പൊതുവെ ശ്വാസം മുട്ടൽ എന്നു പറയാറുണ്ടെങ്കിലും അതു മൂന്നു വിധമുണ്ട്. 1) ശ്വാസകോശ സംബന്ധമായ ‘സാധാരണ ശ്വാസംമുട്ട്’. 2) ഹൃദ്രോഗ സംബന്ധമായ ‘മുന്നറിയിപ്പു ശ്വാസംമുട്ട്’. 3) വൃക്കസംബന്ധമായ ‘സൂചനാ ശ്വാസംമുട്ട്’
ശ്വാസം മുട്ടൽ പൊതുവെ തണുപ്പു കാലങ്ങളിലും തണുത്ത സാഹചര്യങ്ങളിലും കൂടുമെന്നു നമുക്കറിയാം. കറുത്തവാവു നാളിലും ചന്ദ്രഗ്രഹണ സമയങ്ങളിലും ശ്വാസംമുട്ട് അധികമാവുമെന്ന് അറിയാത്തവരുമുണ്ടാകില്ല. ശ്വാസകോശത്തിൽ കഫത്തിന്റെ ആവരണം നിറയുമ്പോൾ ഉള്ളിലേക്കു വലിച്ചെടുക്കുന്ന വായു (ഓക്സിജൻ – പ്രാണൻ) രക്തത്തിലേക്കു പോകുന്നതു സുഗമമല്ലാതെ വരുമ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടിനെയാണു ശ്വാസംമുട്ടൽ എന്നു പൊതുവെ പറയുന്നത്. ആസ്ത്‍മ, വലിവ്, ഏക്കം, വായുദണ്ഡം എന്നൊക്കെ ഇതിനു പേരുപറയാം.
അന്തരീക്ഷത്തിൽ ജലാംശം കുടുതലാകുമ്പോൾ (മഞ്ഞുകാലത്തും വർഷകാലത്തും) നമ്മുടെയൊക്കെ ശ്വാസകോശത്തിൽ കഫത്തിന്റെയൊ ജലത്തിന്റെയൊ ആവരണം വരാനിടയുണ്ട്. ഊട്ടി പോലെ തണുപ്പുള്ള സ്ഥലങ്ങളിൽ ഈ പ്രശ്നം കൂടുതലായി പലർക്കും അനുഭവപ്പെടാം. ശ്വാസകോശ സംബന്ധമായ ശ്വാസംമുട്ടലിനെപ്പറ്റി ആദ്യം പറയാം. പലപ്പോഴും അതു കുട്ടികളിലാണു കണ്ടുവരിക. ഇതു കുട്ടികളുടെ വളർച്ചവരെ മുരടിപ്പിക്കുമെന്നു പലർക്കും അറിയില്ലെന്നു തോന്നുന്നു. വളർച്ചയുടെ ഘട്ടത്തിൽ (പ്രത്യേകിച്ചു ടീനേജ് കാലത്ത്) ഓക്സിജൻ രക്തത്തിലെത്തിയില്ലെങ്കിൽ ശരീരത്തിന്റെ പ്രവർത്തന ക്ഷമത തകരാറിലാവും. മാനസിക വളർച്ചയെയും ഇതു ബാധിക്കും. മാത്രല്ല, ലൈംഗികാവയവങ്ങൾക്കുവരെ മുരടിപ്പുണ്ടാകും. ഇക്കാര്യം പല രക്ഷിതാക്കളും ശ്രദ്ധിക്കാറില്ലെന്നു ദീർഘകാലമായി വൈദ്യരംഗത്തു പ്രവർത്തിക്കുന്ന ഞങ്ങൾക്കു തോന്നാറുണ്ട്. ഇങ്ങനെ സംശയം തോന്നുന്നതു സ്ഥിരീകരിക്കാൻ എക്സ്റേയെടുത്തു വൈദ്യ പരിശോധന നടത്താൻ ഇക്കാലത്തു വല്ല പ്രയാസവുമുണ്ടോ?
പനി, ചുമ, കഫക്കെട്ട്, വലിവ്, തോളുകളിൽ വേദന, ശ്വാസം കിട്ടാതെ ചിലപ്പോൾ കണ്ണുകൾ തള്ളിവരൽ, അമിതമായ നെഞ്ചുവേദന ചെറിയ ചലനങ്ങളിൽപോലും ശ്വാസംമുട്ടലിന്റെ അസ്വസ്ഥത, വാരിയെല്ലുകൾ പൊന്തിവരൽ, നെഞ്ചിൻകൂട് കൂർത്തുവരൽ ഇതെല്ലാം ഇത്തരം ശ്വാസംമുട്ടലിന്റെ സാമാന്യമായ ലക്ഷണമായി രക്ഷിതാക്കൾ കാണണം. ഇത്തരം ശ്വാസംമുട്ടലുള്ള കൗമാരക്കാർ മലർന്നു കിടന്നാൽ ശ്വാസംമുട്ട് കൂടും. ചാരിയിരുന്നാൽ ചെറിയൊരു ആശ്വാസം കിട്ടും. വലതുവശത്തേക്കു ചെരിഞ്ഞു കിടന്നാൽ ചിലപ്പോൾ ഒരുപക്ഷേ, നല്ല സുഖം തോന്നും. പകൽ മുഴുവൻ ഉറക്കം തൂങ്ങുമെങ്കിലും രാത്രിയിലെ ഉറക്കം സുഖപ്രദമാവില്ല.
