ടൈപ്പ് 2 പ്രമേഹം കൂടുതലായും പാരമ്പര്യമായി വന്നുചേരാറുണ്ട് . അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾക്കു വരാനുള്ള സാധ്യത 80 മുതൽ 90 ശതമാനം വരെയാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും കൂടിയുണ്ടെങ്കിൽ ആ കുടുംബത്തിലെ ഭൂരിഭാഗം പേർക്കും പ്രമേഹം വരാം.
ഇതൊരു ജനിറ്റിക് ഡിസീസ് ആണെങ്കിലും ഗവേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും മനസ്സിലായിട്ടുള്ളത് ഒരു പാരമ്പര്യ സാധ്യത ഉണ്ടെങ്കിൽ പ്രമേഹം പ്രാരംഭാവസ്ഥയിലേ തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കുമെന്നതാണ്. കൂടിയ രക്തസമ്മർദവും രക്തത്തിലെ കൊഴുപ്പും പ്രമേഹം വരുത്തിവയ്ക്കുന്ന ഘടകങ്ങളാണ്. പുകവലിക്കുന്നവരിൽ പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
രക്തസമ്മർദത്തിനു കഴിക്കുന്ന ബീറ്റാബ്ലോക്കർ പോലുള്ള മരുന്നുകൾ, തൊലിപ്പുറത്തുള്ള രോഗങ്ങൾക്കും അർബുദ ചികിത്സയ്ക്കുമൊക്കെ ഉപയോഗിക്കുന്ന ചില സ്റ്റിറോയ്ഡ് മരുന്നുകളുമൊക്കെ പ്രമേഹത്തിലേക്കു നയിക്കാം.
പാരമ്പര്യമായി പ്രമേഹ സാധ്യത ഉണ്ടെങ്കിൽ ഇത്തരത്തിൽ പ്രമേഹം കൊണ്ടെത്തിക്കാൻ സാധ്യതയുള്ള ഔഷധങ്ങൾ ഒഴിവാക്കുന്നതാകും നന്ന്.
അതുപോലെ പ്രധാനമാണ് രക്തസമ്മർദവും പ്രമേഹവും. ഇവ ഇരട്ടപെറ്റ കുഞ്ഞുങ്ങളെപ്പോലെയാണ്. നന്നായിട്ട് പ്രമേഹം ചികിത്സിച്ചില്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ രക്തസമ്മർദം വരാം. രക്തസമ്മര്‍ദം നന്നായി ചികിത്സിച്ചില്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ പ്രമേഹം വരാം. ഇവ രണ്ടും വളരെ യോജിച്ചു പോകുന്ന ശത്രുക്കളാണ്. ഇതു രണ്ടും കാരണമാണ് പിന്നീട് വൃക്കയിലെ രോഗവും ഹൃദ്രോഗവും പിടിപെടുന്നത്.
രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ കൃത്യമായി ചികിത്സിക്കാൻ കഴിഞ്ഞാൽ പ്രതിരോധം 95 ശതമാവും വിജയത്തിലെത്താം. പ്രാരംഭത്തിലേ തുടങ്ങണമെന്നു മാത്രം. ഡയബറ്റിസ് വരുമ്പോൾ ബഹുഭൂരിപക്ഷം രോഗികളും ഇത് പഞ്ചസാരയുടെ രോഗമാണെന്നു തെറ്റിദ്ധരിച്ച് അതിനുള്ള മരുന്നു മാത്രം കഴിക്കും. ഇവിടെയാണ് നഷ്ടം മുഴുവൻ സംഭവിക്കുന്നത്. ഒന്നിലധികം മരുന്നുകൾ ഒരുമിച്ച് ഉപയോഗിക്കേണ്ടതായി വരും. ഒരു രോഗിക്ക് പ്രമേഹം എത്ര പ്രാരംഭാവസ്ഥയിലാണ്, മറ്റു ഗുരുതര രോഗങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിൽക്കൂടിയും പല ഔഷധങ്ങൾ ഒരുമിച്ച് ഉപയോഗിക്കേണ്ടതായി വരും. നാലു ഗുളിക ഒറ്റ ഡോസാക്കി കിട്ടുമ്പോൾ ചേരുവകൾ കൂടിയും കുറഞ്ഞുമിരിക്കാം. ഇത് ചിലപ്പോൾ ഉഗദ്ദേശിച്ച ഫലം നൽകിയില്ലെന്നും വരാം. അതുകൊണ്ട് മരുന്നുകളുടെ എണ്ണത്തിലല്ല, അതിന്റെ ഡോസിലും ഗുണമേൻമയിലുമാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.