Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനായിരക്കണക്കിനു രോഗികൾ മയങ്ങി; ഡോ.ഗോപാലകൃഷ്ണന്റെ ‘മയക്കുവിദ്യ’യിൽ

dr-goplakrishnan ഡോ. ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രമുഖ അനസ്തേഷ്യാ ഡോക്ടറായ ഗോപാലകൃഷ്ണന്‍ കൈവരിച്ചത് അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടം. ശസ്ത്രക്രിയയ്ക്കായി രോഗികളെ മയക്കുന്നതിന് ആദ്യം ഉപയോഗിച്ച ചിരിപ്പിക്കുന്ന വാതകം അഥവാ നൈട്രിക് ഓക്സൈഡ് മുതല്‍ കാലാന്തരത്തില്‍ മാറ്റം വന്ന പല മരുന്നുകള്‍ക്കുമപ്പുറം നിലവില്‍ ഉപയോഗിച്ചുവരുന്ന ഐസോഫ്ളൂറൈന്‍ വരെ ഉപയോഗിക്കാനുള്ള നിയോഗം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. 70 വയസ്സ് പിന്നിട്ട ഡോ. ഗോപാലകൃഷ്ണന്‍ നാലരപതിറ്റാണ്ടുകാലത്തിനിടെ പതിനായിരക്കണക്കിന് രോഗികളെ മയക്കിയിട്ടുണ്ട്. ഇന്നും അദ്ദേഹം തന്‍റെ ജോലിയില്‍ വ്യാപൃതനാണ്. ഡോ. ഗോപാലകൃഷ്ണന്‍ പകരുന്ന ഊര്‍ജ്ജം  ഏതൊരു രോഗിയെയും ശസ്ത്രക്രിയയ്ക്കു തൊട്ടുമുമ്പ് ധൈര്യശാലിയാക്കുമെന്നതും വസ്തുതയാണ്.

ബിഎസ്‌സി സുവോളജി ബിരുദധാരിയായ അദ്ദേഹം ചെമ്പഴന്തി എസ്എന്‍ കോളജില്‍ ഒരുവര്‍ഷം അധ്യാപകനായി ജോലി ചെയ്തശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 1965-ല്‍ എംബിബിഎസ് പഠനത്തിനു ചേര്‍ന്നത്. ഡിപ്ലോമ ഇന്‍ അനസ്തേഷ്യ, എം ഡി കോഴ്സുകള്‍ക്കു ശേഷം തുടര്‍ന്ന് 1973-ല്‍ അനസ്തേഷ്യാ ട്യൂട്ടറായി മെഡിക്കല്‍ കോളജില്‍ത്തന്നെ ജോലിക്കുകയറി. 1998-ല്‍ അസോസിയേറ്റ് പ്രൊഫസറായാണ് ജോലിയില്‍ നിന്നു വിരമിച്ചത്. തുടര്‍ന്ന് മൂന്നുവര്‍ഷം ആര്‍ സി സിയില്‍ കണ്‍സള്‍ട്ടന്‍റ് ആയി ജോലിചെയ്തു. 

അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മികവും ജോലിയോടുള്ള ആത്മാര്‍ത്ഥതയുടെയും മികവില്‍ 2001 മുതല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. സേവനകാലയളവില്‍ ഭൂരിഭാഗവും ഡോ. ഗോപാലകൃഷ്ണന്‍ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗത്തിലാണ് ജോലി ചെയ്തത്. ഈ ചികിത്സാ വിഭാഗം ആരംഭിച്ച ഡോ പി കെ ആര്‍ വാര്യരുടെ കാലം മുതല്‍ എട്ടാമത്തെയും നിലവിലുള്ള വകുപ്പുമേധാവിയായ ഡോ അബ്ദുള്‍ റഷീദിനോടൊപ്പവും അദ്ദേഹം ജോലി ചെയ്യുകയാണ്. ഡോ ഗോപാലകൃഷ്ണന്‍റെ പരിചയസമ്പന്നതയെയും അര്‍പ്പണബോധത്തെയും കുറിച്ച് ചോദിച്ചാല്‍ ഡോ. അബ്ദുള്‍ റഷീറും മറ്റു ഡോക്ടര്‍മാരും അക്കമിട്ടുനിരത്തും. ഏവര്‍ക്കും പ്രിയങ്കരനായ അദ്ദേഹത്തിനും മെഡിക്കല്‍ കോളജ് ആശുപത്രി എന്നും ഗൃഹാതുരത്വം പകരുന്ന അനുഭവമാണ്. രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പുണ്ടാകുന്ന ഭയപ്പാടിനെ തന്‍റെ ആശ്വാസവചനങ്ങള്‍ കൊണ്ട് അലിയിച്ചുകളയുന്ന ഡോക്ടര്‍ സാധാരണക്കാര്‍ക്കും പ്രിയങ്കരനാണ്.

dr-goplakrishnan1 ഡോ. ഗോപാലകൃഷ്ണൻ അനസ്തേഷ്യാ വിഭാഗം ഡോ. മധുസൂദനൻ പിള്ളയോടൊപ്പം

നിരവധി രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കി മയക്കിയ ഡോക്ടറും ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. ആ സാഹചര്യത്തില്‍ അനസ്തേഷ്യയുടെ മയക്കം നേരിട്ടനുഭവിച്ച ഡോ. ഗോപാലകൃഷ്ണന്‍ തന്‍റെ അനുഭവത്തെപ്പറ്റി നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ് എന്ന ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സഹജീവികളോടുള്ള തന്‍റെ സ്നേഹവായ്പ് പലതവണ പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം ഇക്കഴിഞ്ഞ പ്രളയകാലത്ത് തനിക്ക് കിട്ടിയ ശമ്പളം ആരുടെയും പ്രേരണ കൂടാതെ തൊട്ടടുത്തദിവസം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി അത് പ്രകടമാക്കുകയും ചെയ്തു. ഡോ. ഗോപാലകൃഷ്ണന്‍റെ  'മയക്കുവിദ്യ'യില്‍ ആരും മയങ്ങിപ്പോകുമെന്നത് തമാശയല്ല, മറിച്ച് അതൊരു യാഥാര്‍ത്ഥ്യം കൂടിയാണ്.