Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദന; നട്ടെല്ലിലെ അണുബാധാ ലക്ഷണമാകാം

Cheer up, back pain can be cured!

റിട്ടയർ ചെയ്തിട്ട് അധികനാളായില്ല. അപ്പോഴാണ് അദ്ദേഹത്തിന് മൂത്രത്തിൽ പഴുപ്പും തുടർന്ന് പനിയും പിടിപെട്ടത്. ചെറിയതോതിൽ പ്രമേഹവും ഉണ്ട്. ഒരാഴ്ച കഴിഞ്ഞപ്പോൾ കലശലായ നടുവേദനയും തുടങ്ങി. നടുവേദന കുറയാതെ വന്നപ്പോൾ ഡോക്ടറെ സമീപിച്ചു. എക്സ്-റേ കഴിഞ്ഞപ്പോൾ എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. സ്കാൻ കഴിഞ്ഞപ്പോൾ ഒരു സംശയം, അതിനെതുടർന്ന് കുത്തിയെടുത്ത് പരിശോധന (ബയോപ്സി) നടത്തി. ഫലം വന്നപ്പോൾ അർബുദമാണോ എന്ന് സംശയം. തുടർന്ന് കീമോയും റേഡിയേഷനും തുടങ്ങി.  നടുവേദന കൂടി കൂടി  നടക്കാൻ വയ്യാത്ത അവസ്ഥയായി. മറ്റൊരു ഡോക്ടറെ സമീപിച്ച് വീണ്ടും എംആർഐ സ്കാൻ ചെയ്തപ്പോൾ നട്ടെല്ലിലും ഡിസ്കുകളിലും പഴുപ്പ് ബാധിച്ചിരിക്കുന്നതായി കണ്ടെത്തി. അതിനുള്ള ഓപ്പറേഷനും ചികിത്സയും നടത്തി പൂർണമായി ഭേദമാവുകയും ചെയ്തു. മൂത്രത്തിൽ പഴുപ്പ് ഉണ്ടാക്കിയ ബാക്ടീരിയ തന്നെയാണ് നട്ടെല്ലിലും പഴുപ്പ് ഉണ്ടാക്കിയതെന്ന് തെളിയുകയും ചെയ്തു. റേഡിയേഷൻ കീമോതെറപ്പി  എന്നിവയുടെ അവശതയിൽ നിന്ന് ആരോഗ്യം വീണ്ടെടുക്കാൻ പിന്നെയും കൂടുതൽ സമയം വേണ്ടിവന്നു.

നട്ടെല്ലിലും ഡിസ്കുകളിൽ ബാക്ടീരിയ മൂലം പഴുപ്പ് ബാധിക്കുന്ന  സ്പോണ്ടിലോഡിസൈറ്റിസ് എന്ന അസുഖം നമ്മുടെ സമൂഹത്തിൽ കൂടിവരികയാണ്. നട്ടെല്ലിനുണ്ടാകുന്ന അണുബാധയെ കുറിച്ചുള്ള അറിവ്  പൊതുവെ കുറവായതാണ് ഈ രോഗം വർധിക്കാൻ കാരണം. പ്രമേഹമുള്ളവർ‍,  വൃക്ക തകരാറിലായി ഡയാലിസിസ് ചെയ്യുന്നവർ, കീമോതെറപ്പി എടുക്കുന്നവർ, മറ്റ് അസുഖങ്ങളാൽ രോഗപ്രതിരോധശക്തി കുറഞ്ഞവർ, വാതരോഗികൾ, പ്രായമേറെ ഉള്ളവർ എന്നിവരിലാണ് അണുബാധയ്ക്ക് സാധ്യത കൂടുതൽ കണ്ടുവരുന്നത്.

ശക്തമായ പനിയോടു കൂടിയ നടുവേദന, പനി മാറിയതിനു ശേഷം കുറച്ചുദിവസങ്ങൾക്കകം വരുന്ന കലശലായ നടുവേദന, വിട്ടുമാറാത്ത നടുവേദന, സദാസമയവും കൂടിക്കൂടി വരുന്ന നടുവേദന എന്നിവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ. കൂടാതെ വിശപ്പില്ലായ്മ, ശരീരത്തിന് ഭാരം കുറയുക, കൈകാലുകൾക്ക് തരിപ്പ്, മരവിപ്പ്, ബലഹീനത എന്നിവയും ഉണ്ടാവാം. 

