കുട്ടികൾ കൂർക്കം വലിച്ചാൽ?

കുട്ടികൾ കൂർക്കം വലിക്കുന്നത് എന്തുകൊണ്ട് ? പൊണ്ണത്തടി മാത്രമാണോ കൂർക്കം വലിക്കു കാരണം ? അതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരുന്നു ഇഎൻടി സർജന്മാരുടെ സംസ്ഥാന സമ്മേളനത്തിൽ വിദഗ്ധർ നൽകിയത്. കൂർക്കം വലിയിലും കേഴ്‌വി ശക്തിയിലുമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹിക്കുന്നതിനുള്ള ആധുനിക മാർഗങ്ങളും അവിടെ വിലയിരുത്തപ്പെട്ടു. ഡോക്ടറുടെ കൈപ്പുണ്യത്തിനും കൈവിരുതിനും അപ്പുറം റോബോട്ടുകളുടെ കൃത്യത നിയന്ത്രിക്കുന്ന ശസ്ത്രക്രിയാ രീതികളിലേക്കാണ് അമേരിക്കയിൽ നിന്നെത്തിയ വിദഗ്ധർ വെളിച്ചം വീശിയത്. 

കുട്ടികളിലെ കൂർക്കംവലി 
കൂർക്കം വില ഗാഢനിദ്രയുടെ സൂചനയായിട്ടാണ് പലരും കരുതുന്നത്. എന്നാൽ ശരിയായിട്ടുള്ള ഉറക്കം കിട്ടാത്തതിന്റെ ലക്ഷണമാണ് കൂർക്കം വലി. പൊണ്ണത്തടിയുള്ളവരിലാണ് കൂർക്കം വലി കൂടുതലായും കണ്ടു വരുന്നത്. ഒന്നര വയസുള്ള കൂട്ടികൾ വരെ കൂർക്കം വലിക്കാറുണ്ട്. കുട്ടികൾ തുടർച്ചയായി മൂന്നു ദിവസം ഉറക്കത്തിൽ കൂർക്കം വലിക്കുന്നുണ്ടെങ്കിൽ അതു ശ്രദ്ധിക്കണം. കാരണം ശരിയായിട്ടുള്ള ഉറക്കം കിട്ടിയിട്ടില്ലെങ്കിൽ, അവരുടെ അക്കാദമിക നിലവാരത്തെ വരെ ബാധിച്ചേക്കാം. ബാക്കി ഉറക്കം ക്ളാസ് മുറികളിലേക്കു നീളാനും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്തേക്കാം എന്ന് വിഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

കുട്ടികളിൽ പകർച്ച വ്യാധികൾ ഇവിടെ കുറവാണ്. കേരളത്തെ സംബന്ധിച്ച് ഇക്കാര്യത്തിൽ ഒരു അമേരിക്കൻ നിലവാരം തന്നെയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പകരാത്ത വ്യാധികളാണ് ഇവിടെ കൂടുതൽ. വളരെ ചെറുപ്പത്തിലേ പ്രമേഹവും രക്തസമ്മർദവുമെല്ലാം കുട്ടകളിൽ കാണുന്നു. പൊണ്ണത്തടിയുടെ കാര്യത്തിലും കേരളത്തിലെ കുട്ടികൾ അമേരിക്കൻ സ്റ്റാൻഡേർഡിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജങ്ക് ഫുഡും ശീതള പാനീയങ്ങളും മലയാളത്തിന്റെ ഭക്ഷണ ശീലങ്ങളിലേക്കും കടന്നു വന്നതോടെയാണ് ഇവിടുത്തെ കുട്ടികൾക്കും പൊണ്ണത്തടി പ്രശ്നമാവാൻ തുടങ്ങിയത്. ഇതിന്റെ രണ്ടാം ഘട്ടമാണ് കൂർക്കം വലിയും ഉറക്കക്കുറവും. ചെറിയ രീതിയലുള്ള കൂർക്കം വലി പരിഹരിക്കാൻ മൂക്കിലൊഴിക്കുന്ന മരുന്നുകൾക്കും സ്പ്രേകൾക്കും സാധിക്കും. വലിയ ടോൺസിൽസ് ഉള്ളവർക്കു മാത്രം വിദഗ്ധ ചികിൽസ വേണ്ടതുള്ളൂ. 

