മരുന്നുകളെയും മറികടന്ന് രോഗാണു; മനുഷ്യരാശി നേരിടുന്ന പുതിയ വെല്ലുവിളി!
നവംബർ 18 മുതൽ 24 വരെ ഓരോ വർഷവും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണ വാരമായി ലോകാരോഗ്യ സംഘടന ശ്രമിക്കുന്നു. മരുന്നുകളോട് പൊരുതി നിൽക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നത്തെപ്പറ്റി (ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ്– എഎംആർ) ചർച്ച ചെയ്യാൻ യുഎന്നിന്റെ നേതൃത്വത്തിൽ
നവംബർ 18 മുതൽ 24 വരെ ഓരോ വർഷവും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണ വാരമായി ലോകാരോഗ്യ സംഘടന ശ്രമിക്കുന്നു. മരുന്നുകളോട് പൊരുതി നിൽക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നത്തെപ്പറ്റി (ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ്– എഎംആർ) ചർച്ച ചെയ്യാൻ യുഎന്നിന്റെ നേതൃത്വത്തിൽ
നവംബർ 18 മുതൽ 24 വരെ ഓരോ വർഷവും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണ വാരമായി ലോകാരോഗ്യ സംഘടന ശ്രമിക്കുന്നു. മരുന്നുകളോട് പൊരുതി നിൽക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നത്തെപ്പറ്റി (ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ്– എഎംആർ) ചർച്ച ചെയ്യാൻ യുഎന്നിന്റെ നേതൃത്വത്തിൽ
നവംബർ 18 മുതൽ 24 വരെ ഓരോ വർഷവും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണ വാരമായി ലോകാരോഗ്യ സംഘടന ശ്രമിക്കുന്നു. മരുന്നുകളോട് പൊരുതി നിൽക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നത്തെപ്പറ്റി (ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ്– എഎംആർ) ചർച്ച ചെയ്യാൻ യുഎന്നിന്റെ നേതൃത്വത്തിൽ ലോകത്തെ 193 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികൾ സൗദി അറേബ്യയിലെ ജിദ്ദയിൽ ഒത്തുചേർന്നിരിക്കയാണ്. 2030 ആകുമ്പോഴേക്കും ആന്റി ബയോട്ടിക് ഉപയോഗം ക്രമീകരിച്ച് ഭീഷണിയിൽ നിന്ന് ലോകത്തെ രക്ഷിക്കുകയാണ് രണ്ടു മാസം മുമ്പ് നിലവിൽ വന്ന ഇതു സംബന്ധിച്ച അന്തിമ ആഗോള കരാറിന്റെ ലക്ഷ്യം. 2016 ൽ ആണ് ഇതുസംബന്ധമായ ആദ്യകരാർ നിലവിൽ വന്ന ശേഷം 180 രാജ്യങ്ങൾ എഎംആർ ഭീഷണിയെ ചെറുക്കാനുള്ള കർമ പദ്ധതികൾ ആവിഷ്കരിച്ചു. ഇന്ത്യയും ഇക്കാര്യത്തിൽ നടപടികൾ ആരംഭിച്ചെങ്കിലും ഏഷ്യയിലെ മറ്റ് രാജ്യങ്ങളെപ്പോലെ ഇതിനാവശ്യമായ പണത്തിന്റെ അഭാവം മൂലം പദ്ധതികൾ ഇതുവരെയും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
