സെറിബ്രൽ പാൾസി ബാധിച്ച ആരാധകന് ദുൽഖറിന്റെ സമ്മാനം

സെറിബ്രൽ പാൾസി രോഗബാധിതനായ ആരാധകന് ഇലക്ട്രിക്ക് വീല്‍ചെയര്‍ സമ്മാനിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തൃപ്പൂണിത്തുറ ഗവ. കോളജ്  വിദ്യാർഥി എം പ്രവീണിനെക്കുറിച്ച് മലയാള മനോരമയില്‍ വന്ന വാര്‍ത്ത വായിച്ചാണ് ദുല്‍ഖര്‍ എത്തിയത്.

അഞ്ജലി മേനോന്റെ ബാംഗ്ലൂർ ‍‍ഡെയ്‌സിൽ മലയാളികള്‍ നെഞ്ചിലേറ്റിയതാണ് അര്‍ജുന്റേയും സേറയുേടയും പ്രണയം. ഈ കഥയില്‍ വീല്‍ചെയറിനുള്ള പങ്ക് ഒട്ടും ചെറുതല്ല. ചിത്രം ഇറങ്ങി നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അതുപോലൊരു വീല്‍ചെയറാണ് ദുൽഖർ തന്റെ ആരാധകനു നൽകിയത്. 

ദുൽഖർ അഭിനയിച്ച സിനിമകളിൽ, ചാര്‍ളിയാണ് പ്രവീണിന്റെ പ്രിയപ്പെട്ട കഥാപാത്രം. അതുപോലെ സ്വതന്ത്രമായി ലോകം ചുറ്റാന്‍ ആഗ്രഹവുമുണ്ട്. ഇഷ്ടതാരത്തെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവീണ്‍. മുംബൈയിലെ ഷൂട്ടിങ്ങിന്റെ ഇടവേളയിലാണു ദുല്‍ഖര്‍  കൊച്ചിയിൽ എത്തി പ്രവീണിനു വീൽച്ചെയർ സമ്മാനിച്ചത്.