ഡയപ്പറില്‍ നിന്നുണ്ടായ അലര്‍ജി എന്നു ഡോക്ടർമാർ നടത്തിയ തെറ്റായ രോഗനിർണയം നഷ്ടമാക്കിയത് ഒരു കുഞ്ഞു ജീവൻ. യുകെയിലെ സണ്ടർലൻഡ് സ്വദേശികളായ നിക്കൊളിനും ഭാര്യ ടെവിനുമാണ് ലെയ്ട്ടന്‍ ബോയ്സ് ഹോപ് എന്ന മകനെ നഷ്ടമായത്.
ചിക്കൻപോക്സിനു സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയുടെ ഗുരതരാവസ്ഥ വിലയിരുത്തുന്നതിൽ ഡോക്ടർമാർക്കു പിഴവ് പറ്റിയതാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമാകാൻ കാരണം.
സെപ്സിസ് രോഗലക്ഷണം കണ്ടു തുടങ്ങിയപ്പോള്‍ തന്നെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗലക്ഷണത്തെ ഡയപ്പറില്‍ നിന്നുണ്ടായ അലര്‍ജി എന്നു നിസരമായി കരുതുകയായിരുന്നു സണ്ടർലൻഡ് റോയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. രോഗാവസ്ഥ ഗൗരവമാക്കാതെ, ചികിത്സിക്കുന്നതില്‍ കടുത്ത അപാകതകളാണ് ഡോക്ടർമാർ പുലര്‍ത്തിയതെന്നു ലയ്ട്ടന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.
സെപ്സിസ് രോഗത്തിനു ചികിൽസിയിലായിരുന്ന മൂത്ത മകനിൽ നിന്നാണ് ഇളയകുഞ്ഞിലേക്ക് വൈറസ് ബാധയുണ്ടായതെന്നു ബോധ്യമായതോടെയാണ് കുട്ടിയെ മാതാപിക്കൾ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആദ്യ എട്ടു മണിക്കൂറുകളില്‍ കുഞ്ഞിനു യാതൊരുവിധ ആന്റിബയോടിക്കുകളും ഡോക്ടർമാർ നൽകാഞ്ഞത് ആരോഗ്യ സ്ഥിതി വഷളാക്കുകയായിരുന്നെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പിന്നീട് നടത്തിയ രക്തപരിശോധനകളിലാണ് സെപ്സിസ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
എട്ടു മണിക്കൂർ കഴിഞ്ഞതോടെ കൂട്ടിയുടെ ആരോഗ്യം കൂടുതൽ വഷളാകുകയും അത്യാഹിതവിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടി കാണിച്ചു ലെയ്ട്ടന്റെ മാതാപിതാക്കള്‍ ആശുപത്രിക്ക് എതിരെ നിയമയുദ്ധം നടത്തുകയും ചെയ്തു.
ചിക്കന്‍ പോക്സിനു കാരണമാകുന്ന സ്ട്രപ്റ്റോകോക്കസ് പയോജനിസ് എന്ന ബാക്ടീരിയാണ് കുഞ്ഞിനു സെപ്സിസ് രോഗത്തിനു വഴിയൊരുക്കിയത്. ഡോക്ടർമാരുടെ ചികിൽസാപിഴവാണ് കുഞ്ഞിന്റെ ജീവൻ കവർന്നതെന്ന് കണ്ടെത്തിയ കോടതി മാതാപിക്കൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. നഷ്ടപരിഹാരതുക എത്രയെന്ന് ആശുപത്രിയോ മാതാപിതാക്കളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.