തീവ്രപരിചരണ വിഭാഗത്തിൽ പോലും വില്ലൻ ബാക്ടീരിയ
ചെറിയൊരു ബാക്ടീരിയ രോഗ ബാധയെപ്പോലും ആന്റിബയോട്ടിക് ഉപയോഗിച്ച് ചെറുക്കാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകുമോ എന്നതാണ് ഈ ചർച്ചയുടെ പ്രസക്തി. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിൽ പോലും ആളുകളുടെ ജീവൻ രക്ഷിക്കാനാവാത്ത അവസ്ഥ സംജാതമാകുന്നു. 2021 ൽ മാത്രം 11.5 ലക്ഷത്തോളം മരണങ്ങൾ ഇതുമൂലം സംഭവിച്ചതായി കണക്കാക്കുന്നു. അനുബന്ധ പ്രശ്നങ്ങൾ മൂലം 47 ലക്ഷത്തോളം മരണങ്ങൾ ഇതിനു പുറമേ ഇന്ത്യയിൽ 3 ലക്ഷത്തോളം മരണങ്ങൾ ഇതുമൂലം ഉണ്ടായി. പത്തുലക്ഷത്തോളം അനുബന്ധ മരണങ്ങളും. 2020 ൽ കണ്ടെത്തിയ ശേഷം ഏകദേശം 70 ലക്ഷത്തോളം മരണം എഎംആർ അവസ്ഥ മൂലം ഉണ്ടായതായാണ് കണക്ക്. എയിഡ്സും മലേറിയയും കൂടി ഒരുമിച്ച് വരുന്നതിലും ഭീതിജനകമായ അവസ്ഥയെന്നാണ് എഎംആറിനെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. നിശബ്ദ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതുമൂലം അടുത്ത 25 വർഷത്തിനിടയിൽ 3.9 കോടി ആളുകൾ മരണമടയുമെന്നാണ് മുന്നറിയിപ്പ്. തീറ്റയിലും മരുന്നിലും ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ ആന്റി ബയോട്ടിക് പ്രതിരോധം വളർത്തു മൃഗങ്ങളിലും വിവിധ ഭക്ഷ്യവിളകളിലും കൂടി ജീവനു ഭീഷണി ഉയർത്തുന്ന സാഹചര്യവുമുണ്ട്. ഇതു മൂലം ഇന്ത്യയിലെയും ഏഷ്യൻ– ആഫ്രിക്കൻ രാജ്യങ്ങളിലെയും കർഷകരുടെ വരുമാനവും കുറയാൻ ഇടയുണ്ട്.
ലാഭമില്ല; ആന്റി ബയോട്ടിക് മരുന്നുകൾ വികസിപ്പിക്കാതെ മരുന്നു കമ്പനികൾ
മാറിയ സാഹചര്യത്തിന് അനുയോജ്യമായ പുതിയ മരുന്നുകൾ വികസിപ്പിക്കേണ്ട ലോകത്തെ മിക്ക മരുന്ന് ഉൽപ്പാദകരും ഗവേഷകരും പുതിയ ആന്റി ബയോട്ടിക് ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഗവേഷണം പാടേ ഉപേക്ഷിച്ച മട്ടാണ്. പകരം വില കൂടിയ നാഡീവ്യൂഹ (ന്യൂറോ), അർബുദ (കാൻസർ) മരുന്നുകളിലാണ് ലോകത്തെ മരുന്നു ഭീമന്മാരുടെ ലാഭക്കണ്ണ്. ഇനി അഥവാ പുതിയ ആന്റി ബയോട്ടിക് മരുന്നുകൾ വികസിപ്പിച്ചാലും വികസിത രാജ്യങ്ങളിൽ അവ വിൽക്കാൻ വൻകിട ഔഷധ കമ്പനികൾ തയാറാവുകയില്ല. ലാഭം കൊയ്യാനുള്ള സാധ്യത കുറവാണെന്നതു തന്നെയാണ് അതിനു കാരണം. ഇപ്പോൾ തന്നെ പല മാരക രോഗങ്ങൾക്കും ഫലപ്രദമായി ഉപയോഗിക്കാവുന്ന ആന്റിബയോടിക് മരുന്നുകൾ ലോക വിപണിയിൽ ലഭ്യമാണെങ്കിലും അവ പാവപ്പെട്ട രാജ്യങ്ങളിൽ ലഭ്യമല്ലാത്തതുമൂലം അനേക ജീവനുകൾ അകാലത്തിൽ നഷ്ടപ്പെടുന്നു.
