ഇപ്പോൾ മരുന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിരിക്കുകയാണ്. പ്രായമായവർ മാത്രം മരുന്ന് കഴിച്ചു കൊണ്ടിരുന്ന കാലമൊക്കെ ഇപ്പോൾ മാറി. 30 വയസു പിന്നിട്ട ഭൂരിഭാഗം പേരും ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നുണ്ടാകും? ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിലേക്കു പലരേയും നയിച്ചിരിക്കുന്നതും. രാവിലെ കഴിക്കാൻ പറഞ്ഞ മരുന്നാണ്, ഇപ്പോൾ ഉച്ചസമയമായി, കുഴപ്പമൊന്നും ഉണ്ടാകില്ല എന്നു കരുതി കഴിക്കാൻ വരട്ടെ, മരുന്ന് കഴിക്കാനും സമയമുണ്ട്. നിങ്ങൾക്കു തോന്നിയതു പോലെ കഴിക്കാനുള്ളതല്ല മരുന്ന്. ഇതിനും അതിന്റേതായ സമയം ഏറെ പ്രധാനമാണ്.
മരുന്നിനു സമയമുണ്ട്
ചില ഭക്ഷണപാനീയങ്ങൾ മരുന്നിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും, എന്നാൽ മറ്റു ചിലവ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. മരുന്നിന്റെ രാസഘടനയിൽ മാറ്റം വരുത്തി, ശരിയായ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഭക്ഷണപദാർഥങ്ങളും ഉണ്ട്. എന്നാൽ മറ്റു ചില മരുന്നുകൾ ഭക്ഷണപദാർഥങ്ങളുമായി യാതൊരു പ്രവർത്തനവും ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല, ഭക്ഷണത്തിന്റെ സാന്നിധ്യം അവയെ ബാധിക്കുകയേ ഇല്ല.
അതുകൊണ്ട് ഒഴിഞ്ഞ വയറ്റിൽ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, ഭക്ഷണത്തിനു ശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, രാത്രിയിൽ കിടക്കാൻ നേരം കഴിക്കേണ്ടവ, എന്നിങ്ങനെ മരുന്നിന്റെ കവറിൽ ഫാർമസിസ്റ്റ് എഴുതിത്തരുന്ന നിർദേശങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്.
മരുന്ന് ശരീരത്തിലേക്ക്
മരുന്നിനെ ശരീരത്തിനകത്ത് പ്രവർത്തിക്കാനായി വായുവിലൂടെ കടത്തിവിടുമ്പോൾ ആദ്യം വയറ്റിലെത്തി അവിടുത്തെ അമ്ലാവസ്ഥയിൽ മരുന്നു ലയിച്ചുചേരുന്നു. അവിടെ നിന്നും ചെറുകുടലിലെത്തുമ്പോഴാണ് മരുന്നിന്റെ രക്തത്തിലേക്കുള്ള ആഗിരണം നടക്കുന്നത്. ഓരോ മരുന്നിന്റെയും ഒരു പ്രത്യേക അളവ് രക്തത്തിലെത്തിച്ചേർന്നാലേ ശരിയാംവണ്ണം രോഗശമനമുണ്ടാകൂ. ഭക്ഷണപാനീയങ്ങളിലെ ചില ഘടകങ്ങളും മരുന്നിന്റെ ആഗിരണത്തെ കുറയ്ക്കുന്നതിന് പങ്കുവഹിക്കാറുണ്ട്.
ആന്റിബയോട്ടിക്കുകളും ഭക്ഷണവും
ഭക്ഷണത്തിന്റെ സാന്നിധ്യത്തിൽ ആഗിരണം വളരെ കുറയുന്ന മരുന്നാണ് ആംപിസിലിൻ എന്ന ആന്റിബയോട്ടിക്. അതുപോലെ ടെട്രാസൈക്ലിൻ, സിംപ്രോഫ്ളോക്സിൻ എന്നീ ആന്റിബയോട്ടിക്കുകൾ, കാത്സ്യം അടങ്ങിയ മറ്റു മരുന്നുകളോടൊപ്പമോ അന്റാസിഡ് പോലെ മഗ്നീഷ്യവും അലുമിനിയവും ചേർന്ന മരുന്നുകളോടൊപ്പമോ കഴിക്കരുത്. മാത്രമല്ല പാലും, പാലുൽപ്പന്നങ്ങളും, ഈ ആന്റിബയോട്ടിക് മരുന്നുകളുടെ ആഗിരണം വളരെ കുറയ്്ക്കുകയും ചെയ്യും.
ഒഴിഞ്ഞ വയറ്റിൽ ഈ മരുന്നുകൾ കഴിക്കുന്നതാണ് നല്ല ഫലം കിട്ടാൻ സഹായിക്കുന്നതെങ്കിലും മിക്കവരിലും ഇത് വയറെരിച്ചിലും ഗ്യാസും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞ് ചെറിയൊരു ഇടവേളയ്ക്കു ശേഷം കഴിക്കുന്നതാണ് താരതമ്യേന നല്ലത്.
