മലപ്പുറം ജില്ലക്കാരനെ തിരുവനന്തപുരത്തുകാരൻ നെഞ്ചേറ്റിയ കഥ

വിഷ്ണുവും അഭിഷേകും

ചാറ്റൽ മഴയുള്ള ഒരു ദിവസം. ‘അഭിഷേകിന്റെ വീടല്ലേ’ എന്നു ചോദിച്ചു വിഷ്ണു കയറി വന്നു. അതെ, എന്നു മറുപടി പറയുമ്പോൾ വിനോദും സജിതയും അറിഞ്ഞില്ല, കുടചൂടി വരുന്നതു തങ്ങളുടെ മകനെ പുതിയ ലോകത്തേക്കു കൈപിടിക്കാനെത്തിയ കൂട്ടുകാരനാണെന്ന്. സെറിബ്രൽ പാൾസി ബാധിച്ചു സ്കൂളിൽ പോലും പോകാനാകാതെ വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നല്ലോ അതുവരെ അഭിഷേക്, ചില്ലു ജനാലയിലൂടെ കാണുന്ന ഇടം മാത്രമായിരുന്നല്ലോ അതുവരെ അവന്റെ ലോകം.

ഇപ്പോൾ, ടിക് ടോക് എന്ന മൊബൈൽ ആപ്ലിക്കേഷൻ വിഡിയോകളിൽ  അഭിഷേകിനെ കാണാം, വിഷ്ണുവിനൊപ്പം; മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റ് എന്ന സിനിമയിലെ തകർപ്പൻ കോമഡി സീനുകളിലെ കലാകാരന്മാരായി. 

മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത് കാടപ്പടി എന്ന ഗ്രാമം. അവിടെ കരാർ ജോലിക്കാരനായ വിനോദ്–സജിത ദമ്പതികളുടെ മൂത്തമകൻ പതിനേഴുകാരൻ അഭിഷേക്. തിരുവനന്തപുരം കൊങ്കളം കുന്നപ്പുഴ ശ്യാമള നിവാസിൽ ഓട്ടോഡ്രൈവറായ സതീഷ്കുമാറിന്റെയും ഭാര്യ ബിജുവിന്റെയും മകൻ വിഷ്ണു.  മാസങ്ങൾക്കു മുൻപുവരെ പരസ്പരം അറിയില്ലായിരുന്ന ഇവർ ഇപ്പോൾ ഏറ്റവുമടുത്ത ചങ്ങാതിമാർ. 

സ്മാർട് ലോകത്തേക്ക്
എപ്പോഴെങ്കിലും വീട്ടിലെത്തുന്ന കൂട്ടുകാർ പറഞ്ഞുകൊടുക്കുന്നതായിരുന്നു വിഷ്ണു എത്തും വരെ അഭിഷേകിന്റെ ലോകവിവരം. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണെങ്കിലും സ്കൂളിൽ പോകാറില്ല. ആഴ്ചയിലൊരിക്കൽ അധ്യാപകർ വീട്ടിൽ എത്തി പഠിപ്പിക്കും. കുറച്ചുദിവസം സ്കൂളിൽ പോയിരുന്നു. എല്ലാ കാര്യവും അമ്മ തന്നെ ചെയ്തുകൊടുക്കണം. മറ്റു കുട്ടികൾക്കും അധ്യാപകർക്കും അതു പ്രയാസമാകുമെന്നു കരുതി സ്കൂൾ യാത്ര അവസാനിപ്പിച്ചു. അ‍ഞ്ചാം ക്ലാസിൽ പഠിക്കുന്ന അനുജൻ ആദർശാണു സ്കൂൾ വിശേഷങ്ങൾ പറഞ്ഞുകൊടുക്കുക. പുറംലോകം കാണുന്നതോ, ഫിസിയോ തെറപ്പി ചെയ്യാനും ബന്ധുവീടുകളിലേക്കും ഉള്ള യാത്രയിലും.

അച്ഛൻ സമ്മാനിച്ച സ്മാർട് ഫോണാണ് അഭിഷേകിന്റെ ജീവിതം മാറ്റിമറിച്ചത്. അമ്മയുടെ സഹായത്തോടെ അതിന്റെ പ്രവർത്തനെല്ലാം പഠിച്ചു. അതിനിടെ ടിക് ടോക് ആപ്പിൽ കണ്ണുടക്കി. പാട്ടുകൾക്കും സംഭാഷണങ്ങൾക്കും അനുസരിച്ച് അവൻ അഭിനയിച്ചു തുടങ്ങി. ടിവിയിൽ കാണുന്ന കോമഡി സീനുകൾ അനുകരിക്കാൻ പഠിച്ചതോടെ ടിക് ടോകിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു.

