മുലയൂട്ടലിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ച് യുനിസെഫ് ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴു വരെ ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുകയാണ്. മുലയൂട്ടല്‍ :– സുസ്ഥിര വികസനത്തിലേക്കുള്ള താക്കോല്‍ എന്നതാണ് വാരാചരണത്തിന്‍റെ ഇത്തവണത്തെ വിഷയം. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക, ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാലൊഴികെ മറ്റൊന്നും (വെള്ളം പോലും) നല്‍കാതിരിക്കുക, രണ്ടുവയസുവരെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക എന്നിവ കുഞ്ഞിന്‍റെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്. മുലയൂട്ടലിനെ സംബന്ധിച്ച ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ചുവടെ കൊടുത്തിരിക്കുന്നു.
ദിവസം എത്ര തവണ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം?
ദിവസം എട്ടു മുതല്‍ 12 തവണ വരെ മുലപ്പാല്‍ കൊടുക്കണം. രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ഇടവിട്ടാണ് മുലയൂട്ടേണ്ടത്. വൈകുന്നേരവും രാത്രിയും കൂടുതല്‍ പാല് ഉണ്ടാവുമെന്നതിനാല്‍ രാത്രിയിലെ മുലയൂട്ടല്‍ ഉറപ്പാക്കണം.
ഒരു തവണ എത്ര സമയം മുലയൂട്ടണം?
15 മുതല്‍ 20 മിനിട്ടുവരെയോ കുഞ്ഞ് ചപ്പിക്കുടിക്കുന്നത് നിര്‍ത്തുന്നതുവരെയോ മുലയൂട്ടാം. കുഞ്ഞ് ഏമ്പക്കം വിട്ടശേഷം ആവശ്യമെങ്കില്‍ കുഞ്ഞിന് രണ്ടാമത്തെ സ്തനത്തില്‍ നിന്ന് പാലുകൊടുക്കാം.
കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടുന്നുണ്ടെന്ന് എങ്ങനെ അറിയാം?
ദിവസവും ആറുമുതല്‍ എട്ടു തവണവരെ മൂത്രമൊഴിക്കുകയോ രണ്ടു മുതല്‍ നാലു തവണ വരെ മലവിസര്‍ജനം നടത്തുകയോ ചെയ്താല്‍ കുട്ടിക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കുന്നുവെന്നാണ് അര്‍ത്ഥം. ജനിച്ച് രണ്ടാഴ്ച്ചയ്ക്കുശേഷം ആഴ്ച്ചതോറും കുട്ടിക്ക് 150 മുതല്‍ 200 ഗ്രാം വരെ തൂക്കം കൂടുന്നുണ്ടെങ്കിലും കുട്ടിക്ക് ആവശ്യത്തിന് പാല് ലഭിക്കുന്നു എന്ന് ഉറപ്പാക്കാം.
കുഞ്ഞിന് വയറിളക്കമുണ്ടായാല്‍ എന്തു ചെയ്യണം?
കുഞ്ഞിന് വയറിളക്കമുണ്ടായാല്‍ കൂടുതല്‍ തവണ മുലയൂട്ടണം. നിര്‍ജലീകരണം തടയാനാണിത്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കുഞ്ഞിന് ഒആര്‍എസും സിങ്കും നല്‍കണം.
പാല്‍ക്കുപ്പി ഉപയോഗിച്ച് കുഞ്ഞിന് പാലുകൊടുക്കാമോ?
നൽകരുത്
വേനല്‍ക്കാലത്ത് മുലപ്പാല്‍ കൊണ്ട് മാത്രം കുഞ്ഞിന് ദാഹം മാറുമോ?
കുട്ടിക്ക് ആവശ്യമുള്ളത്ര വെള്ളം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുഞ്ഞിന് വെള്ളം വേറെ നല്‍കേണ്ട ആവശ്യമില്ല.
കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിലോ ആദ്യ ദിവസമോ സ്തനങ്ങളില്‍ പാല്‍ ചുരത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണം ?