ശ്വാസംമുട്ടൽ ഉണ്ടാകുമ്പോൾ വിശ്രമിച്ചാലും അതിനു വലിയ കുറവ് അനുഭവപ്പെടില്ല. ഹോർമോൺ ചെയിഞ്ചോടെ (ടീനേജ് കഴിയുമ്പോൾ) മരുന്നു ഫലപ്രദമായി കഴിച്ച്, ചിട്ടയോടെ വ്യായാമം ചെയ്യുന്നവർക്ക് ഈ ശ്വാസംമുട്ടൽ മാറിക്കിട്ടാറുണ്ട്. ചെറിയ തോതിൽ കായികാധ്വാനം നല്ലതാണ്. വ്യായാമവും വേണം. തല വല്ലാതെ വിയർക്കരുതെന്നുമാത്രം. ചൂടുള്ളതുമാത്രമേ ഇവർ കഴിക്കാവൂ. പഴങ്ങളിൽ ഓറഞ്ചും പൈനാപ്പിളും നല്ലതാണ്. തണുത്ത ആഹാരവും ചെറുപഴം പോലുള്ള പഴങ്ങളും വേണ്ട. ഇളനീർ തീരെ വേണ്ട. പാൽ വേണ്ട. ചെമ്മീൻ, കൊഞ്ച്, കല്ലുമ്മക്കായ എന്നിവയൊന്നും ഇവർക്കു നല്ലതല്ല. ഡാൽഡയിലോ നെയ്യിലോ തീർത്ത ബിരിയാണി ഇവർക്കു പറ്റിയതല്ല. വാഹനത്തിന്റെ പുക, ഫാക്ടറി പുക, റൂമിലിട്ട നനഞ്ഞ തുണികൾ, ഏസി വിൻഡോയിലെ പൊടിപടലം എന്നിവയൊക്കെ അലർജിയുണ്ടാക്കും. തണുപ്പു തോന്നിയാൽ സ്വെറ്ററോ മഫ്ളറോ ഉപയോഗിക്കുകതന്നെവേണം. മാതാപിതാക്കൾ അക്കാര്യം ശ്രദ്ധിക്കണം.
ഹൃദ്രോഗം മൂലമുള്ള ശ്വാസംമുട്ടലിനെപ്പറ്റി ഇനി പറയാം. ഇത്തരം ശ്വാസംമുട്ടൽ മുപ്പതുവയസ്സിനു ശേഷമേ സാധാരണഗതിയിൽ വരാറുള്ളൂ. കുറച്ചുദൂരം നടക്കുമ്പോഴേക്കും ശ്വാസംമുട്ടാൻ തുടങ്ങും. പിന്നെ ഒരടി നടക്കാൻ പറ്റാത്ത അവസ്ഥ. ചെറിയൊരു കയറ്റം കയറുമ്പോഴും തഥൈവ. ഇരുന്ന് അൽപം വിശ്രമിച്ചാൽ ആശ്വാസം കിട്ടും. ഇവർ ചുമയ്ക്കുമ്പോൾ കഫം പുറത്തു വരില്ല. എന്നാലും ആ ചുമ ഒരു ‘കുത്തികുത്തി’ ചുമയാകും.. ഇത്തരക്കാർക്കു ബിപി ഇടയ്ക്കിടെ കൂടാം. നെഞ്ചിനു ഭാരം കൂടുതൽ തോന്നാം. ചെറിയ തോതിൽ വിയർപ്പും അനുഭവപ്പെടാം. തോളിൽനിന്നു കഴുത്തിലേക്കു കടച്ചിലോടെ വേദനയും വരാം. അപൂർവമായി കാലിൽ നീരു വരാനും സാധ്യതയുണ്ട്. കിടക്കുമ്പോൾ തലയണവച്ചാൽ കൂടുതൽ ബുദ്ധിമുട്ടു തോന്നാം. ടെൻഷൻ വന്നാലും ഇക്കൂട്ടർക്കു ശ്വാസംമുട്ടു വരും. ഉച്ചസമയങ്ങളിൽ ഭക്ഷണം കഴിച്ചശേഷം വാഹനം ഓടിക്കുന്ന ചിലർക്കും ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. ഇവർക്കൊക്കെ രക്താതി സമ്മർദത്തിനും ഹൃദ്രോഗത്തിനുമുള്ള ചികിൽസ എത്രയുംവേഗം തുടങ്ങണം. ടെസ്റ്റുകൾ നടത്തിയാൽ ഇതൊക്കെ തിരിച്ചറിയാവുന്ന ഇക്കാലത്ത് ഇത്തരം സൂചനകളുണ്ടായാൽ അതൊക്കെ ചെയ്തു നോക്കാമല്ലോ.
വൃക്ക സംബന്ധമായ ശ്വാസംമുട്ടലും ഗൗരവമായിത്തന്നെ കാണണം. ഇവർക്കും വലിവു വരും. കഫക്കെട്ടിന്റെ പ്രശ്നം തോന്നാറില്ല. മുഖത്തും കൺപോളകളിലും കുറേശ്ശെ നീരുവരാം. രക്തക്കുറവും വിളർച്ചയും തോന്നാം. ഇടയ്ക്കു തല ചുറ്റലുണ്ടാകും. മൂത്രം പോകുന്നതിൽ ചെറിയൊരു തടസ്സം തോന്നാം. പ്രമേഹമുണ്ടെങ്കിൽ ഇത്തരം ശ്വാസംമുട്ടലിന് അതും ഒരു കാരണമാകാം. കരൾ സംബന്ധമായ രോഗങ്ങളുള്ളവർക്കും ഇതുപോലുള്ള ശ്വാസം മുട്ടലിനു സാധ്യതയുണ്ട്. സംശയമുള്ളവർ വൈദ്യ നിർദേശപ്രകാരം കഴിയുന്നത്ര നേരത്തേ രക്തപരിശോധനകൾ നടത്തി വേണ്ടതുചെയ്യുക.