ജീവിതശൈലീ രോഗങ്ങളിൽപ്പെട്ട പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്. ഇതിനിടയിൽ ലാൻെസറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ആശങ്കയുളവാക്കുന്നതാണ്.
2030 ഓടെ ഇന്ത്യയിലെ 98 ദശലക്ഷം പേർ ടൈപ്പ് 2 പ്രമേഹ ബാധിതരാകുമെന്നും ലോകത്ത് അഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ പ്രമേഹം ബാധിക്കുമെന്നും യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനം പറയുന്നു.
അടുത്ത 12 വർഷം കൊണ്ട് ടൈപ്പ് 2 പ്രമേഹചികിത്സയ്ക്ക് ആവശ്യമായ ഇൻസുലിന്റെ അളവ് 20 ശതമാനം വർധിക്കുമെന്നും ദ് ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇപ്പോഴത്തെ നില തുടർന്നാൽ ആഫ്രിക്കന്‍, ഏഷ്യൻ, ഓഷ്യാനിയ ഭാഗങ്ങളിലാകും ഇൻസുലിന്റെ ആവശ്യം കൂടുതൽ ഉണ്ടാകുകയെന്നും പഠനത്തിലുണ്ട്.
പ്രമേഹരോഗികളുടെ എണ്ണം 2018 ൽ 406 ദശലക്ഷം എന്നുള്ളത് 2030 ആകുമ്പോഴേക്കും 511 ദശലക്ഷമാകുമെന്ന് പഠനഫലം സൂചിപ്പിക്കുന്നു. ഇതിൽ പകുതിപ്പേരും ചൈന (130 ദശലക്ഷം), ഇന്ത്യ (98 ദശലക്ഷം), യുഎസ് (32 ദശലക്ഷം) എന്നീ മൂന്നു രാജ്യങ്ങളിലാണെന്നു ഗവേഷകർ പറയുന്നു. ലോകാരോഗ്യ സംഘടന (WHO) യുടെ 2015 ലെ കണക്കനുസരിച്ച് 69.2 ദശലക്ഷം പേരാണ് ഇന്ത്യയിൽ പ്രമേഹബാധിതർ.
അടുത്ത 12 വർഷം കൊണ്ട് പ്രായമാകൽ, നഗരവൽക്കരണം, ഭക്ഷണം, ശാരീരികപ്രവർത്തനം ഇവയിലെല്ലാമുള്ള മാറ്റങ്ങൾ മൂലം ടൈപ്പ് 2 പ്രമേഹബാധിതരുടെ എണ്ണം വർധിക്കുമെന്നാണ് കരുതുന്നത്. ഇൻസുലിൻ മിതമായ വിലയ്ക്ക് ആവശ്യക്കാർക്കു ലഭ്യമാക്കാനുള്ള നടപടികൾക്ക് സർക്കാരുകൾ തുടക്കം കുറിക്കണമെന്ന് സ്റ്റാൻഫഡ് സർവകലാശാലാ ഗവേഷകനായ സഞ്ജയ് ബസു പറയുന്നു. അന്ധത, ആംപ്യൂട്ടേഷൻ, വൃക്കതകരാറ്, പക്ഷാഘാതം ഇവയെല്ലാം തടയാൻ ടൈപ്പ് 1 പ്രമേഹം ബാധിച്ച എല്ലാവർക്കും ടൈപ്പ് 2 പ്രമേഹം ബാധിച്ച ചിലർക്കും ഇൻസുലിൻ ആവശ്യമാണ്.
2018 നും 2030 നും ഇടയിൽ 221 രാജ്യങ്ങളിൽ ടൈപ്പ് 2 പ്രമേഹം മൂലം ഉണ്ടാകുന്ന സങ്കീർണതകൾ, ഇന്റർനാഷനൽ ഡയബറ്റിക്സ് ഫെഡറേഷന്റെയും 14 കോഹോർട്ട് പഠനങ്ങളുടെയും (ടൈപ്പ് 2 പ്രമേഹം ബാധിച്ച ലോക ജനസംഖ്യയിലെ 60 ശതമാനത്തിലധികം പേരെ പ്രതിനിധീകരിക്കുന്ന പഠനം) അടിസ്ഥാനത്തിൽ കണക്കുകൂട്ടി.
ഇൻസുലിൻ ഉപയോഗിക്കുന്ന പതിനെട്ടോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം, ആവശ്യമായ ഇൻസുലിന്റെ അളവ്, ഇൻസുലിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ പ്രമേഹ സങ്കീർണതകൾ ഇവയെല്ലാം കണക്കാക്കി. 2030 ഓടെ ഇൻസുലിൻ ഉപയോഗിക്കുന്ന ടൈപ്പ് 2 പ്രമേഹ ബാധിതരുടെ എണ്ണം 38 ദശലക്ഷത്തിൽ നിന്ന് 79 ദശലക്ഷമാകും.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഇൻസുലിൻ ഉപയോഗിക്കുന്നവരുടെ എണ്ണം 7 ലക്ഷത്തിൽനിന്ന് ഏഴിരട്ടിയിലധികമായ 50 ലക്ഷമാകും. ഏഷ്യയിൽ ഇത് 21 ദശലക്ഷം പേരിൽ നിന്ന് 48 ദശലക്ഷമായി വർധിക്കുമെന്നും പഠനം പറയുന്നു.