്പനി എങ്ങനെ ഉണ്ടാകുന്നു, പ്രതിരോധമാർഗങ്ങൾ എന്തെല്ലാം, പ്രാരംഭലക്ഷണങ്ങൾ, ആരംഭത്തിലേ രോഗനിർണയം നടത്തിയില്ലെങ്കിലുള്ള അപകടങ്ങൾ, എന്തുകൊണ്ട് രോഗം മാരകമാകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റിയുള്ള അവബോധം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്കും മറ്റുസ്ഥലങ്ങളിൽ നിന്നു ശുചീകരണപ്രവർത്തനത്തിനു പോകുന്നവർക്കും ഉണ്ടാകണം. മിക്ക ജില്ലകളിലും എലിപ്പനി വ്യാപകമായിക്കൊണ്ടിരിക്കുന്നു.
കേരളത്തിൽ എല്ലാക്കാലത്തും എലിപ്പനി ഉണ്ടാകാറുണ്ടെ ങ്കിലും മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്. പ്രളയാനന്തരകാലത്തും എലിപ്പനി സാധ്യത കൂടുതലാണ്. എലികളാണ് പ്രധാന രോഗാണുവാഹകർ. അതുകൊണ്ടുതന്നെ എലിപ്പനിയെന്ന് നാമകരണം ചെയ്തിരിക്കുന്നു. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ആണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിലാണ് ബാക്ടീരിയ വളർന്ന് പെരുകുന്നത്. ഇവയുടെ മൂത്രത്തിൽക്കൂടി രോഗാണുക്കൾ ധാരാളമായി വിസർജ്ജിക്കപ്പെടുന്നു. ഒരു മില്ലീ ലിറ്റർ മൂത്രത്തിൽപ്പോലും കോടിക്കണക്കിന് ബാക്ടീരിയകൾ കാണും. ഇവ എലികളിൾ രോഗം ഉണ്ടാക്കാറില്ല. എലി മനുഷ്യനെകടിച്ചാലും എലിപ്പനി വരണമെന്നില്ല. എലിയെ കൂടാതെ നായ്ക്കളും ആടുമാടുകളും പന്നിയും മറ്റും ചിലപ്പോൾ രോഗാണുവാഹകരാകാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും, മഴപെയ്യുമ്പോൾ ഒലിച്ച് ഓടകളിലും കനാലുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമൊക്കെ എത്തുന്നു. കൂടാതെ എലിമാളങ്ങളിൽ വെള്ളം കയറുന്നതോടെ അവ കൂട്ടത്തോടെ പുറത്തേക്കു വരികയും വെള്ളം വ്യാപകമായി എലിമൂത്രംകൊണ്ടും വിസർജ്ജ്യം കൊണ്ടും മലിനമാക്കുന്നതുമൂലം എലിപ്പനി വ്യാപകമാകുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന ജലത്തിലും ഈർപ്പമുള്ള മണ്ണിലും രണ്ടുമൂന്നുമാസമെങ്കിലും എലിപ്പനി ഭീഷണി നിലനിൽക്കും.
എലിപ്പനി എങ്ങനെ പകരുന്നു ?
1.രോഗാണുക്കൾ കലർന്ന മലിന ജലത്തിൽ ചവിട്ടുകയോ കളിക്കുകയോ കുളിക്കുകയോ ഒക്കെ ചെയ്യുമ്പോൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തിൽ മുറിവുകളോ പോറലോ വൃണങ്ങളോ ഉണ്ടെങ്കിൽ.
2. ശരീരത്തിൽ മുറിവുകൾ ഒന്നും ഇല്ലെങ്കിലും ദീർഘനേരം മലിനജലത്തിൽ നിന്നു പണിയെടുക്കുന്നവരിൽ ജലവുമായി സമ്പർക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തുകൂടി രോഗാണു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.
3. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമത്തിൽ കൂടി രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം.
4. രോഗാണു കലർന്നജലം കുടിക്കുന്നതിലൂടെയും രോഗം ഉണ്ടാകാം.
ലക്ഷണങ്ങൾ ശ്രദ്ധിക്കുക
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ പത്ത്പതിനാലു ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. മറ്റ് പകർച്ചപനികൾക്ക് ഉണ്ടാകുന്നതുപോലെയുള്ള സമാനലക്ഷണങ്ങളാണ് ആരംഭത്തിൽ എലിപ്പനിക്ക് ഉണ്ടാകുന്നതെങ്കിലും അൽപം ശ്രദ്ധിച്ചാൽ എലിപ്പനി ആണോയെന്ന് സംശയിക്കാം.
1. ശക്തമായ പനി
2. ശക്തമായ തലവേദന
3. ശക്തമായ പേശി വേദന. പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികൾക്കും ഉണ്ടാകുന്ന വേദന. കാൽമുട്ടിനു താഴെയുള്ള പേശികളിൽ കൈവിരൾക്കൊണ്ട് അമർത്തുമ്പോൾ വേദനയുണ്ടാകുന്നു.
4. അമിതമായ ക്ഷീണം.
5. കണ്ണിന് ചുവപ്പ് നിറം, നീർവീഴ്ച. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്ത് ഉണ്ടാകുന്ന ചുവപ്പു നിറം എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കണ്ണുകളിലുണ്ടാകുന്ന രക്തസ്രാവമാണ് ചുവപ്പുനിറത്തിന് കാരണം. പനിക്കും ശരീരവേദനക്കും ഒപ്പം കണ്ണിന്റെ ചുവപ്പു നിറം കൂടി ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ ഡോക്ടറെ കാണണം.
6. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ പനിയോടൊപ്പം കണ്ണിനുമഞ്ഞനിറം, മനംമറിച്ചിൽ, ഛർദി എന്നിവ ഉണ്ടാകുകയാണെങ്കിൽ എലിപ്പനി സംശയിക്കണം. രോഗം കരളിനെ ബാധിക്കുന്നതുകൊണ്ടാണ് മഞ്ഞപ്പിത്തലക്ഷണങ്ങൾ ഉണ്ടാകുന്നത്. രോഗത്തിന്റെ ഗൗരവസ്വഭാവമുള്ള ലക്ഷണങ്ങളിൽ ഒന്നാണിത്.
7. ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക– ത്വക്കിൽ രക്തസ്രാവം ഉണ്ടാകുന്നതാണ് കാരണം. രോഗം ഗുരുതരാവസ്ഥയിലാണെങ്കിൽ മൂക്കിൽക്കൂടി രക്ത സ്രാവം, രക്തം ഛർദിക്കുക, മലം കറുത്ത നിറത്തിൽ പോകുക എന്നിവയും ഉണ്ടാകാം.
8. ചിലരിൽ പനിയോടൊപ്പം വയറിളക്കം, ഛർദി എന്നിവയും ഉണ്ട ാകാം.
രക്ത പരിശോധനയിലൂടെ എലിപ്പനി ആണോയെന്ന് സ്ഥിരീകരിക്കാനാകും. മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ട ാകൂ. 5-6 ദിവസം കൊണ്ട് പനി സുഖമാകുകയും ചെയ്യും. 10 ശതമാനം ആൾക്കാരിൽ ഗൗരവമായ സങ്കീർണതകൾ ഉണ്ടാകുന്നു. ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളേയും ഇത് ബാധിക്കാം. വൃക്കകളെ ബാധിച്ചാൽ അവയുടെ പ്രവർത്തനം തന്നെ നിലച്ചു പോയി മരണം സംഭവിക്കാം.
ചികിത്സ
പെൻസിൽ പോലുള്ള ആന്റിബയോട്ടിക് മരുന്നുകൾ വളരെ ഫലപ്രദമാണ്. പക്ഷേ ആരംഭത്തിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം.
പ്രതിരോധം പ്രധാനം
അൽപം ശ്രദ്ധിച്ചാൽ എലിപ്പനിയെ നമുക്ക് പ്രതിരോധിക്കാം.
1. മലിനജലം പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലവുമായി സമ്പർക്കം ഒഴിവാക്കുക. വെള്ളം കെട്ടിക്കിടക്കുന്നതിനുള്ള സാഹചര്യം തന്നെ ഇല്ലാതാക്കുക. കുട്ടികളെ മലിനജലത്തിൽ കളിക്കാൻ അനുവദിക്കരുത്. ശരീരത്തിൽ മുറിവുള്ളവർ കുചീകരണ പ്രവർത്തനത്തിന് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.
2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. എലികളെ നിയന്ത്രിക്കാൻ ഇവ ഉപകരിക്കും.
3. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പർക്കം ആവശ്യമായി വരുന്നവർ ഉദാ: വീടും പരിസരവും ശുചീകരണത്തിന് എത്തുന്നവർ, പണിയെടുക്കുന്നവർ, ഈർപ്പമുള്ള മണ്ണിൽ കൃഷി ചെയ്യുന്നവർ എല്ലാം പ്രത്യേകം ശ്രദ്ധിക്കണം. കയ്യുറകൾ, ബൂട്സ് എന്നിവ ധരിക്കുന്നതു കൂടാതെ രോഗപ്രതിരോധം നൽകുന്ന ഡോക്സി സൈക്ളിൻ ഗുളിക 100 മി.ഗ്രാം രണ്ടെണ്ണം ഒരുമിച്ച് ആഹാരശേഷം കഴിക്കണം. ആഴ്ചയിൽ രണ്ടെണ്ണം വീതം ആറ് ആഴ്ചവരെ കഴിക്കാം. കുട്ടികൾക്കും ഗർഭിണികൾക്കും അസിത്രോമൈസിൻ മരുന്നാണ് നൽകാറുള്ളത്.
4. ഏതെങ്കിലും കാരണവശാൽ മലിനജലത്തിൽ ചവിട്ടേണ്ടിവന്നാൽ കാലുകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കുക.
5. കുടിക്കാനുള്ള ജലം അത് പൈപ്പ് വെള്ളം ആണെങ്കിൽക്കൂടി നല്ലപോലെ 5 മിനിറ്റ് എങ്കിലും തിളപ്പിച്ചാറ്റി ഉപയോഗിക്കുക. എലിമൂത്രം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കുക.
6. പാചകത്തിനും കുളിക്കാനും വായ് ശുദ്ധീകരിക്കാനുമൊക്കെ ക്ലോറിനേറ്റ് ചെയ്ത ജലം മാത്രമേ ഉപയോഗിക്കാവു.
എലിപ്പനി മൂലം മരണം സംഭവിക്കുന്നതിന്റെ പ്രധാനകാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയും ഉള്ള അറിവില്ലായ്മയും വൈറൽപനി ആയിരിക്കാമെന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നതാണ്. ഏതു പനി ആയാലും തുടങ്ങി ദിവസങ്ങൾക്കകം തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം.
(മെഡിക്കൽ ഗ്രന്ഥകാരനും, പൊതുജനാരോഗ്യ പ്രവർത്തകനുമാണ് ലേഖകൻ)
Read More : ആരോഗ്യവാർത്തകൾ