കുട്ടിയെ മുലയൂട്ടുക. കുഞ്ഞ് ചപ്പിക്കുടിക്കുന്നതോടെ സ്തനങ്ങളില്‍ തനിയെ പാല്‍ ചുരത്തിത്തുടങ്ങും.
എന്താണ് കൊളസ്ട്രം ? കുഞ്ഞിന് അത് കൊടുക്കാമോ?
കുട്ടിയുണ്ടായി ആദ്യ രണ്ടു മൂന്നു ദിവസത്തേക്ക് സ്തനങ്ങളിലുള്ള മഞ്ഞ കലര്‍ന്ന കട്ടിയുള്ള പാലാണ് കൊളസ്ട്രം. ഇതില്‍ കുഞ്ഞിന് അത്യാവശ്യമായ വിറ്റാമിന്‍ എ യും ആന്‍റിബോഡികളും അടങ്ങിയിരിക്കുന്നു. വയറിളക്കം, അഞ്ചാംപനി, അണുബാധ എന്നിവയില്‍ നിന്ന് കൊളസ്ട്രം കുഞ്ഞിന് സംരക്ഷണം നല്‍കുന്നു. കൊളസ്ട്രം കുട്ടിയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
എന്തുകൊണ്ടാണ് ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതിയെന്ന് പറയുന്നത്?
ആദ്യ ആറുമാസം കുഞ്ഞിന് ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാലിലൂടെ കിട്ടും. അതിനാല്‍ ഈ കാലയളവില്‍ വെളളം, ചായ, മറ്റ് പാല്‍, പഴച്ചാര്‍, തേന്‍ തുടങ്ങിയവയൊന്നും കുഞ്ഞിന് നല്‍കേണ്ടതില്ല
എപ്പോള്‍ മുതലാണ് കുട്ടിക്ക് വെള്ളം കൊടുത്ത് തുടങ്ങേണ്ടത്?
ആറുമാസത്തിനുശേഷം മാത്രമേ കുഞ്ഞിന് വെള്ളമോ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ കൊടുത്തു തുടങ്ങാവൂ. ഇതിന് മുമ്പ് വെള്ളം കൊടുക്കുന്നത് നല്ലതല്ല.
കുഞ്ഞിന് ആവശ്യമുള്ളത്ര മുലപ്പാല്‍ എനിക്ക് ഉണ്ടാകുന്നില്ല. അതിനാല്‍ പാലുല്‍പ്പന്നങ്ങളോ ബേബി ഫുഡോ കുഞ്ഞിന് കൊടുക്കാമോ?
കുഞ്ഞിന് ആവശ്യമുള്ളത്ര മുലപ്പാല്‍ ഏതാണ്ട് എല്ലാ അമ്മമാരിലും ഉണ്ട്. ആദ്യ ആറുമാസം പാലുല്‍പ്പന്നങ്ങളോ ബേബി ഫുഡോ കുഞ്ഞിന് കൊടുക്കരുത്.
പ്രസവത്തിനുശേഷമുള്ള ആദ്യ ആറുമാസത്തിനുള്ളില്‍ എനിക്ക് ജോലിക്ക് പോകേണ്ടതുണ്ട്. ഞാന്‍ എങ്ങനെ കുഞ്ഞിനെ മുലയൂട്ടും.
കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനുള്ള നഴ്സിങ് ബ്രേക്ക് എടുക്കുക. ഇത് സാധ്യമല്ലെങ്കില്‍ മുലപ്പാല്‍ പ്രത്യേക രീതിയിലുള്ള കുപ്പികളിലേക്ക് എടുത്ത് റഫ്രിജിറേറ്ററില്‍ ശീതീകരിച്ച് സൂക്ഷിക്കുക. കുഞ്ഞിനെ നോക്കുന്നവര്‍ക്ക് കുപ്പിയില്‍ നിന്ന് പാല്‍ എടുത്ത് സ്പൂണ്‍ ഉപയോഗിച്ച് കുഞ്ഞിന് ആവശ്യാനുസരണം നല്‍കാനാകും.
(വിവരങ്ങള്‍ക്ക് കടപ്പാട് : യുനിസെഫ് കേരള- തമിഴ്നാട് വിഭാഗം)