Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദനയുടെ കാരണം കണ്ടെത്തിയില്ലെങ്കിൽ

back-pain

അറുപതു വയസ്സിനടുത്തു പ്രായമുള്ള അന്നമ്മ കടുത്ത നടുവേദനയുമായിട്ടാണു ഡോക്ടറെ സമീപിച്ചത്. ഒന്നരവർഷമായി പലപല ചികിൽസകൾ ചെയ്തു നിരാശയോടെയാണ് അവർ ചെന്നത്. എംആർഐ സ്കാനിൽ ഡിസ്കിന്റെ പ്രശ്നമല്ല കാരണമെന്നു ബോധ്യപ്പെട്ടു. നട്ടെല്ലും ഇടുപ്പെല്ലും ചേരുന്ന സന്ധിയുടെ വീക്കമായിരുന്നു പ്രശ്നം. എക്സ്-റേയുടെ സഹായത്തോടെ കൃത്യമായി സന്ധിയിലേക്ക് മരുന്ന് കുത്തിവച്ചതോടെ വേദന ശമിച്ചു. അന്നമ്മ ഒരു ഉദാഹരണമാണ്. നടുവേദനയുടെ കൃത്യമായ കാരണം കണ്ടെത്തി ചികിൽസ തേടേണ്ടതിന്റെ ഉദാഹരണം. നട്ടെല്ലിന്റെ സന്ധികളിൽ വരുന്ന നീർക്കെട്ടും പുറംവേദനയ്ക്ക് കാരണമാകാറുണ്ട്. ലഘുവായ കുത്തിവയ്പുകളിലൂടെ വേദന ശമിപ്പിക്കാമെങ്കിലും പലരും അതു കൊണ്ടുനടക്കുന്നു. മധ്യവയസ്കരിലും വാർധക്യത്തിലുമാണ് നടുവേദന കാണപ്പെടാറുള്ളതെങ്കിലും ഇന്നു ചെറുപ്പക്കാരും, കുട്ടികളും വരെ നടുവേദന എന്ന് പരാതിപ്പെടാറുണ്ട്. ആധുനിക ജീവിതശൈലി രോഗങ്ങളുടെ ഗണത്തിലേക്ക് നടുവേദനയും മാറിക്കൊണ്ടിരിക്കുന്നു. 

കാരണങ്ങൾ 

നടുവേദന ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായി ഒതുങ്ങുന്നില്ല. കുടുംബത്തിലും സമൂഹത്തിലും അത് പ്രതിഫലിക്കും. സർക്കാർ ഓഫിസുകളിലും മറ്റു ജോലിസ്ഥലങ്ങളിലും രോഗാവധി എടുക്കുന്നവരിൽ 15% പേർക്കും കാരണം നടുവേദനയാണ്. ഇതുമൂലം കുടുംബത്തിന്റെ വരുമാനം കുറയുകയും സാമ്പത്തികാവസ്ഥ തകിടം മറിയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും നടുവേദന വർധിക്കാൻ കാരണമാകുന്നു. വ്യായാമമില്ലായ്മ, അമിതവണ്ണം, അസാധാരണ രീതിയിൽ ഇരുന്നുള്ള ജോലികൾ, ദീർഘനേരം ഇരുന്നുള്ള ജോലികൾ തുടങ്ങി ആധുനിക ജനതയുടെ പല ശീലങ്ങളും നടുവേദനയ്ക്കു കാരണമാകുന്നു. 

ഒപിയിൽ നടുവേദനയുമായി വരുന്ന രോഗികളിൽ ഭൂരിഭാഗത്തിനും ഡിസ്കിന്റെ പ്രശ്നമുണ്ട് എന്ന മറുപടിയാണ് നൽകുക. എന്നാൽ യഥാർഥത്തിൽ ഡിസ്കിന്റെ തേയ്മാനം മൂലമുണ്ടാകുന്ന നടുവേദന ഒരു ചെറിയ ശതമാനം മാത്രമേ വരൂ. 

നടുവേദനയുടെ കാരണങ്ങളെ പ്രധാനമായി രണ്ടായി തിരിക്കാം 

1. നട്ടെല്ലിന്റെയും അനുബന്ധ ഭാഗങ്ങളുടെയും പ്രശ്നങ്ങൾ. 

2. വയറിന്റെയും ഗർഭാശയ സംബന്ധമായ അസുഖങ്ങളുടേയും ഭാഗമായി വരുന്ന നടുവേദന. 

നമ്മുടെ നട്ടെല്ല് 33 കശേരുക്കൾകൊണ്ട് നിർമിതമാണ്. കാർട്ടിലേജുകളും നാരുകലകളും കൊണ്ട് നിർമിതമായ ഡിസ്കുകൾ കശേരുക്കളെ തമ്മിൽ വേർതിരിക്കുന്നു. നട്ടെല്ലിന്റെ പ്രശ്നങ്ങളോ ഡിസ്കുകളുടെ തേയ്മാനമോ നടുവേദനയ്ക്കു കാരണമാകാറുണ്ട്. 