സൂപ്പർ ബഗായി മാറി ബാക്ടീരിയകൾ
രോഗവാഹകരായ ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിക്കുന്ന ആന്റി ബയോട്ടിക്കുകൾ അനാവശ്യമായും അനവസരത്തിലും ഉപയോഗിക്കുമ്പോൾ ഇത്തരം ബാക്ടീരിയകൾ മരുന്നുകളെ അതിജീവിക്കാനുള്ള ശേഷി കൈവരിക്കുന്നതാണ് എഎംആർ എന്ന വെല്ലുവിളി. മനുഷ്യരിലും മൃഗങ്ങളിലും ഭക്ഷ്യോൽപ്പാദന രംഗത്തും മറ്റും ഇവ അമിതമായി ഉപയോഗിക്കുന്നതോടെ ഈ ബാക്ടീരിയകളെ യാതൊരു തരം മരുന്നുകൊണ്ടും നേരിടാനാവാത്ത സ്ഥിതി സംജാതമാകും. സൂപ്പർ ബഗ് അഥവാ രോഗാണുക്കളായി മാറുന്ന ഇവ നമ്മുടെ ഭക്ഷ്യശൃംഖലകളിലൂടെയും മാലിന്യത്തിലൂടെയും വായു–മണ്ണ്– ജലം വഴിയും പലരിലേക്കും വ്യാപിച്ച് വൻ ആരോഗ്യ പ്രതിസന്ധി തന്നെ സൃഷ്ടിച്ചെന്നിരിക്കും.
പൗൾട്രി രംഗത്തും ആന്റി ബയോട്ടിക്
വൻ തോതിൽ കൃഷി ചെയ്യുകയും ഭക്ഷണ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന, ലോക ജനസംഖ്യയിലെ മുൻനിരക്കാരായ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ ഭക്ഷ്യ–കാർഷിക– മൃഗസംരക്ഷണ– പരിസ്ഥിതി ശാസ്ത്രജ്ഞരും മാലിന്യ സംസ്കരണ പോരാളികളും ഭരണ വകുപ്പുകളും നേതൃത്വവും ഭക്ഷ്യരംഗത്തും മറ്റും ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗത്തിന് എതിരെ അതീവ ജാഗ്രത പുലർത്തണം. ഇന്ത്യ പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്ന 85 കോടിയോളം കോഴികളിൽ 62 ശതമാനത്തിനും ആന്റി ബയോട്ടിക്കുകൾ തീറ്റയിലും മരുന്നായും നൽകിയാണ് പക്ഷിരോഗങ്ങളെ പ്രതിരോധിക്കുന്നത്. ലോകത്തെ പാലിന്റെ 20 ശതമാനവും ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഈ രംഗത്ത് ഇന്ത്യ ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണ്. 12.5 കോടി കന്നുകാലികളാണ് രാജ്യത്തുള്ളതെന്ന് 2019 ലെ കന്നുകാലി കാനേഷുമാരി കണക്കിൽ പറയുന്നു. ലോകത്ത് മൽസ്യോപ്പാദനത്തിൽ രണ്ടാം സ്ഥാനത്തും മൽസ്യോൽപ്പന്ന കയറ്റുമതിയിൽ നാലാം സ്ഥാനത്തുമുള്ള ഇന്ത്യയാണ് ലോകത്തെ മൽസ്യസമ്പത്തിന്റെ 8% ഉൽപ്പാദിപ്പിക്കുന്നത്. ഈ മേഖലയിലും ആന്റി ബയോട്ടിക് ഉപയോഗം വ്യാപകമാണ്.
ജാഗ്രത വേണം; ആശുപത്രി മാലിന്യ നിർമാർജനത്തിൽ
ചെലവു കുറഞ്ഞ ആന്റിബയോട്ടിക് മരുന്നുകൾ ഉൽപ്പാദിക്കയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ പേരുകേട്ട രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ ആശുപത്രി മാലിന്യങ്ങളും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ചികിത്സകൾക്കു വഴങ്ങാത്ത, മരുന്നുകളെ അതിജീവിക്കുന്ന, ബാക്ടീരിയകളുടെ വലിയൊരു സ്രോതസ്സാണ് ഈ മാലിന്യം.
