Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലയൂട്ടൽ ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കുമെന്നു പഠനം

breast-feeding

രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ കഴിവ് കുറയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. സൂക്ഷിച്ചില്ലെങ്കില്‍ ഇത് പിന്നീട് കരളിനെ നശിപ്പിക്കുന്ന രോഗമാണ്. 

ശരീരത്തിലെ മാലിന്യങ്ങളേയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളേയും പുറന്തള്ളാന്‍ സഹായിക്കുന്നത് കരളാണ്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം ഏറെ ശ്രദ്ധയോടെ പരിപാലിക്കേണ്ടതാണ്. 

ഫാറ്റി ലിവര്‍ അപകടകരമായ രോഗമാണെന്ന് നമുക്കറിയാം അതേസമയം മുലയൂട്ടല്‍ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനം. ആറുമാസം കുഞ്ഞിനു തുടര്‍ച്ചയായി മുലയൂട്ടുന്ന അമ്മമാരില്‍ Non-alcoholic fatty liver disease (NAFLD) ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് കലിഫോർണിയ സർവകലാശാലയിൽ നടന്ന ഈ പഠനം പറയുന്നത്. 

ജേണൽ ഓഫ് ഹെപ്പറ്റോളജിയില്‍ ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അമ്മയുടെ പാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ മുലയൂട്ടുന്നത് അമ്മയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് എന്നാണ് ഈ പഠനം പറയുന്നത്. 

സാധാരണയായി ഫാറ്റി ലിവറിന് പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണപ്പെടാറില്ല. എങ്കിലും, ക്രമാതീതമായ ക്ഷീണം, വയറിനുമുകളില്‍ വലതുഭാഗത്ത് അനുഭവപ്പെടുന്ന വേദന മുതലായവ ഇതിന്റെ ലക്ഷണങ്ങളായി കാണാം.

ഒന്നോ അതിലധികമോ കുഞ്ഞുങ്ങളെ ആറുമാസം തുടര്‍ച്ചയായി മുലയൂട്ടുന്ന അമ്മമാരില്‍ നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ സാധ്യത വളരെ കുറവാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. 

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ശരിയാംവണ്ണം വ്യായാമം ചെയ്യുകയുമാണ് ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള മാർഗം. ഒരാളുടെ ജീവിതശൈലിയുമായി ഏറെ ഇഴുകിചേര്‍ന്ന് കിടക്കുന്ന രോഗമാണ് ഇത്. ശരിയായ ഡയറ്റ്, വ്യായാമം എന്നിവ കൊണ്ട് ഈ രോഗത്തെ തടയാന്‍ കഴിയും. ഇതിനൊപ്പം സ്ത്രീകള്‍ മുലയൂട്ടുന്നതും ഈ രോഗത്തെ പ്രതിരോധിക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.