Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരം കൂടുതൽ കഴിച്ച് മരുന്ന് ഡോസ് കൂട്ടുന്നവർ അറിയാൻ

പ്രമേഹരോഗികളിൽ സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. പ്രമേഹം നിസ്സാരമെന്നു തോന്നുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ഒരിക്കലും സ്വയംചികിത്സയ്ക്കു മുതിരില്ല. 

പ്രമേഹം അർബുദത്തിനു തുല്യമാണ്. കാൻസർ എന്നു കേട്ടു കഴിഞ്ഞാൽ എല്ലാവർക്കും പേടിയാണ്. കാരണം കാൻസർ ശരീരം മുഴുവൻ വ്യാപിക്കും എന്നതുതന്നെ. ഇത് ശരീരം മുഴുവൻ വ്യാപിക്കുന്നത് ആഴ്ചകൾ കൊണ്ടോ രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ടോ ആയിരിക്കും. 

പ്രമേഹവും ഇതുപോലെതന്നെ ശരീരം മുഴുവൻ വ്യാപിക്കും. പക്ഷേ ഇത് മാസങ്ങളും വർഷങ്ങളും എടുത്തായിരിക്കുമെന്നേ ഉള്ളു. അതുകൊണ്ട് സ്വയംചികിത്സ ഒരിക്കലും പാടില്ല. നിസ്സാരമെന്നു തോന്നുമെങ്കിലും വളരെ സങ്കീർണമായ ഒരു രോഗമാണ് പ്രമേഹം. ലബോറട്ടറി പരിശോധനകളിൽ ഒരുപാട് കാര്യങ്ങൾ തിട്ടപ്പെടുത്തി, രോഗിയുടെ സ്വഭാവവും കുടുംബചരിത്രവുമൊക്കെ പരിശോധിച്ചിട്ടാണ് ഓരോരരുത്തർക്കും അനുയോജ്യമായ മരുന്നുകൾ തീരുമാനിക്കുന്നത്. മറ്റു രോഗങ്ങൾക്കൊപ്പം ചികിത്സിക്കാവുന്ന ഒന്നല്ല പ്രമേഹം. പ്രമേഹത്തിനു മാത്രമുള്ള ചികിത്സ ഗൗരവത്തോടെതന്നെ സ്വീകരിക്കണം.

 അൽപ്പം മധുരം കൂടുതൽ കഴിച്ചാൽ മരുന്നിന്റെ അളവ് കൂട്ടുകയും ഇഞ്ചക്‌ഷൻ ഡോസ് കൂട്ടിയെടുക്കുകയുമൊക്കെ ചെയ്യുന്നവരുണ്ട്. ഇത് ശരിയോ തെറ്റോ എന്നു ചോദിച്ചാൽ ഇത് പൂർണമായും ശരിയുമല്ല പൂർണമായും തെറ്റുമല്ല. രോഗികൾക്ക് മധുരം കഴിക്കേണ്ട സാഹചര്യം ഉണ്ടായാൽ ശേഷം കഴിക്കേണ്ട മരുന്നുകളും ഇഞ്ചക്‌ഷനുകളും കൊടുത്തിട്ടുണ്ട്. ഡോസ് കൂട്ടി ഇഞ്ചക്ഷൻ എടുക്കുന്നത് കൃത്യമായി അറിയാമെങ്കിൽ പ്രശ്നമില്ല. പക്ഷേ ഇത് ഡോക്ടറോടോ ഡയബറ്റോളജിസ്റ്റിനോടോ ചോദിക്കാതെ സ്വയം ഗുളിക അധികം കഴിക്കുകയോ ഇഞ്ചക്‌ഷൻ ഡോസ് കൂട്ടുകയോ ചെയ്യുന്നത് അപകടമാണ്. 

പ്രമേഹരോഗ ചികിത്സയിൽ ഏറ്റവും പഴക്കമുള്ള മരുന്ന് ഇൻസുലിൻ ആണ്. ഇപ്പോൾ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും കണ്ടുപിടിക്കുന്നതിനും 40 വർഷം മുൻപ് 1922–ൽ കണ്ടുപിടിച്ചതാണ് ഇൻസുലിൻ. ഇതുതന്നെയാണ് പ്രമേഹം ചികിത്സിക്കാൻ ഏറ്റവും ഉത്തമം. പക്ഷേ ടൈപ്പ് 2 ഡയബറ്റിസിൽ ഇൻസുലിൻ മാത്രമായി ഉപയോഗിക്കാൻ പാടില്ല. ഇതിനൊപ്പം ഉപയോഗിക്കേണ്ട ഗുളികകൾ കഴിക്കുകതന്നെ വേണം.