എംബിബിഎസ് വിദ്യാർഥിയായ സന്തോഷ്കുമാറിന്റെ മരണ വാർത്ത മുടി വച്ചു പിടിപ്പിക്കൽ പോലുള്ള ശസ്ത്രക്രിയയുടെ ആധികാരികയെക്കുറിച്ചാവും ഇനിയുള്ള ചർച്ച. വൈദ്യശാസ്ത്ര വിദ്യാർഥി തന്നെ ചികിത്സയ്ക്കിടെ മരിച്ചതും ശസ്ത്രക്രിയയ്ക്കു മുൻപ് അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലായ്മ വെളിച്ചത് കൊണ്ടു വരുന്നു. മുടി വച്ചു പിടിപ്പിക്കൽ പോലുള്ള ശസ്ത്രക്രിയ തിരഞ്ഞെടുക്കുമ്പോൾ കാര്യങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിസിൻ പ്രഫസർ ഡോ. പത്മകുമാർ.
ശസ്ത്രക്രിയ പിഴവു മൂലം മരണം സംഭവിക്കുന്നത് പലപ്പോഴും അനസ്തേഷ്യയിലുണ്ടാകുന്ന പാകപ്പിഴ കാരണമായിരിക്കും. സന്തോഷ്കുമാറിന്റെ മരണത്തിലേക്കു നയിച്ച പ്രധാന ഘടകവും അനസ്തേഷ്യ ആകാം. മയക്കാനായി കുത്തിവയ്ക്കുന്ന മരുന്നുകൾ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുക, അനസ്തേഷ്യയുടെ എഫക്ട് മാറിക്കഴിഞ്ഞിട്ടും മയക്കത്തിൽ നിന്ന് ഉണരാതിരിക്കുക, തലച്ചോറിന്റെ മയക്കം വിട്ടുമാറാത്തതുകൊണ്ട് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയുമൊക്കെ പ്രവർത്തനത്തെ സ്തംഭിപ്പിക്കുക തുടങ്ങിയവ സംഭവിക്കാം. അനസ്തേഷ്യ പിഴവു കാരണമാണ് സാധാരണ ശസ്ത്രക്രിയാനന്തരം മരണം സംഭവിക്കുന്നത്.
സാധാരണ രീതിയിൽ ഏതു ശസ്ത്രക്രിയയ്ക്കു മുൻപും ഒരു പ്രീ അനസ്തെറ്റിക് ചെക് അപ് നടത്തും. ഹൃദയത്തിന്റെ പ്രവർത്തനം, ശ്വാസകോസത്തിന്റെ പ്രവർത്തനരീതി, രക്തത്തിലെ ഷുഗർ, രക്തസമ്മർദ്ദം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെല്ലാം ഇതുവഴി പരിശോധിച്ചറിയും. ഒപ്പം മറ്റു രോഗങ്ങളൊന്നും ഇല്ലെന്നും ഉറപ്പു വരുത്തും. അനസ്തേഷ്യോളജിസ്റ്റ് ആണ് ഈ ചെക്ക് അപ് നടത്തുക. ശസ്ത്രക്രിയ ചെയ്യുന്ന സമയത്തും അനസ്തേഷ്യോളജിസ്റ്റിന്റെ സാനിധ്യം ഉണ്ടാകണം.