കശേരുക്കൾക്കിടയിലുള്ള സന്ധികൾ, നട്ടെല്ലും ഇടുപ്പും ചേരുന്ന സന്ധികൾ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങൾ പുറംവേദന ഉണ്ടാക്കാറുണ്ട്. എല്ലാ നടുവേദനയ്ക്കും കാരണം ഡിസ്കിന്റെ തേയ്മാനമല്ല. കൃത്യമായ രോഗലക്ഷണങ്ങളുടെ വിലയിരുത്തലും പരിശോധനാരീതികളും കൊണ്ട് പുറംവേദനയുടെ യഥാർഥ കാരണം കണ്ടുപിടിക്കാവുന്നതാണ്. ഭൂരിഭാഗം നടുവേദനയും ഗുരുതര രോഗമല്ല. എന്നാൽ ചില നടുവേദനകൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്.

20 വയസ്സിന് താഴെയുള്ള കുട്ടികളിലും 50 വയസ്സിന് മുകളിലുള്ളവർക്കും വരുന്ന നടുവേദന പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. മുൻപ് കാൻസർ പോലുള്ള വ്യാധികൾ ബാധിച്ചവരിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും നടുവേദന ശ്രദ്ധിക്കേണ്ടതാണ്. അകാരണമായ ഭാരക്കുറവ്, മൂത്രം അറിയാതെ പോകുന്ന അവസ്ഥ, രഹസ്യഭാഗങ്ങളിലെ മരവിപ്പ്, കൈകാലുകളുടെ തളർച്ച എന്നിവ നടുവേദനയോടൊപ്പം അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധനകൾക്ക് വിധേയമാവേണ്ടതുണ്ട്. രാത്രി മാത്രം വരുന്ന നടുവേദന, അപകടങ്ങളെ തുടർന്നുള്ള നടുവേദന, തുടർച്ചയായി നിലനിൽക്കുന്ന വേദന എന്നിവയും പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. 

ചികിൽസാ രീതികൾ 

ഭൂരിഭാഗം നടുവേദനയും ലളിതമായ ചികിൽസകൊണ്ട് മാറാവുന്നതേയുള്ളു. രണ്ടോ മൂന്നോ ദിവസത്തെ ബെഡ് റെസ്റ്റ്, ലളിതമായ വേദനസംഹാരികൾ, ഫിസിയോതെറപ്പി എന്നിവ ആവശ്യമായി വന്നേക്കാം. ചികിൽസാരീതികൾ നിശ്ചയിക്കുന്നതിന് മുൻപ് വിശദമായ രോഗലക്ഷണങ്ങളുടെ അവലോകനം അത്യാവശ്യമാണ്.

പ്രതിരോധ നടപടികൾ 

കൃത്യമായ വ്യായാമം, ശരിയായ രീതിയിലുള്ള ഇരിപ്പ്, കിടപ്പ്, അമിതവണ്ണം കുറയ്ക്കൽ എന്നിവ ഒരു പരിധിവരെ നടുവേദന ഒഴിവാക്കാൻ സഹായിക്കുന്നു. വലിയഭാരം ഉയർത്തുന്നതുപോലെ മുതുകിന് ആയാസം കൊടുക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണം. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ നടുവേദനയ്ക്ക് ശസ്ത്രക്രിയ ഒരു പരിഹാരമായി വരികയുള്ളൂ. ശസ്ത്രക്രിയ ആവശ്യമായ സമയങ്ങളിൽ അത് ചെയ്യാതിരിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തുന്നതാണ്. സംഭവം വെറും പുറംവേദനയാണെങ്കിലും സ്വയം ചികിൽസയും അശാസ്ത്രീയമായ ചികിൽസാരീതികളും നല്ലതല്ല. 

ഭൂരിഭാഗം നടുവേദനയും ഗുരുതര രോഗമല്ല. ലളിതമായ ചികിൽസകൊണ്ട് അവ പരിഹരിക്കാം. എന്നാൽ ചില നടുവേദനകൾ നാം ശ്രദ്ധിക്കേണ്ടതായുണ്ട്. 20 വയസ്സിനു താഴെയുള്ള കുട്ടികളിലും 50 വയസ്സിനു മുകളിലുള്ളവർക്കും വരുന്ന നടുവേദന പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. 

വിവരങ്ങൾക്ക് കടപ്പാട്: ടി.കെ. ജയരാജൻ, സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജൻ, എറണാകുളം മെഡിക്കൽ സെന്റർ