ഈ സാഹചര്യത്തിൽ ഉൽപ്പാദന ക്ഷമത വർധിപ്പിക്കുന്ന ഉത്തേജകമായി ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രീതി കോഴിവളർത്തൽ ഉൾപ്പെടെ ഭക്ഷമേഖലയിൽ ഇന്ത്യ ഘട്ടം ഘട്ടമായി നിയന്ത്രിക്കുക തന്നെ വേണം. പൗൾട്രി രംഗത്ത് ആന്റി ബയോട്ടിക്കുകൾ തീറ്റയിൽ ചേർത്തു കൊടുക്കുന്ന രീതി നിരോധിക്കാത്ത ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ട്. ചേർത്തിരിക്കുന്ന ആന്റി ബയോട്ടിക്കിനെപ്പറ്റി യാതൊരു മുന്നറിയിപ്പ് ലേബലുകളും ഇവിടുത്തെ കോഴിത്തീറ്റ ചാക്കുകളുടെ പുറത്ത് കാണാനേയില്ല. ആന്റി ബയോട്ടിക് ചേർത്തിട്ടുണ്ടോ ഇല്ലയോ എന്നത് രേഖപ്പെടുത്തണമെന്നത് ഇവിടെ നിയമം അല്ലാത്തതാണ് ഇതിനു കാരണം. ഉൽപ്പാദകർക്ക് വേണമെങ്കിൽ ചേർക്കാം എന്നു മാത്രമാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അടുത്ത കാലത്ത് നടത്തിയ പുതുക്കിയ മാനദണ്ഡങ്ങളിൽ പോലും പറയുന്നത്. ഇത് കർശനമാക്കാൻ ശ്രമം ആവശ്യമാണ്.
ആന്റി ബയോട്ടിക് ദുരുപയോഗം മനുഷ്യരാശിക്ക് വൻ വെല്ലുവിളി
മരുന്നായോ തീറ്റയിൽ ചേർത്തോ ഏതൊക്കെ മേഖലകളിൽ ഏതൊക്കെ ആന്റി ബയോട്ടിക്കുകൾ ഏതെല്ലാം രീതികളിൽ ഉപയോഗിക്കപ്പെടുന്നു എന്നതു സംബന്ധിച്ച് കൃത്യമായ അടിസ്ഥാന വിവരങ്ങളുടെ സഞ്ചയം രാജ്യവ്യാപകമായി രൂപപ്പെടുത്തുന്നത് ആന്റി ബയോട്ടിക് അമിത ഉപയോഗം നിയന്ത്രിക്കാനുള്ള ഇടപെടലുകളുടെ ഭാഗമായി വികസിപ്പിക്കണം. രോഗ പ്രതിരോധത്തിന് വൻതോതിൽ ആന്റി ബയോട്ടിക് ഉപയോഗിക്കുന്നത് ചില സാഹചര്യങ്ങളിൽ അനിവാര്യമാണെങ്കിലും 2022 മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിലവിൽ വന്ന ചില നിയന്ത്രണങ്ങൾ നമുക്കും മാതൃകയാണ്. അടുത്ത കാലത്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ വെറ്ററിനറി ചികിത്സാ മാനദണ്ഡങ്ങളിൽ ആന്റിബയോട്ടിക് ദുരുപയോഗം മൃഗങ്ങളുടെ തീറ്റയിലും മരുന്നിലും നിരുത്സാഹപ്പെടുത്തി രാജ്യത്തെ പാൽ ആന്റിബയോട്ടിക് കലരാത്ത ശുദ്ധമായ പാൽ ജനങ്ങൾക്കു ലഭ്യമാക്കണമെന്ന നിർദേശം മുന്നോട്ടു വയ്ക്കുന്നു. മൃഗായുർവേദം പോലും (എത്‌നോ വെറ്ററിനറി) ഈ ചികിത്സാ വിധിയിൽ ബദൽ നിർദേശമായി മുന്നോട്ടു വയ്ക്കുന്നു. പ്രാദേശിക തലങ്ങളിൽ ഇത് എത്രത്തോളം നടപ്പാകുമെന്നതു കണ്ടറിയണം. ആശുപത്രികളിൽ ഗുരുതരമായ രോഗം ബാധിക്കുന്നവരുടെ ജീവൻരക്ഷയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കുകൾ മൃഗങ്ങളുടെ ഭക്ഷ്യ ഉൽപ്പാദന മേഖലയിൽ ഉപയോഗിക്കുന്നത് ഘട്ടം ഘട്ടമായി കുറച്ച് നിർമാർജനം ചെയ്യണം. കോഴിവളർത്തൽ, ക്ഷീരോൽപ്പാദനം, മത്സ്യം വളർത്തൽ, തേൻ ഉൽപ്പാദനം തുടങ്ങിയ രംഗങ്ങളിൽ ഫുഡ് സേഫ്ടി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ചില ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. കൊളിസ്റ്റിൻ എന്ന മരുന്നിന്റെ നിരോധനത്തിനു പുറേയാണ് ഇത്. ഭക്ഷണത്തിലെ ആന്റി ബയോട്ടിക് സാന്നിധ്യം സംബന്ധിച്ച പരിശോധനകൾ രാജ്യത്ത് ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. തേനിലും പാലിലും മറ്റും വർഷങ്ങൾക്കു മുമ്പ് ഇതു സംബന്ധിച്ച മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ല. 2017– 18 ൽ നടന്ന പരിശോധനയിൽ പാലിലെ ആന്റി ബയോട്ടിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. നമ്മൾ കഴിക്കുന്ന പാലോ മീനോ മുട്ടയോ കോഴിയിറച്ചിയോ പൂർണമായും ആന്റി ബയോട്ടിക് വിമുക്തമാണെന്ന് പറയാൻ എഫ്എസ്എസ്എഐക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
മൃഗങ്ങളുടെ അവശിഷ്ടങ്ങളിലും ആന്റി ബയോട്ടിക് സാന്നിധ്യം
കോഴി ഫാമുകളിൽ നിന്നും പശുത്തൊഴുത്തുകളിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ പരിശോധിച്ച് ആന്റി ബയോട്ടിക് അവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയേ കൃഷിഭൂമികളിൽ ഉപയോഗിക്കാവൂ. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കാൻ രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങളെ വികസിപ്പിക്കാനും വളർത്താനും മുൻകൂർ പ്രതിരോധ വാക്സിൽ എടുക്കാനും ജൈവസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വളർത്തു ജീവികളെയും മൃഗങ്ങളെയും കൊണ്ടുപോകാനും മറ്റും നടപടി സ്വീകരിക്കണം. തൊഴുത്തുകളും വളർത്തു ശാലകളും ഈ രീതിയിൽ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്യണം. തുക വേർതിരിച്ച് വച്ച് സഹായം നൽകി ഇത്തരം ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണം. വ്യവസായ ശാലകളിൽ നിന്നുള്ള തീറ്റകളെക്കാൾ നാട്ടിൻ പുറങ്ങളിലെയും വീടുകളിലെയും തൊടികളിൽ നിന്നുള്ള തീറ്റ പരമാവധി നൽകുന്ന സംവിധാനം വളർത്തു ജീവികളിൽ രോഗവ്യാപനവും അതുവഴി ആന്റി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗവും കുറയ്ക്കാൻ സഹായകമാണ്. ഇന്ത്യൻ ഗ്രാമങ്ങളിലെ മിക്ക വീടുകളോടും ചേർന്ന് കോഴികളെയും പശുക്കളെയും വളർത്തിയിരുന്ന (backyard poultry) പഴയരീതി തിരികെ പിടിക്കണം. ക്ഷീര രംഗത്ത് സഹകരണ മേഖലയുടെ സഹായവും ചെറുകിട വായ്പകൾ നൽകുന്ന സ്മോൾ സ്കെയിൽ ബാങ്കുകളുടെ പിന്തുണയും കൂടുതലായി പ്രോത്സാഹിപ്പിക്കണം. ആന്റി ബയോടിക് ഉപയോഗം കുറയ്ക്കുക മാത്രമല്ല, കാലാവസ്ഥാ മാറ്റം, പോഷകാഹാരക്കുറവ്, ഉപജീവന മാർഗങ്ങളുടെ തകർച്ച എന്നിവയെ പ്രതിരോധിക്കാനും ഈ രീതിയിലൂടെ കഴിയുമെന്ന അധിക പ്രയോജനവും മറന്നുകൂടാ.
