'ഫിറ്റ്' അല്ലേ നമ്മുടെ പൊലീസ് സേന

അടുത്തകാലത്തായി നമ്മുടെ ജീവിതശൈലിയില്‍ വന്നിട്ടുള്ള അനാരോഗ്യകരമായ മാറ്റങ്ങളും ജോലിയുടെ പ്രത്യേകതയും മൂലം പൊലീസ് സേനയിലെ ഒരു നല്ലവിഭാഗത്തിന് ജീവിതശൈലീ രോഗങ്ങളുണ്ട്. അവരുെട കര്‍ത്തവ്യനിര്‍വഹണത്തെപ്പോലും അതു സാരമായി ബാധിക്കുന്നു. കാല്‍നൂറ്റാണ്ടു മുമ്പുവരെ  അങ്ങനെ ആയിരുന്നില്ല. മുന്‍കാലങ്ങളില്‍ പൊലീസുകാര്‍ക്കു ദിവസവും രാവിലെ പരേഡ് ഉണ്ടായിരുന്നു. അത് അവര്‍ക്ക് അത്യാവശ്യം വ്യായാമവും നല്‍കിയിരുന്നു. ഇന്നത്തെ ജങ്ക്ഫുഡിനും സോഫ്റ്റ്ഡ്രിങ്കിനും ബേക്കറി പലഹാരങ്ങള്‍ക്കും പകരം നാടന്‍ വിഭവങ്ങളായിരുന്നു അവരുടെ ആഹാരം. അതുകൊണ്ടുതന്നെ അവര്‍ അരോഗദൃഢഗാത്രരായിരുന്നു. നല്ല ആരോഗ്യമുള്ള പൊലീസ് സേനയ്ക്കു മാത്രമേ ക്രമസമാധാനമുള്‍പ്പെടെയുള്ള കര്‍ത്തവ്യങ്ങള്‍ വേണ്ടപോലെ നടത്താന്‍ സാധിക്കുകയുള്ളു.

പരിഹാരമാര്‍ഗങ്ങള്‍
രോഗങ്ങള്‍ക്കു പിടികൊടുക്കാതെ ആരോഗ്യം കാത്തുസൂക്ഷിക്കുവാന്‍ ആവശ്യമായ അറിവ് പൊലീസ് സേനയിലുള്ള എല്ലാവര്‍ക്കും നല്‍കണം. ആരോഗ്യകരമായ ഭക്ഷണം, നല്ല ഭക്ഷണശീലങ്ങള്‍, വ്യായാമത്തിന്‍റെ ആവശ്യകത, മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതെങ്ങനെ എന്നീ കാര്യങ്ങളിലൊക്കെ ബോധവല്‍ക്കരണം വേണം.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടവ
അനാരോഗ്യകരമായ ഭക്ഷണം കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, ചുവന്ന മാംസം, ജങ്ക്ഫുഡ്, വറുത്തതും പൊരിച്ചതും, ഫാസ്റ്റ്ഫുഡ്സ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയൊക്കെ  ഈ പട്ടികയില്‍  വരുന്നു. ചോറിന്‍റെ അളവ്  കുറച്ച് കറികൾ കൂടുതൽ ഉപയോഗിക്കുക.

ആരോഗ്യകരമായ ഭക്ഷണസാധനങ്ങളായ തവിടോടുകൂടിയ അരി, മുഴുധാന്യങ്ങള്‍ (ഗോതമ്പ്, റാഗി, ചോളം, ബാര്‍ലി, തിന, ഓട്സ്), കടല, മുതിര, പയര്‍, കൊഴുപ്പ് കുറഞ്ഞ ഡയറി ഉല്‍പന്നങ്ങള്‍, നട്സ്, ബദാം വാള്‍നട്സ്, ബീന്‍സ്, പയറുവര്‍ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. വിവിധ നിറങ്ങളുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തണം.

രാവിലത്തെ ആഹാരം  നിര്‍ബന്ധമായും കഴിച്ചിരിക്കണം. കൃത്യസമയത്തുതന്നെ ജോലിക്ക് എത്തേണ്ടതിനാലും മറ്റും പലരും ഇത് കഴിക്കാതിരിക്കുന്നത് പ്രമേഹമുള്‍പ്പെടെ പല രോഗങ്ങള്‍ക്കും കാരണമാകും. ഊര്‍ജ്ജസ്വലതയോടെ ജോലി ചെയ്യണമെങ്കില്‍ രാവിലത്തെ ആഹാരം മുടക്കരുത്.

