Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും എന്തിനാണ് രോഗി എന്നു വിളിക്കുന്നത് ?

akhil ഇതെന്റെ പ്രിയ ‘ചോപ്പി’: നായ്ക്കുട്ടിയുമൊത്തുള്ള അഖിലിന്റെ നിമിഷങ്ങൾ. ചിത്രം: റിജോ ജോസഫ്

‘എന്റെ പൊന്നു സാറേ... സുല്ല്..! ഞാൻ തോറ്റു’, അങ്ങനെ സുല്ലിട്ട് കാൻസർ ഓടിപ്പോയി– ഉറക്കെച്ചിരിച്ചുകൊണ്ട് അഖിൽ പറഞ്ഞു. രോഗനാളുകളിൽ ഒരിക്കൽ പോലും മായാത്ത അതേ ചിരി. മെക്കാനിക്കൽ എൻജിനീയറിങ് കഴി‍ഞ്ഞു ജോലി ചെയ്യുന്നതിനിടെ ‘വീഴിക്കാൻ’ എത്തിയ കാൻസറിനോട് ‘അതിനു വേറെ ആളെ നോക്ക് ’ എന്നു പറഞ്ഞ അതേ ചിരി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എസ്.പി.അഖിൽ (26) പറയുകയാണ്, കാൻസറുമായി നടന്ന ‘ചിരിയുദ്ധ’ത്തെക്കുറിച്ച്.

ഡോക്ടറോട്: 

എനിക്ക് കാൻസറല്ലേ??‌

2016. ബയോപ്സി റിസൽറ്റ് വരും മുൻപേ ഡോക്ടറോട് അഖിൽ ചോദിച്ചു, എനിക്കു കാൻസറല്ലേ?  ‘‘ നടുവേദന കൂടി ബയോപ്സി ചെയ്യാൻ പറഞ്ഞപ്പോൾ തന്നെ എനിക്കു സംശയം തോന്നിയിരുന്നു. അങ്ങനെ ഒരു ഗവേഷണം തന്നെ നടത്തിയാണു ലിംഫോമ കാൻസർ ലക്ഷണങ്ങളാണെന്നു മനസ്സിലായത്. ഡോക്ടറും അക്കാര്യം പറഞ്ഞതോടെ തീരുമാനിച്ചു, എന്തു സംഭവിച്ചാലും ചിരിച്ചുക്കൊണ്ടു നേരിടും എന്ന്. ബയോപ്സി ചെയ്തതിനു പിന്നാലെ എനിക്കു ഹൃദയാഘാതം ഉണ്ടായി. തളർന്നില്ല, കാൻസർ വിവരം വീട്ടിൽ പറഞ്ഞുമില്ല. അവരെ സങ്കടപ്പെടുത്താൻ തോന്നിയില്ല.’’

അനിയനോട്: 

ഗൾഫിൽ പോയിട്ടുവാടാ

അനിയൻ ഗൾഫിൽ പോകുന്ന ദിവസമായിരുന്നു എന്റെ ആദ്യത്തെ കീമോ. രക്തത്തിൽ എന്തോ അണുബാധയുണ്ട്, അതിന് ആശുപത്രിയിൽ പോകണമെന്നു പറഞ്ഞ് അവന്റെയൊപ്പം കാറിൽ എറണാകുളത്തേക്കു പോയി. എന്നെ അവിടെയാക്കിയശേഷം തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിക്കുമ്പോഴും അവൻ ഒന്നുമറിഞ്ഞില്ല. പിന്നെ, മൂന്നു മാസം കഴിഞ്ഞ് വിഡിയോ കോൾ ചെയ്തപ്പോൾ എന്റെ തലയിൽ മുടിയില്ല. അപ്പോഴാണ് അവൻ ഓരോന്നു ചോദിച്ചതും കാൻസറാടാ എന്നു ഞാൻ പറഞ്ഞതും. 

പക്ഷേ, മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞ്, മിണ്ടാതെയും പറയാതെയും എനിക്കതു സഹിക്കാൻ പറ്റില്ലായിരുന്നു. അവസാനം ഡോക്ടറോടു പറഞ്ഞു. എനിക്ക് എല്ലാവരിലും നിന്നും ഒഴിഞ്ഞുള്ള ഈ ജീവിതം പറ്റില്ല. പുറത്തു നിന്നു ഭക്ഷണം കഴിക്കണം. എല്ലാവരോടും ചിരിച്ചു കളിച്ച് അവർക്കൊപ്പം കൂടണം. ‘ഇതൊക്കെ വേണ്ടാന്ന് ആരാ പറഞ്ഞത്’ എന്നായി ഡോക്ടർ. അങ്ങനെ രോഗത്തിന്റെ ആദ്യ കെട്ടുകളെ അഖിൽ പൊട്ടിച്ചെറിഞ്ഞു. 

പക്ഷേ, വിവരം വീട്ടിൽ അറിഞ്ഞപ്പോൾ ആകെ സങ്കടം, കരച്ചിൽ. കൊടിയ വേദന സഹിക്കുന്നതു കാണാ‍ൻ വയ്യ, അന്നു ഹൃദയാഘാതം ഉണ്ടായപ്പോഴേ മോൻ മരിച്ചുപോയാൽ മതിയായിരുന്നു എന്നായി അച്ഛൻ. ദുശ്ശീലങ്ങളൊന്നുമില്ലാത്ത മകന് ഇങ്ങനെ വന്നല്ലോ എന്നായിരുന്നു അമ്മയുടെ കരച്ചിൽ.

