Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനായിരുന്നു ബോധംകെടുത്താതെയുള്ള ആ ശസ്ത്രക്രിയ; ഡോക്ടർ പറയുന്നു

doctor ഡോ. സാഖിബ് ആസാദ് സിദ്ദിഖി

തലച്ചോറിൽ കത്തിയോടിക്കുന്നതു ചങ്കിടിക്കാതെ സ്ക്രീനിൽ നോക്കി കിടക്കുക. ബോധം കെടുത്താതെയുള്ള, തലച്ചോർ മുഴ നീക്കൽ ശസ്ത്രക്രിയ ഇരട്ടച്ചങ്കുളള രോഗികൾക്കു പറഞ്ഞിട്ടുള്ളതാണ്. പിന്നെ രോഗിയെ കുറിച്ച് അതീവ കരുതലുള്ള ഡോക്ടർക്കും. ബിഹാർ മുസഫർപുരിൽ ബിരുദ വിദ്യാർഥി രോഹിത് കുമാറിന്റെ (21) തലച്ചോറിലെ മുഴ ഇങ്ങനെ നീക്കിയ പട്ന എയിംസ് ആശുപത്രി ന്യൂറോ സർജൻ  ഡോ. സാഖിബ് ആസാദ് സിദ്ദിഖിയോടു സംസാരിക്കാം.

ബോധം നിലനിർത്തുന്നതെന്തിന്? 

ഡോ. സാഖിബ് പറയുന്നു: ‘‘ മുറിച്ചു നീക്കുന്നതു മുഴയുടെ ഭാഗമാണെന്ന് ഉറപ്പുവരുത്താൻ ബോധം നിലനിർത്തുന്നതാണ് ഏറ്റവും നല്ല മാർഗം. തലച്ചോർ കോശങ്ങളും മുഴ കോശങ്ങളും ഒരേപോലെയിരിക്കും.  മുഴയിൽ നിന്നു തലച്ചോർ കോശത്തിലേക്കു കത്തി കയറിയാൽ അവയങ്ങളുടെ ചലന ശേഷിയും ഓർമയും ചിന്താശേഷിയുമൊക്കെ നഷ്ടമാകാം. പ്രത്യേകിച്ച് തലച്ചോറിന്റെ ഇടതുവശത്തുള്ള ശസ്ത്രക്രിയകളിൽ ഇതു കൂടുതൽ ശ്രദ്ധിക്കണം. രോഹിത് കുമാറിനു തലച്ചോറിന്റെ ഇടതുവശത്തായിരുന്നു മുഴ. നാലു മണിക്കൂർ ശസ്ത്രക്രിയക്കിടെ രോഹിതിനോടു ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ കൈകാലുകൾ ചലിപ്പിക്കാനും ആവശ്യപ്പെട്ടു. അതനുസരിച്ച്, കൃത്യമായ ഭാഗത്താണു ശസ്ത്രക്രിയ എന്ന് ഉറപ്പിച്ചു.’’

വേദന ഇല്ല

ബോധം കെടുത്തുന്നില്ലെങ്കിലും രോഗിക്കു ചെറുവേദന പോലും ഉണ്ടാകില്ലെന്നു ഡോക്ടർ. തലയോട്ടി ചർമത്തിനു മാത്രമാണു വേദന അറിയാനുള്ള ശേഷി. തലയോട്ടിയിലും തലച്ചോറിലും വേദനയുണ്ടാകില്ല. തലയോട്ടി ചർമത്തിൽ നിന്നു തലച്ചോറിലേക്കുള്ള എട്ടു നാഡികൾ മരവിപ്പിച്ചാൽ പിന്നെ വേദന ഇല്ലേ ഇല്ല. അമർത്തുന്നതു പോലെ ചെറിയ തോന്നൽ മാത്രം അനുഭവപ്പെടും. ശസ്ത്രക്രിയക്കു മുൻപു രണ്ടു ദിവസം ഓരോ ഘട്ടത്തെ കുറിച്ചും രോഗിയെ ബോധ്യപ്പെടുത്തും. വേദനയുണ്ടാകുമെന്ന ഭയം മറികടന്നാലും കീറിമുറിക്കുകയാണല്ലോ എന്ന ആഘാതം സാധാരണ രോഗികൾക്കു താങ്ങാനാകില്ല. പക്ഷേ, രോഹിത് സധൈര്യം അത് ഏറ്റെടുത്തു. ഇപ്പോൾ അതിവേഗം സുഖം പ്രാപിക്കുകയാണ്.  ‍ഡോ.അജിത് കുമാർ, ഡോ.പൂനം കുമാരി എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. 

ഡോക്ടറുടെ മലയാളം പേടി

രോഹിത് ശസ്ത്രക്രിയയെ പേടിച്ചില്ല. പക്ഷേ ഡോ. സാഖിബ് നമ്മുടെ മലയാളത്തെ പണ്ടു ശരിക്കു പേടിച്ചതാണ്. എംബിബിഎസിന് ’98ൽ ആദ്യം പ്രവേശനം കിട്ടിയതു തിരുവനന്തപുരം മെഡിക്കൽ കോളജിൽ. മലയാളം കടുകട്ടിയാണെന്ന്, ഉത്തരേന്ത്യക്കാരായ മുതിർന്ന വിദ്യാർഥികൾ പറഞ്ഞു വിരട്ടി. നാലുകൊല്ലം തിരുവനന്തപുരത്തു പഠിച്ചിട്ടും മലയാളം പിടിതന്നില്ലെന്നായി ഒരു സീനിയർ. മറ്റു പലരും ‘അനുഭവ സാക്ഷ്യ’ങ്ങളുമായി മുന്നോട്ടു വന്നതോടെ കെട്ടുകെട്ടി; അടുത്ത കൗൺസിലിങ്ങിൽ കൊൽക്കത്ത മെഡിക്കൽ കോളജിലേക്ക്. ‘15 ദിവസമേ തിരുവനന്തപുരത്തു നിന്നുള്ളു’ എന്നു പറയുമ്പോൾ ഡോക്ടർക്കു ചിരി.

related stories