അങ്ങനെ വൃക്കകൾ പങ്കുവച്ച് ഇവർ രക്തബന്ധുക്കളായി

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി വിടാനൊരുങ്ങുന്ന അഖിലേഷ്, ശാരിക, റാഹില, ജമീബ് എന്നിവർ. ചിത്രം: ഇ.വി. ശ്രീകുമാർ∙ മനോരമ

ഹൃദയം കൊണ്ടാണ് ഈ കുടുംബങ്ങൾ ഒന്നായതെങ്കിലും വൃക്കയായിരുന്നു അതിനു നിമിത്തം. ചികിൽസയ്ക്കായി ഒരേ വീട്ടിൽ താമസമാക്കിയ അവർ ഒടുവിൽ ഭാര്യമാരുടെ വൃക്കകളിൽ ഓരോന്ന് ഭർത്താക്കൻമാർക്കായി പരസ്പരം പങ്കുവച്ച് പുതിയ ജീവിതത്തിലേക്ക് ഒന്നിച്ചു മടങ്ങുന്നു. 

തൃശൂർ പുറനാട്ടുകര അടാട്ടുപറമ്പിൽ എ.അഖിലേഷിന്റെ ഭാര്യ ശാരികയും ചാമക്കാല അയ്യാർകുളം എ.ബി.ജമീബിന്റെ ഭാര്യ റാഹിലയും പരിചയക്കാരായിരുന്നില്ല, അഞ്ചു മാസം മുൻപു വരെ. പക്ഷേ, വൃക്കകൾ തകരാറിലായ ഭർത്താക്കൻമാരെച്ചൊല്ലി രണ്ടുപേരുടെയും ദുഃഖവും ആശങ്കയും തുല്യമായിരുന്നു. സ്വന്തം വൃക്കകളിലൊന്നു നൽകി പങ്കാളിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ തയാറായിരുന്നു ഇരുവരും. എന്നാൽ രക്തഗ്രൂപ്പുകൾ വ്യത്യാസമായിരുന്നതിനാൽ അത് അസാധ്യമായി. 

തൃശൂരിലെ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയാണു പരിഹാരമായി ദമ്പതികളെ കൂട്ടിമുട്ടിച്ചത്. അഖിലേഷിന്റെയും റാഹിലയുടെയും രക്ത ഗ്രൂപ്പും ജമീബിന്റെയും ശാരികയുടെയും രക്തഗ്രൂപ്പും ചേരുന്നതാണെന്നു ഡോക്ടർമാർ വിധിയെഴുതിയോടെ രണ്ടു കുടുംബങ്ങൾ വൃക്കകൾകൊണ്ട് ഒന്നായി. ചികിൽസാർഥം മൂന്നു മാസമായി എറണാകുളത്ത് ഒരേ വാടക വീട്ടിൽ ഒരു കുടുംബമായി താമസിച്ചു വന്ന ഇവരുടെ പ്രാർഥനകൾ കഴിഞ്ഞ 25നു ഫലം കണ്ടു. 

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവിൽ റാഹിലയുടെ വൃക്കകളിലൊന്ന് അഖിലേഷിലും ശാരികയുടെ വൃക്ക ജമീബിലും ജീവൻ വച്ചു. ഇന്നലെ ഇവർ ആശുപത്രിയിൽനിന്നു മടങ്ങിയതും ഒരേ വീട്ടിലേക്കുതന്നെ - തുടർചികിൽസ തീരും വരെ അവിടെ തുടരും. 

അടാട്ട് സഹകരണ ബാങ്കിൽ ജീവനക്കാരനായിരുന്ന അഖിലേഷിന്റെയും (34) നാട്ടിലെ വസ്ത്രവ്യാപാര ശാലയിൽ ജീവനക്കാരനായിരുന്ന ജമീബിന്റെയും (31) വൃക്കകൾ തകരാറിലാവുന്നത് ഒരു വർഷം മുൻപാണ്. ഹൃദയത്തിന്റെ പമ്പിങ് നിരക്ക് കുറവായിരുന്നതിനാൽ ജമീബിന്റെ വൃക്ക മാറ്റിവയ്ക്കുന്നത് അപകടമാണെന്നാണ് ആദ്യം പരിശോധിച്ച ഡോക്ടർമാരെല്ലാം വിധിയെഴുതിയത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ആ വെല്ലുവിളി ഡോ. മാമ്മൻ എം.ജോണിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയായിരുന്നു.