ചെവിയിലെ അണുബാധ 
പലപ്പോഴും ഗൗരവമാക്കാതെ തള്ളുന്നതാണ് ചെവിയിലെ പഴുപ്പ്. കുട്ടികളിൽ ഇത്തരം പഴുപ്പ് കേഴ്‌വി ശക്തിയെ വരെ ബാധിക്കാൻ ഇടയുള്ളതാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടി. ഇയർഡ്രമ്മിനോടു ചേർന്ന് ട്യൂബ് ഘടിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ. പഴുപ്പ് അവഗണിച്ചാൽ, കേഴ്‌വി കുറയും. ക്ളാസിൽ പഠിപ്പിക്കുന്നത് പൂർണമായും ശ്രദ്ധിക്കാൻ സാധിച്ചില്ലെങ്കിൽ അധ്യയനത്തിൽ പിന്നോട്ടു പോകും. 

കോക്ളിയർ ഇംപ്ളാന്റ് 
കോക്ളിയർ ഇംപ്ളാന്റ് ചെയ്യുന്ന കുട്ടികളിലും ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നാണ് വിദഗ്ധരുടെ പക്ഷം. പലപ്പോഴും ഒരു ചെവിയിൽ മാത്രമേ കോക്ളിയർ ഇംപ്ളാന്റ് ചെയ്യാൻ തയ്യാറാവുന്നുള്ളൂ. ആ ചെവിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ ഇന്ത്യയെ പോലെ റോഡിൽ പോലും മര്യാദ പാലിക്കാത്ത രാജ്യത്ത് രണ്ടു ചെവിയിലും ഒരേപോലെ കേഴ്‌വി ശക്തി ലഭിച്ചില്ലെങ്കിൽ ഡ്രൈവിങ് പോലും പ്രശ്നമായേക്കുമെന്ന് അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാർ വിലയിരുത്തി. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളെ നിർബന്ധമായും സ്ക്രീനിങ് നടത്തണമെന്നും െചവിയിലെ അണുബാധയ്ക്കുള്ള സാധ്യത ഇവരിൽ കൂടുതലാണെന്നും വിദഗ്ധർ പറയുന്നു. 

റോബോട്ടിക് ശസ്ത്രക്രിയ 
തലോയോട്ടി തുറന്നും മറ്റുമുള്ള ശസ്ത്രക്രിയകളുടെ കാലം അസ്തമിക്കാറായെന്നാണ് വിദഗ്ധരുടെ പക്ഷം. റോബോട്ടുകളാണ് ഇനിയുള്ള കാലത്ത് ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ പോകുന്നത്. പിഴവുകൾ ഇല്ലാതെ കൂടുതൽ കൃത്യതയോടെയുള്ള ശസ്ത്രക്രിയകൾക്ക് ഇതു വഴി വയ്ക്കും. മസ്തിഷ്ക ദ്രവ ചോർച്ച പരിഹരിക്കാൻ മൂക്കിലൂടെ ട്യൂബ് കടത്തിയുള്ള റോബോട്ടിക് ശസ്ത്രക്രിയയാണ് ഫലപ്രദം. തലയോട്ടി തുറന്ന് ശസ്ത്രക്രിയ ചെയ്യുമ്പോൾ ചില രോഗികളിലെങ്കിലും മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ റോബോട്ടിക് ശസ്ത്രക്രിയയിൽ ഉണ്ടാകുന്നില്ല. തലയോട്ടിക്ക് അടിഭാഗത്തുള്ള ചെറുമുഴകൾ വരെ ഇതേ രീതിയിൽ നീക്കം ചെയ്യാൻ സാധിക്കും. 

Read More : ആരോഗ്യവാർത്തകൾ