നട്ടെല്ലിൽ പ്രാഥമികമായി അണുബാധ ഉണ്ടാകാറില്ല. ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയിലെ ബാക്ടീരിയ നട്ടെല്ലിലേക്ക് പടർന്നാണ് നട്ടെല്ലിൽ പഴുപ്പ് ഉണ്ടാക്കുന്നത്. ഇത്തരം ബാക്ടീരിയകൾ ഡിസ്കിനേയും അതിനു ചുറ്റുമുള്ള കശേരുക്കളേയും ദ്രവിപ്പിക്കുകയും തുടർന്ന് പഴുപ്പ്  സുഷുമ്നാ നാഡിയിലേക്ക്  പടരുകയും  ചെയ്യും. അങ്ങനെ വന്നാൽ കൈകളിലേക്കും കാലുകളിലേക്കും പോകുന്ന ഞരമ്പുകൾക്ക് ബലഹീനതയും സംഭവിക്കാം. കൂടാതെ മൂത്രതടസ്സം, മലബന്ധം എന്നിവയും വരാം. നട്ടെല്ലിലെ കശേരുക്കൾക്ക്  ദ്രവിപ്പും ബലഹീനതയും ഉണ്ടാകുന്നതിനാൽ അതികഠിനമായ നടുവേദനയും  ഉണ്ടാകും.

ലേക്‌ഷോർ ആശുപത്രിയിൽ കഴിഞ്ഞ രണ്ടുവർഷം നടത്തിയ പഠനത്തിൽ ഇത്തരത്തിൽ നട്ടെല്ലിൽ പഴുപ്പ് ഉണ്ടാക്കുന്ന ബാക്ടീരിയകൾ ഏറ്റവും കൂടുതൽ മൂത്രാശയത്തിലെ അണുബാധയെ തുടർന്നാണ് വന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമേഹം,  വൃക്ക, കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരക്കാർക്ക് വരുന്ന പനിയോടു കൂടിയ നടുവേദന സംശയദൃഷ്ടിയോടെ കാണേണ്ടിയിരിക്കുന്നു. 

രക്തത്തിലെ ഇഎസ്ആർ, സിആർപി തുടങ്ങിയ പരിശോധനകളും പഴുപ്പ് കൾച്ചർ ചെയ്യുന്ന പരിശോധനയും എംആർഐ സ്കാൻ എന്നിവയുടെ സഹായത്താൽ രോഗനിർണയം സാധ്യമാകും.

അസുഖത്തിന്റെ തുടക്ക അവസ്ഥയിലാണെങ്കിൽ പഴുപ്പ്‌ കുത്തിയെടുത്ത് കൾച്ചർ ചെയ്ത് ബാക്ടീരിയ ഏതാണെന്ന് കണ്ടുപിടിച്ച് ചികിൽസിക്കാം. ആന്റിബയോട്ടിക് ആറ് മുതൽ എട്ട് ആഴ്ച കൊടുക്കേണ്ടിവരും. കശേരുക്കൾക്ക് ബലഹീനതയും ദ്രവിപ്പും ബാധിച്ച അവസ്ഥയിലാണെങ്കിൽ ശസ്ത്രക്രിയയിലൂടെ പഴുപ്പ് നീക്കം ചെയ്യേണ്ടി വരും. തുടക്കത്തിലേ രോഗനിർണയം സാധ്യമായാൽ സങ്കീർണമായ ശസ്ത്രക്രിയകൾ ഒഴിവാക്കാനും സാധിക്കും.

മുൻകാലങ്ങളിൽ ക്ഷയരോഗം സാധാരണയായി നട്ടെല്ലിനെ ബാധിച്ചിരുന്നു,  എന്നാൽ ഇപ്പോൾ കേരളത്തിൽ ആരോഗ്യ നിലവാരം കൂടിയതിനാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്ഷയരോഗം കുറഞ്ഞിട്ടുണ്ട്. മറ്റ് ബാക്ടീരിയകളാണ് ഇപ്പോൾ കൂടുതലായും കണ്ടുവരുന്നത്. ചുരുക്കം ചില കേസുകളിൽ ഫംഗസ് അണുബാധയും വില്ലനായി കാണാറുണ്ട്.

ഡോ.ആർ.കൃഷ്ണകുമാർ
സീനിയർ കൺസൽറ്റന്റ്, 
വിപിഎസ് ലേക്‌ഷോർ