അനീമിയ അകറ്റാൻ

സാധാരണയായി സ്ത്രീകളിൽ കണ്ടുവരാറുള്ള രക്ത സംബന്ധമായ രോഗമാണ് അനീമിയ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ തോത് കുറയുന്ന അവസ്ഥയാണിത്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനാണ് ശരീരത്തിൽ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്നത്. ശരിയായ അളവിൽ ഇരുമ്പിന്റെ അംശം ശരീരത്തിൽ ഇല്ലാതെ വന്നാൽ ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുകയും അനീമിയ ഉണ്ടാവുകയും ചെയ്യും. സൂക്ഷിച്ചില്ലെങ്കിൽ മരണത്തിനു വരെ അനീമിയ കാരണമായേക്കും.

അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ 1.62 ബില്യൺ ആളുകൾ അനീമിയ ഉള്ളവരാണെന്ന് കണ്ടെത്തി. സ്ത്രീകളും കുട്ടികളുമാണിത്. ഉന്മേഷക്കുറവ്, പതിവായുള്ള മുടി കൊഴിച്ചിൽ, ചർമ്മത്തിലും നഖത്തിലും വിളർച്ച, രക്തസമ്മർദ്ദം കുറയുക, തലവേദന, നെഞ്ചിടിപ്പ്, ശ്വാസതടസ്സം എന്നിവയാണ് അനീമിയയുടെ പ്രധാന ലക്ഷണങ്ങൾ.

അനീമിയ ലക്ഷണമുള്ളവർ അയേൺ അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് അയേണും പ്രോട്ടീനും ആവശ്യമാണ്. അതുപോലെ തന്നെ ഫോളിക് ആസിഡിന്റെ കുറവും അനീമിയയ്ക്ക് കാരണമാകുന്നുണ്ട്. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഓറഞ്ച്, തക്കാളി, കൈതച്ചക്ക, സ്ട്രോബറി എന്നിവയും കഴിക്കുന്നത് വളരെ നല്ല ഫലം നൽകും.