ചുറ്റുമുള്ളവരോട്: 

നമുക്കൊരുമിച്ചു ചിരിക്കാം

കാണാനെത്തുന്നവർക്കെല്ലാം ഞാനൊരു സമ്മാനം കൊടുത്തു, ഒന്നാന്തരമൊരു ചിരി. കണ്ണുനിറഞ്ഞെത്തിയ പലരും അതു കണ്ടു ഞെട്ടി. തിരിച്ചു ചിരിക്കാതെ വഴിയില്ലല്ലോ. അങ്ങനെ, വീട്ടിൽ പതിയെ ചിരി പരന്നു. കാണാനെത്തുന്നവർ പോസിറ്റീവ് കാര്യങ്ങൾ സംസാരിച്ചു തുടങ്ങി. രോഗിയാണെന്ന തോന്നൽ തന്നെ പമ്പകടന്നു. ആരോഗ്യവും നന്നായി ശ്രദ്ധിച്ചു. ദിവസേനെ അഞ്ച് ജ്യൂസെങ്കിലും കുടിക്കും. അതിൽ പ്രധാനം കാരറ്റ് –ബീറ്റ്റൂട്ട് – ആപ്പിൾ ജ്യൂസാണ്. പിന്നെ, രോഗപ്രതിരോധശേഷി കുറയാതിരിക്കാൻ തവിടുള്ള കുത്തരിച്ചോറും. 

കുട്ടികളോട്: 

പാട്ടു പാടി തരാം

ബന്ധുക്കളായ കുട്ടികളായിരുന്നു കാൻസറിനെതിരെ എന്റെ പ്രധാന ‘ആയുധം’.  അഞ്ചും ആറും വയസ്സുള്ള അവർക്കൊപ്പമായിരുന്നു മുഴുവൻ സമയവും. എല്ലാരും ചൊല്ലണ്..., ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്..., അമ്പിളി കുന്നത്താണെന്റെ പെമ്പിളവീട് അങ്ങനെ തട്ടുപൊളിപ്പൻ പാട്ടുകൾ ഞാൻ പാടും. അവർ ഏറ്റുപാടും. രോഗം കവർന്ന രണ്ടുകൊല്ലം അങ്ങനെ ഞങ്ങൾ പാടിയും കളിച്ചും തീർത്തു. 

കാൻസറിനോട്: 

മറക്കില്ല നിന്നെ

രോഗകാലത്തെ ഓരോ ഏടുകളും അഖിലിനൊപ്പമുണ്ട്. ‘കാൻസർ റീ ബർത്ത്’ എന്നെഴുതിയ ‘ഫീനിക്സ് പക്ഷി’യുടെ  ചിത്രമാണു കയ്യിലെ ടാറ്റൂ. രോഗം മാറിയപ്പോൾ വാങ്ങിയ പട്ടിക്കുട്ടിക്കു ‘ചോപ്പി’ എന്നു പേരിട്ടു. കാൻസറിനെതിരെ കഴിച്ച ചോപ്–ഇ എന്ന മരുന്നിന്റെ ഓർമയ്ക്ക്. ജീവിക്കാൻ വീണ്ടും വീണ്ടും പ്രേരിക്കുന്ന ചില ഓർമകളും അതിജീവനത്തിന്റെ കരുത്തുമാണ് അവനിതൊക്കെ.

ലോകത്തോട്: 

ഈ ചിന്താഗതി മാറ്റൂ

രോഗം പൂർണമായി മാറിയതിനു ശേഷം വൈകുന്നേരങ്ങളിൽ കളിക്കാൻ പോയി വരുമ്പോൾ ചിലർ ചോദിക്കുന്നൊരു ചോദ്യമുണ്ട്, മോന് വയ്യാത്തതല്ലേയെന്ന്... എൻജിനീയറിങ് ബിരുദത്തിനൊപ്പം ഡിപ്ലോമ കോഴ്സുകളും ചെയ്തു ജോലിക്കായി അപേക്ഷിക്കുമ്പോൾ കിട്ടുന്നൊരു മറുപടിയുണ്ട്, ആരോഗ്യമൊക്കെ ശരിയായിട്ടു വരൂ എന്ന്. 

രോഗത്തെ നേരിട്ട അതേ പുഞ്ചിരിയോട് അഖിൽ ഇവരോടു പറയുകയാണ്, എന്റെ വയ്യായ്മകളൊക്കെ മാറി, എന്റെ ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല. എനിക്കു ജീവിക്കണം, എല്ലാവരെയും പോലെ മിടുക്കനായിത്തന്നെ ജീവിക്കണം. അതിനു നല്ല ജോലി വേണം. അതിന് എന്റെ ഒപ്പം നിൽക്കൂ. മാറ്റിനിർത്തുന്നതല്ല സ്നേഹം, കൂടെക്കൂട്ടുന്നതാണ്.