മധ്യവയസ്സിലുണ്ടാകുന്ന അമിതടെൻഷനും സ്ട്രെസ്സും ഓർമക്കുറവിനും തലച്ചോറിന്റെ വലുപ്പക്കുറവിനും കാരണമായേക്കാമെന്നു പഠനം. സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് മധ്യവയസ്സിൽ കൂടുതലുള്ളവർക്ക് മേർപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ പഠനം.
കോർട്ടിസോളിന്റെ അളവ് ശരീരത്തില്‍ കൂടുന്നതു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ഹാർവഡ് സർവകലാശാലയിൽ നടത്തിയ ഈ പഠനം പറയുന്നു. ഓർമക്കുറവും തലച്ചോറിന്റെ വലുപ്പവ്യത്യാസവുമാണ് കോർട്ടിസോൾ അളവ് കൂടുതലുള്ള മധ്യവയസ്കരായ ആളുകളിൽ നടത്തിയ പഠനത്തിൽ പ്രധാനമായി കണ്ടത്.
നാൽപതിനും അൻപതിനും ഇടയിൽ പ്രായമുള്ള 2,000 പേരിൽ നടത്തിയ എംആർഐ പഠനത്തിലാണ് ഇത് സ്ഥിരീകരിച്ചത്. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയാണ് ഈ മാറ്റത്തിന്റെ പ്രധാനകാരണമായി ടെക്സാസ് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് . പരിശോധനയിൽ പങ്കെടുത്ത ഒട്ടുമിക്ക ആളുകളിലും കോർട്ടിസോൾ അളവ് കൂടുതലായിരുന്നു. ആവശ്യത്തിന് ഉറക്കം, ശരിയായ വ്യായാമം എന്നിവയാണ് സ്‌ട്രെസ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളെന്നും ഗവേഷകർ ഓർമിപ്പിക്കുന്നു.