രക്തദാനത്തിന്റെ സമയത്തു മാത്രമാണ് നാം രക്തഗ്രൂപ്പിനെക്കുറിച്ച് ചിന്തിക്കാറ്. പക്ഷേ, സത്യത്തിൽ രക്തഗ്രൂപ്പിന് മറ്റു ചില റോളുകൾ കൂടിയുണ്ട്. ഏതൊക്കെ രോഗങ്ങൾ വരാതിരിക്കുമെന്നറിയാൻ ഒരാളുടെ ബ്ലഡ് ഗ്രൂപ്പ് നോക്കിയാൽ മതിയെന്നാണ് ഈ മേഖലയിലെ പഠനങ്ങൾ പറയുന്നത്.
എ, ബി, എബി, ഒ എന്നിവയാണ് പ്രധാന രക്തഗ്രൂപ്പുകൾ. ഇതിൽ തന്നെ പൊസിറ്റീവും നെഗറ്റീവുമുണ്ട്. ചുവന്ന രക്താണുക്കളുടെ പ്രതലത്തിലുള്ള ആന്റിജന്‍ ഘടകമാണ് ഓരോ രക്തഗ്രൂപ്പിനേയും വ്യത്യസ്തമാക്കുന്നത്. സ്വതവേയുള്ള ഈ ആന്റിജൻ ഘടകമല്ലാതെ അപരിചിതമായ ഒരു ആന്റിജൻ വന്നാൽ അതിനെതിരെ രക്തത്തിൽ ആന്റിബോഡികൾ നിർമിക്കപ്പെടും. അതുകൊണ്ടാണ് ചില രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരാത്തത്. ആർ എച്ച് ഘടകവും ഓരോ രക്തഗ്രൂപ്പിനും വ്യത്യസ്തമാണ്. മാതാപിതാക്കളിൽ നിന്നും കൈമാറിക്കിട്ടുന്ന ജനിതക ഘടകമാണ് രക്തഗ്രൂപ്പകളെ തീരുമാനിക്കുന്നത്.
രക്തഗ്രൂപ്പുകൾക്ക് ചില പ്രത്യേകതകളുണ്ടെന്ന് ആദ്യം പ്രസ്താവിച്ചത് ഹിറ്റ്ലറാണ്. ശുദ്ധ ആര്യ രക്തം എ ഗ്രൂപ്പ് ആണെന്നായിരുന്നു ഹിറ്റ്ലറുടെ വാദം. ഇത്തരം അബദ്ധ പ്രസ്താവനകളുടെ ഹാങ് ഓവർ മൂലം രക്തഗ്രൂപ്പുകളും രോഗവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങൾക്ക് ഏറെക്കാലം ആരും വില കൽപിച്ചിരുന്നില്ല. പക്ഷേ ഒന്നിനു പുറകെ ഒന്നായി ശാസ്ത്രീയ പഠനങ്ങൾ വന്നതോടെ മാരകരോഗങ്ങളോടു പോലും പടപൊരുതാൻ ചില രക്തഗ്രൂപ്പുകൾക്കു കഴിയുമെന്നു ഏറെക്കുറെ തെളിഞ്ഞിരിക്കുന്നു. അതിലേറ്റവും പുതിയ പഠനം പറയുന്നത് സ്ത്രീയുടെ ഗർഭധാരണസാധ്യതയെ പോലും തീരുമാനിക്കാൻ അവരുടെ രക്തഗ്രൂപ്പിനു കഴിയുമെന്നാണ്. ഇതിനു കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. എ ഗ്രൂപ്പിൽ പെട്ടവരിൽ അണ്ഡങ്ങളുടെ എണ്ണം താരതമ്യേന കുറയാതെ നിൽക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഇക്കാര്യത്തിൽ ഒ ഗ്രൂപ്പാണ് ഏറ്റവും പിന്നിൽ. ഹാവാർഡിൽ നടന്ന മറ്റൊരു പഠനത്തിൽ എബി, ബി ഗ്രൂപ്പിലുള്ള സ്ത്രീകളിൽ അണ്ഡാശയ കാൻസറിനു സാധ്യത കൂടുതലാണെന്നും കണ്ടിരുന്നു.
ഒ ഗ്രൂപ്പുകാർക്ക് അർബുദ സാധ്യത കുറവാണെന്നു പഠനങ്ങളുണ്ട്. പക്ഷേ, ഛർദി, വയറിളക്കം പോലുള്ള വൈറസ് ബാധകൾക്ക് സാധ്യത കൂടുതലാണ്. പെപ്റ്റിക് അൾസറും വരാം. ഈ രോഗത്തിനു കാരണമായ ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയ്ക്ക് എളുപ്പം ഒ ഗ്രൂപ്പ് രക്തം കീഴടങ്ങുന്നതാണ് കാരണം. ഒ ഗ്രൂപ്പുകാരായ പുരുഷന്മാർക്ക് തടി വയ്ക്കാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.