മയക്കുമരുന്നും മറ്റുലഹരിവസ്തുക്കളും കാര്‍ന്നുതിന്നുന്ന ജീവിതങ്ങള്‍ക്ക് തണലേകുന്ന ലഹരിമോചന കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. സംസ്ഥാന ലഹരി വര്‍ജ്ജനമിഷന്‍ 'വിമുക്തി'-യുടെ ഭാഗമായ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ആദ്യത്തേത് കൊല്ലം ജില്ലയിലെ പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും.
ലഹരിവര്‍ജ്ജനത്തിലൂടെ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപം നല്‍കിയ വിമുക്തി മിഷന്റെ ഭാഗമായാണ് ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുന്നത്. ലഹരിക്കടിമപ്പെട്ടവരെ ചികിത്സിച്ച് ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരികയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലെയും ഓരോ സര്‍ക്കാര്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ലഹരിമോചനകേന്ദ്രങ്ങള്‍ ലഹരിമുക്തകേരളത്തിലേക്കുള്ള പ്രയാണത്തിലെ പ്രധാന ചുവടുവെപ്പുകളിലൊന്നാണ്. മയക്കുമരുന്നുകള്‍ക്കും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് വിപുലമായ സൗകര്യങ്ങളോടെ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, മൂന്ന് വീതം സ്റ്റാഫ് നഴ്‌സുമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയവരും മറ്റു ജീവനക്കാരും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ഉണ്ടാകും.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റില്‍ ആരംഭിക്കുന്ന ഡീ അഡിക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നവംബര്‍ ഏഴിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. മറ്റുജില്ലകളില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്ന ആശുപത്രികള്‍: റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (പത്തനംതിട്ട), ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി (ആലപ്പുഴ), പാല ജനറല്‍ ഹോസ്പിറ്റല്‍ (കോട്ടയം), പൈാനവ് ജില്ലാ ആശുപത്രി (ഇടുക്കി), മൂവാറ്റുപുഴ താലൂക്ക് ആശുപത്രി (എറണാകുളം), ചാലക്കുടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി(തൃശൂര്‍), കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍(പാലക്കാട്), നിലമ്പൂര്‍ ജില്ലാ ആശുപത്രി (മലപ്പുറം), ബീച്ച് ആശുപത്രി(കോഴിക്കോട്), കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍(വയനാട്) പയ്യന്നൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി(കണ്ണൂര്‍), നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി(കാസര്‍കോട്).
കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മദ്യവും മയക്കുമരുന്നുകളും മറ്റ് ലഹരിപദാര്‍ഥങ്ങളും പുകയില ഉല്‍ന്നങ്ങളും ഉള്‍പ്പെടെ ലഹരി നല്‍കുന്ന ഏത് വസ്തുവും തേടിപ്പോകുന്ന അവസ്ഥയിലേക്ക് യുവാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സമൂഹത്തിലെ നല്ലൊരുവിഭാഗം വഴുതിവീണുകൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗം വന്‍വിപത്തായി മാറിയിരിക്കുന്നു. സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ വലിയ പ്രത്യാഘാതങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.
ലഹരിപദാര്‍ഥങ്ങള്‍ക്കടിമപ്പെട്ട് ആരോഗ്യം ക്ഷയിച്ചും മനോനില തകര്‍ന്നും ജീവിക്കുന്ന എത്രയോ പേര്‍ നമുക്കു ചുറ്റിലുമുണ്ട്. മരണത്തിലേക്ക് തള്ളപ്പെട്ടവരും ഏറെയാണ്. ലഹരിഉപയോഗം വ്യക്തികളെ നശിപ്പിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങളെയും പാടേ തകര്‍ത്തുകളയുന്നു. മയക്കുമരുന്നുകളും ലഹരിവസ്തുക്കളും അവ ഉപയോഗിക്കുന്നവരെ വിഭ്രാന്തി, ഭീതി, ആകുലത, മിഥ്യാബോധം, കുറ്റവാസന തുടങ്ങിയവയിലേക്ക് തള്ളിനീക്കുന്നു. കൗമാരക്കാരും യുവാക്കളും വലിയതോതില്‍ മയക്കുമരുന്നുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. വെറും കൗതുകത്തിന് ഉപയോഗിച്ചു തുടങ്ങി താമസിയാതെ ലഹരിക്ക് അടിമകളായാവരും ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ ലഹരിവസ്തുക്കളില്‍ അഭയം തേടിയവരുമൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്.
