‘‘മോളേ... മഴയത്ത് ഓടിക്കളിക്കുന്നതൊക്കെ കൊള്ളാം.. അധികം ചെളിയിൽ ചവിട്ടിയുള്ള കളി വേണ്ട–’’ മുത്തശ്ശി അകത്തു നിന്നു വിളിച്ചു പറഞ്ഞതു കേൾക്കാൻ അവൾക്കു ലേശം മടിയുണ്ടായിരുന്നു. നല്ല മഴയിൽ ചെളി തെറിപ്പിച്ചുകൊണ്ടു കുറേ നേരം കളിച്ചു. രണ്ടു ദിവസം കഴിഞ്ഞില്ല. കാലിലൊക്കെ ചൊറിച്ചിൽ തുടങ്ങി. അതു കണ്ടപ്പോഴേ മുത്തശ്ശി വീണ്ടും പറഞ്ഞു തുടങ്ങി– ‘‘ഞാൻ അപ്പോഴേ പറഞ്ഞതാ ചെളിയിൽ കളിക്കേണ്ട എന്ന്... പണ്ടത്തെ പോലൊന്നുമല്ല ഇപ്പോൾ..’’ ശരിയാണ്. പണ്ടത്തെ പോലൊന്നുമല്ല. ചെളിയെയും വെള്ളത്തെയും വരെ പേടിക്കേണ്ട കാലമാണ്. ഈർപ്പവും വെള്ളക്കെട്ടും കൊതുകുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാർ. ഇവ മൂലം പല ചർമരോഗങ്ങളും മഴക്കാലത്ത് കൂടുതലായി കാണുന്നു.
അണുബാധ
ഫംഗസ് ബാധയ്ക്കു സഹായകമാകുന്ന ഘടകമാണ് ഈർപ്പം. മഴക്കാലത്താണ് ഇവ കൂടുതലായി ബാധിക്കുക. കാലുകൾ പലപ്പോഴും നനഞ്ഞിരിക്കുന്നതിനാൽ വിരലുകൾക്കിടയിൽ ഫംഗസ് ബാധ കൂടുതലായിരിക്കും. മഴയിൽ നനഞ്ഞ ഷൂസും സോക്സും ധരിച്ച് സ്കൂളുകളിലും ഓഫിസുകളിലും കൂടുതൽ നേരമിരിക്കുന്നതാണ് വലിയ പ്രശ്നം. സൂര്യപ്രകാശമേറ്റ് നല്ലപോലെ ഉണങ്ങാത്ത, ഈർപ്പമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ശരീരത്തിൽ, പ്രത്യേകിച്ച് തുടയിടുക്കുകളിൽ ഫംഗസ് ബാധയ്ക്കു കാരണമാവും. ഷൂസും സോക്സും ധരിച്ച് ഏറെ നേരം ഇരിക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാനം. ഈർപ്പമുള്ള വസ്ത്രങ്ങളും ഒഴിവാക്കുക. ആന്റിഫംഗൽ ക്രീമുകൾ കൊണ്ട് പ്രശ്നം ഏറെക്കുറെ പരിഹരിക്കാം. എന്നു കരുതി സ്റ്റെറോയ്ഡുകൾ ചേർന്നിട്ടുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ ഫാർമസികളിൽ നിന്നു വാങ്ങി തേച്ചാൽ ചിലപ്പോൾ പണി കിട്ടുമെന്നു ഓർക്കണം.
ബാക്ടീരിയൽ അണുബാധ
മഴക്കാലത്ത് റോഡിലൂടെ ഒഴുകി വരുന്ന വെള്ളത്തെ ശരിക്കും പേടിക്കണം. ഇതിൽ നിന്നു ബാക്ടീരിയൽ അണുബാധ ഉണ്ടാകാം. കാലുകളിലെ ചെറിയ മുറിവുകളിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കും. കാലുകളിൽ നീരും ചുവപ്പു നിറവും വേദനയും അതോടൊപ്പം വിറയലോടു കൂടിയ പനിയും സെല്ല്യൂലൈറ്റിസ് എന്ന ബാക്ടീരിയൽ അണുബാധയുടെ ലക്ഷണങ്ങളാണ്. ഉടൻ ചികിൽസ നൽകിയില്ലെങ്കിൽ ഇതു ഗുരുതരമാകാൻ സാധ്യതയുണ്ട്. കൈകാലുകളിൽ എപ്പോഴും നനവു തങ്ങി നിൽക്കുന്നതിനാൽ നഖങ്ങൾക്കു ചുറ്റും ബാക്ടീരിയൽ അണുബാധയും (പാരോനൈക്യ) ഉണ്ടാകാനിടയുണ്ട്. മലിനജലവുമായി സമ്പർക്കമുണ്ടായാൽ കൈകാലുകൾ നല്ല വെള്ളത്തിൽ കഴുകി തുടച്ചു ശുചിയാക്കണം.
വൈറസ് രോഗങ്ങൾ
മഴക്കാലത്ത് വൈറസ് രോഗങ്ങൾ പെട്ടെന്നു പകരും. പനിയോടൊപ്പം ശരീരത്തിൽ ചുവപ്പു നിറത്തിലുള്ള പാടുകളും പ്രത്യക്ഷപ്പെടും. വൈറൽ പനി മൂലം രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതു മൂലവും ഈ പാടുകൾ കണ്ടേക്കാം.
മഴക്കാലത്തെ ചർമ സംരക്ഷണത്തിന് ഓർക്കുക
- ഈർപ്പം തങ്ങി നിൽക്കുന്ന വസ്ത്രങ്ങൾ ധരിക്കേണ്ട
- നനഞ്ഞ ഷൂസും ചെരിപ്പും സോക്സും ഒഴിവാക്കുക.
- മലിനജലവുമായി സമ്പർക്കമുണ്ടാവാതെ നോക്കണം
- കാലുകളിൽ മുറിവുള്ളവർ, പ്രത്യേകിച്ചു പ്രമേഹ രോഗികൾ ചികിൽസ തേടണം.
- വീടും പരിസരവും വൃത്തിയാക്കി, കൊതുകു പെരുകാതെ നോക്കുക
- പനിയോടു കൂടി ശരീരത്തിലുണ്ടാകുന്ന പാടുകൾ അവഗണിക്കരുത്.