വൈകിട്ടത്തെ ആഹാരം എട്ടുമണിക്കു മുമ്പുതന്നെ  ലളിതമായി കഴിക്കാന്‍ ശ്രദ്ധിക്കണം. അതു വളരെ വൈകിയാല്‍ ഭക്ഷണം ശരിക്കു ദഹിക്കാതെ വരികയും അമിതവണ്ണം, പ്രമേഹം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് വൈകിട്ടത്തെ ആഹാരം ലഘു ആയിരിക്കുകയും ദഹിച്ചതിനു ശേഷം (2 മണിക്കൂര് കഴിഞ്ഞ്‍) മാത്രം ഉറങ്ങാന്‍ പോകുകയും ചെയ്യുക.

വ്യായാമം
ആരോഗ്യം നിലനിര്‍ത്തുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ വ്യായാമം പോലും ഇന്ന്  പൊലീസുകാര്‍ക്കു ലഭിക്കുന്നില്ല. പൊലീസ് സേനയിലുള്ളവരെ ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ പ്രധാനകാരണങ്ങളില്‍ ഒന്നാണിത്. ദിവസവും നാല്‍പത് മിനിറ്റ് വേഗത്തിലുള്ള നടപ്പ്, സൈക്കിളിങ്, നീന്തല്‍, ഷട്ടില്‍ പോലുള്ള എന്തെങ്കിലും കളികള്‍, യോഗ പോലുള്ള സ്ടെച്ചിങ് വ്യായാമങ്ങള്‍, പേശീബലത്തിന് ആവശ്യമായ റെസിസ്റ്റന്‍സ് വ്യായാമങ്ങള്‍ എന്നിവയൊക്കെ ഗുണം ചെയ്യും. മുൻഗണനപ്പട്ടികയിൽ വ്യായാമത്തിന് ഒന്നാം സ്ഥാനം തന്നെ നല്‍കണം. 

മറ്റു നല്ല ശീലങ്ങള്‍
ദിവസവും ഏറ്റവും കുറഞ്ഞത് എട്ടുഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. 

പുകവലി, മദ്യപാനം എന്നിവ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ ഉപേക്ഷിക്കുക.

ദിവസവും എട്ടുമണിക്കൂര്‍ ഉറക്കം പ്രമേഹം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനും ആരോഗ്യം നിലനിര്‍ത്താനും അത്യാവശ്യമാണ്. ഉറക്കസമയത്താണ് ശരീരത്തിലെ കോടിക്കണക്കിനു കോശങ്ങള്‍ കേടുപാടുകള്‍ തീര്‍ക്കുന്നതും അടുത്ത ദിവസം ഉന്മേഷത്തോടെ ജോലി ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതും. രാത്രി ഡ്യൂട്ടിയിലുള്ളവര്‍ പകല്‍ കുറച്ചുസമയം ഉറങ്ങുമെങ്കിലും  ദിവസവും 6-7 മണിക്കൂര്‍ എന്നത് പാലിക്കപ്പെടാത്തത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം.

മാനസിക സമ്മര്‍ദം ലഘൂകരിക്കാം
മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പല ഘടകങ്ങളും ജോലിസംബന്ധമായി പൊലീസ് സേനയ്ക്കുണ്ട്. അത് പലപ്പോഴും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നു. ഇക്കാലത്ത് മാനസിക സമ്മര്‍ദം പൂര്‍ണമായും ഒഴിവാക്കാനാവില്ലെങ്കിലും അവയെ ലഘൂകരിക്കാനാവും. മാനസികസമ്മര്‍ദം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാം, മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാം. യോഗ, ധ്യാനം, വ്യായാമം, ഹോബികള്‍, കളികള്‍, സംഗീതം, വിനോദയാത്രകള്‍ എന്നിവ അതിനു സഹായിക്കും. ജോലി ആത്മാര്‍ഥമാകും. അത് ആസ്വദിച്ചു ചെയ്യുന്നത് ജോലിസ്ഥലത്തെ ടെന്‍ഷന്‍ കുറയ്ക്കും. ആരോഗ്യസംരക്ഷണത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അത് സ്വന്തം ഉത്തരവാദിത്തമെന്നു മനസ്സിലാക്കി ജീവിതശൈലിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍ ജീവിതം സന്തോഷകരമാക്കാം എന്നുമാത്രമല്ല കൂടുതല്‍ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും ജോലി ചെയ്യുവാന്‍ നമ്മുടെ പൊലീസുകാര്‍ പ്രാപ്തരുമാകും. പൊലീസ് സേനയുടെ തലപ്പത്തുള്ളവരും ജനമൈത്രിപൊലീസും ഈ വിഷയത്തില്‍ വേണ്ട ബോധവല്‍ക്കരണവും നടപടിക്രമങ്ങളും നടപ്പാക്കണം.

(മെഡിക്കല്‍ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവര്‍ത്തകനുമാണ് ലേഖകൻ)