മയക്കുമരുന്നിനും മറ്റും അടിമപ്പെട്ടവര്‍ക്ക് ഒരു ഘട്ടം കഴിഞ്ഞാല്‍ അതില്‍ നിന്ന് മോചിതരാകാന്‍ കഴിയാതെ വരുന്നു. ഇത്തരം ഘട്ടങ്ങളില്‍ ശകാരത്തിനും ശാപവാക്കുകള്‍ക്കും പകരം അവര്‍ക്ക് പരിചരണവും കരുതലും നല്‍കുകയാണ് വേണ്ടത്. ലഹരിയുടെ വഴികളിലേക്ക് വഴുതിപ്പോകാനിടയുള്ളവരോടും നമുക്ക് ഇതേ കരുതലും പരിചരണ മനോഭാവവും ഉണ്ടാകണം. ലഹരിഉപയോഗത്തിന്റെ മാരകഫലങ്ങളെക്കുറിച്ച് അവരെ ബോധവാൻമാരാക്കുകയും ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും വേണം. തള്ളിപ്പറയുകയല്ല, മതിയായ ശ്രദ്ധയും പരിചരണവും നല്‍കലാണ് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള വഴി. ലഹരിക്കടിമകളായി ശാരീരികവും മാനസികവുമായ ആരോഗ്യം ക്ഷയിച്ച് ജീവഛവങ്ങളായി കഴിയുന്നവരെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരികയെന്ന വലിയ ഉത്തരവാദിത്വമാണ് വിമുക്തി മിഷനിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. അതോടൊപ്പം വിപുലമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്കും വിമുക്തി മിഷന്‍ നേതൃത്വം നല്‍കുന്നു.
വിമുക്തി മിഷന്‍ നേതൃത്വത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കുന്ന കൗണ്‍സലിങ് സെന്ററുകളില്‍ ഫോണ്‍ മുഖേനയും നേരിട്ടും കൗണ്‍സലിങ് സൗകര്യം ലഭിക്കും. കൗണ്‍സലിങ് സേവനം ലഭിക്കുന്ന ഫോണ്‍ നമ്പറുകള്‍:
ടോള്‍ ഫ്രീ നമ്പര്‍: 14405.
തിരുവനന്തപുരം: 94000 22 100, 94000 33 100
എറണാകുളം : 9188 520 198, 9188 520 199
കോഴിക്കോട് : 9188 46 8494, 9188 45 8494
ലഹരി വര്‍ജ്ജനത്തിലൂടെ ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 'ജീവിതമാകട്ടെ ലഹരി'-എന്ന സന്ദേശം സമൂഹത്തില്‍ ഉയരണം. മയക്കുമരുന്നുകളുടെയും മറ്റും മാരകഫലങ്ങളെക്കുറിച്ച് വിപുലമായ ബോധവത്കരണം അനിവാര്യമാണ്. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതോടൊപ്പം സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും വേണം. ലഹരിപദാര്‍ഥങ്ങള്‍ വര്‍ജ്ജിക്കുക എന്ന സന്ദേശം നാടെങ്ങും ശക്തമായി ഉയര്‍ത്തണം.
വിമുക്തി മിഷന്റെ പ്രവര്‍ത്തനം ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ്, കുടുംബശ്രീ, സ്‌കൂള്‍-കോളജ് ലഹരിവിരുദ്ധക്ലബ്ബുകള്‍, അധ്യാപക-രക്ഷാകര്‍തൃസമിതികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, മദ്യവര്‍ജ്ജന സമിതികള്‍, സന്നദ്ധസംഘടനകള്‍, വിദ്യാര്‍ഥി-യുവജന-മഹിളാസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള പിന്തുണയോടെ ലഹരിവിരുദ്ധബോധവത്കരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബോധവത്കരണത്തിനൊപ്പം എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ മുമ്പൊന്നുമില്ലാത്തവിധം ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ലഹരിമാഫിയയെ വേരോടെ പിഴുതെറിയുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ലഹരിവര്‍ജ്ജനത്തിലൂടെ ലഹരിമുക്ത കേരളം സൃഷ്ടിക്കാനുള്ള മുന്നേറ്റത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് സര്‍ക്കാരിനുറപ്പുണ്ട്.