പുതിയ ദാസനും വിജയനും
തിരുവനന്തപുരത്തു ഗ്രാഫിക് ഡിസൈനറായിരുന്നു വിഷ്ണു(20). ടിക്ടോക് വിഡിയോ ചെയ്യുന്ന യുവാവ്. ഒരു രാത്രിയിലാണ് അഭിഷേകിന്റെ വിഡിയോ കണ്ടത്. സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിയുടെ വിഡിയോ ആയി പലരും കണ്ടു തള്ളിയ അതു പക്ഷേ, വിഷ്ണുവിന് അങ്ങനെയല്ല തോന്നിയത്.

വിഷ്ണുവും അഭിഷേകും ടിക് ടോക് ചിത്രീകരണത്തിനിടെ.

തന്റെ പരിമിതിയെ എത്ര മനോഹരമായാണ് അഭിഷേക് അതിജീവിച്ചതെന്ന് ആ വിഡിയോയിൽ വിഷ്ണു കണ്ടു. ഒട്ടും മടിച്ചില്ല, ഫോൺ നമ്പർ തപ്പിയെടുത്തു വിളിച്ചു. പിന്നെ, അഭിഷേകിന്റെ വീട്ടിലെത്തി. ആ കാഴ്ചയിൽ തന്നെ അവർ ഇരുവരും ചങ്ങാതിമാരായി, ഉറ്റചങ്ങാതിമാർ. അന്നു തന്നെ നാടോടിക്കാറ്റിലെ ദാസനും വിജയനുമായി ടിക്ടോകിൽ എത്തി. ദാസൻ– വിജയൻ തമാശസീനുകളെല്ലാം വീണ്ടും പിറന്നു. വിഡിയോകൾ തരംഗമായി.

പുതിയ ദാസനെയും വിജയനെയും പലരും അന്വേഷിക്കാൻ തുടങ്ങി. അങ്ങനെയാണ് മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിലേക്ക് ഇവരെ ക്ഷണിക്കുന്നത്. അതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തി. എറണാകുളത്ത് കോമഡി പരിപാടി കഴിഞ്ഞപ്പോഴേക്കും കണ്ണൂരിൽ നിന്നു ക്ഷണം. വിദേശത്തും അവസരങ്ങൾ ധാരാളം.

ഇതൊക്കെ ഒരു നഷ്ടമാണോ
അഭിഷേകുമൊത്തു ടിക് ടോകിൽ പുതിയ ലോകം കണ്ടെത്തിയപ്പോഴേക്കും വിഷ്ണുവിനു ജോലി നഷ്ടമായി. കൂട്ടുകാരനു വേണ്ടിയുള്ള ചെറിയൊരു ത്യാഗമായിട്ടുപോലും വിഷ്ണു അതിനെ കണക്കാക്കുന്നില്ല. അവന്റെ സന്തോഷത്തിനു മുന്നിൽ തന്റെ നഷ്ടം ഒന്നുമല്ല എന്നാണു പറയുന്നത്.

ചാനലിൽ മുഖം കാണിക്കണമെന്നത് അഭിഷേകിന്റെ ആഗ്രഹമായിരുന്നു. അതു സഫലമായെന്നു മാത്രമല്ല, അതിലൂടെ എത്രയോ പേർ തിരിച്ചറിയാൻ തുടങ്ങി. അഭിഷേകിന്റെ ഫോണിലേക്ക് ഇപ്പോൾ എത്രയോ പേരാണു വിളിക്കുന്നത്. പറഞ്ഞു കേട്ട ലോകത്തേക്ക് അഭിഷേക് എത്രയോ യാത്രയാണു പോയത്. മക്കൾ മൂന്നാണെന്നാണ് ഇപ്പോൾ വിനോദും സജിതയും പറയുക. അച്ഛാ, അമ്മേ എന്നു വിളിക്കാൻ വിഷ്ണുവും ഉണ്ടല്ലോ. ഈ ബന്ധത്തെ എന്തു വിളിക്കും, അത്ഭുതമെന്നോ സ്വപ്നമെന്നോ.....