രോഗങ്ങളകറ്റാൻ ആഹാരം പത്തു മണിക്കൂറിനുള്ളിൽ തീർക്കാം

ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്തണോ, എങ്കിൽ ഓരോ ദിവസത്തെയും ആഹാരസമയം പത്തു മണിക്കൂറിനുള്ളിൽ ക്രമീകരിക്കണമെന്നു പഠനം. അതായത്, ഒരു ദിവസത്തെ ഭക്ഷണസമയങ്ങളെല്ലാം പത്തു മണിക്കൂറിനുള്ളിൽ വരണം. സാൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർ സച്ചിദാനന്ദ പാണ്ഡെ എലികളിൽ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. 

ഷിഫ്റ്റ് അനുസരിച്ചാണ് നമ്മളിൽ പലരുടെയും ഭക്ഷണരീതി. ചായ അല്ലെങ്കിൽ കാപ്പി കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നവർ അത്താഴം കഴിക്കുന്നത് 14 മുതൽ 15 മണിക്കൂർ വരെ കഴിഞ്ഞാണ്. നമ്മുടെ ശരീരത്തിനാവശ്യമായ മുഴുവൻ കാലറിയും പത്തു മണിക്കൂറിനുള്ളിൽ സംഭരിക്കാൻ കഴിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ അകറ്റാമെന്നു പഠനം പറയുന്നു. ‌

എലികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. ഒരു ഗ്രൂപ്പിനു ദിവസം മുഴുവൻ ഭക്ഷണം നൽകിയപ്പോൾ മറ്റേ ഗ്രൂപ്പിന് ആഹാരം നൽകുന്നതു പത്തു മണിക്കൂർ മാത്രമായി ചുരുക്കി. പത്തു മണിക്കൂറിനുള്ളിൽ ആഹാരം കഴിച്ച എലികൾ കൂടുതൽ ആരോഗ്യമുള്ളവരാകുകയും മറ്റേ ഗ്രൂപ്പിൽപെട്ട എലികൾക്കു പെട്ടെന്നു രോഗങ്ങൾ പിടിപെടുകയും ചെയ്തു. ദിനചര്യയുടെയും വിശ്രമത്തിന്റെയും താളം തെറ്റുമ്പോഴാണ് മൃഗങ്ങളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതെന്നും ഈ പഠനം പറയുന്നു.

Read More : ആരോഗ്യവാർത്തകൾ