ഈ രംഗങ്ങളിലെല്ലാം ദിശാബോധം പകരുന്ന തരത്തിലാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ദേശീയ കർമ പദ്ധതിയായ എഎംആർ 2.0 നടപ്പാക്കാൻ പോകുന്നത്. 2021 വരെയായിരുന്നു ആദ്യ പദ്ധതിയുടെ കാലാവധി. വേണ്ടത്ര തുക നീക്കിവച്ച് മികച്ച ആസൂത്രണത്തോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങുടെയും ഉത്തരവാതിത്വങ്ങൾ നിർവചിച്ച് നൽകി വേണം വിജയകരമാക്കാൻ. ആദ്യ പദ്ധതിക്ക് വന്ന തിരിച്ചടി രണ്ടാമത്തേതിന് സംഭവിക്കാതിരിക്കാൻ ഇത് അനിവാര്യമാണ്.
ആന്റി ബയോട്ടിക് സാക്ഷരത വളർത്താൻ കേരളം പോലെയുള്ള ഏതാനും സംസ്ഥാനങ്ങൾ കാട്ടുന്ന ജാഗ്രത പ്രതീക്ഷയുടെ രജതരേഖയാണ്. ഔഷധ ശാലകളിൽ നിന്ന് നേരിട്ട് ആർക്കും വാങ്ങാവുന്ന സ്ഥിതി മാറ്റുന്നതും പുകയില മുന്നറിയിപ്പു പോലെ അപകട സൂചന വ്യക്താക്കുന്ന രീതിയിലുള്ള സന്ദേശം അച്ചടിച്ച പ്രത്യേക നീല കവറുകളിൽ ഇട്ട് ആന്റി ബയോട്ടിക്കുകൾ നൽകുന്നതും വരെ ഈ ബോധവൽക്കണത്തിന്റെ നല്ല ഫലങ്ങളായി കാണാം.
AMRITH അഥവാ – Antimicrobial Resistance Intervention for Total Health’ എന്ന ആശയവും ‘ROAR – rage on antimicrobial resistance’ എന്ന ആശയവും ഫലപ്രദമായി നടപ്പാക്കാൻ കേരളം ശ്രമിക്കുന്നു.
മാനവരാശിയെ തുറിച്ചു നോക്കുന്ന ഈ പുതിയ ഭീഷണിക്ക് എതിരെ ഇന്ത്യ കൈകോർക്കുക തന്നെ വേണം. ലോകത്തെ പാവപ്പെട്ട രാജ്യങ്ങളെല്ലാം ഇന്ത്യയുടെ കണ്ണുകളിലേക്കു നോക്കിയിരിക്കയാണ്. നമ്മുടെ ജനങ്ങളുടെയും ലോകജനതയുടെയും രക്ഷയ്ക്കായി ഇന്ത്യൻ ആരോഗ്യ മേഖലയും മരുന്നുഗവേഷകരും സർക്കാരുകളും ഉണരുമോ ?
(ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ്, സുസ്ഥിര ഭക്ഷ്യ പരിപാടിയുടെ ഡയറക്ടർ അമിത് ഖുറാനയും പ്രോഗ്രാം മാനേജര്‍ രാജേശ്വരി സിന്‍ഹയുമാണ് ലേഖകര്‍)
ലേഖനം തയാറാക്കിയത്: വർഗീസ് സി തോമസ്