കാപ്പിയും ജ്യൂസും കുടിച്ചാൽ
ചില മരുന്നുകൾ കാപ്പി, ജ്യൂസ് മുതലായവയോടൊപ്പം കഴിച്ചാൽ ഫലം കുറയും. അസ്ഥി ദ്രവിക്കുന്നതിരെയുള്ള ചില മരുന്നുകൾ കാപ്പിയുടെയോ, ഓറഞ്ച് ജ്യൂസിന്റെയോ കൂടെ കഴിച്ചാൽ അറുപതു ശതമാനത്തോളം ആഗിരണം കുറയും.
മരുന്നിന്റെ ഉൽപാദകർ ഈ മരുന്ന്, ഒഴിഞ്ഞ വയറ്റിൽ, പ്രാതലിനു മുമ്പ് കഴിക്കണമെന്നു നിർദേശിക്കുന്നുണ്ട്. പ്രഭാതഭക്ഷണത്തിനു രണ്ടു മണിക്കൂർ മുമ്പു കഴിക്കുന്നതാണുത്തമം. ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ആഗിരണം കൂടുന്ന മരുന്നുകൾക്കുദാഹരണങ്ങളാണു സെഫുറോക്സിം എന്ന ആന്റിബയോട്ടിക്, സാക്വിനാവിർ എന്ന ആന്റി റിട്രോവൈറൽ മരുന്ന് എന്നിവ. മരുന്നിന്റെ അളവ് കുറയ്്ക്കാമെന്നതുകൊണ്ട് ഭക്ഷണത്തോടൊപ്പം കഴിക്കാനാണ് ഇവ നിർദേശിക്കപ്പെടുന്നത്.
നാരുകൾ ഫലം ചെയ്യുമോ?
ചില ഭക്ഷണപദാർഥങ്ങൾക്കു കുടലിനുള്ളിലെ ചലനങ്ങളുടെ വേഗത കൂട്ടാനുള്ള കഴിവുണ്ട്. എന്നാൽ നാരുകൾ, കൊഴുപ്പ് ഇവ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഈ വേഗതയെ കുറയ്ക്കും. ഇവയോടൊപ്പം ഉള്ളിലെത്തുന്ന മരുന്നുകൾ കുടലിനുള്ളിൽ ഏറെ സമയം തങ്ങിനിന്ന് കൂടുതൽ ആഗിരണം ചെയ്യപ്പെടും. എന്നാൽ വിഷാദരോഗത്തിനെതിരെ ഉപയോഗിക്കുന്ന അമിട്രിപ്റ്റിലിൻ നാരുകളുടെ പുറത്തു പറ്റിപ്പിടിച്ചിരിക്കുന്നതു മൂലം ഒപ്പം ഉപയോഗിച്ചാൽ ഫലം ലഭിക്കില്ല.
ഭക്ഷണത്തോടൊപ്പം കഴിക്കാം
വയറ്റിനുള്ളിലെ ശ്ലേഷ്മസ്തരത്തെ പ്രകോപിപ്പിക്കുന്ന ചില മരുന്നുകളുണ്ട്. അയൺ ഗുളികകൾ, നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫേളമേറ്ററി വിഭാഗത്തിൽപ്പെടുന്ന ആസ്പിരിൻ, ഡൈക്ലോഫിനാക് ഗുളികകൾ എന്നിവ ഉദാഹരണങ്ങളാണ്. ആമാശയസ്തരത്തിലെ പ്രകോപനം ഒഴിവാക്കാൻ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നതാണു നല്ലത്. പക്ഷേ, തുടർച്ചയായി വളരെക്കാലം ഇവ കഴിക്കുന്നത് ആമാശയസ്തരത്തിൽ കേടുപാടുകൾ ഉണ്ടാകാനും അത് ആമാശയവ്രണമുണ്ടാക്കുന്ന അവസ്ഥയിലേക്കെത്താനും കാരണമാകും.
മദ്യപിക്കുന്നവർ മരുന്നു കഴിക്കുമ്പോൾ
ചില മരുന്നുകൾ മൃദുവായി പ്രതിപ്രവർത്തിക്കും. അലർജി വിരുദ്ധ മരുന്നുകൾ, മെട്രോനിഡസോൾ എന്നിവയോടൊപ്പം മദ്യം കഴിക്കുന്നത് ഒഴിവാക്കണം. കേന്ദ്രനാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ചു ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുക, ഉറക്കം തൂങ്ങുക എന്നിവ രണ്ടിന്റെയും പൊതുസ്വഭാവമായതിനാൽ അത് രൂക്ഷമായ തോതിൽ പ്രകടമാവും. ഈ അവസ്ഥയിൽ വാഹനമോടിക്കുന്നത് അപകടത്തിലേക്കു നയിക്കുകയും ചെയ്യാം.
പുകവലിയും രാസവസ്തുക്കളും
പുകവലി ശീലമാക്കിയിട്ടുണ്ടെങ്കിൽ മരുന്നുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. രണ്ടായിരത്തോളം രാസപദാർഥങ്ങൾ പുകയോടൊപ്പം ഉള്ളിലെത്തും. അവയിൽ ചിലതെങ്കിലും മരുന്നുമായി പ്രതിപ്രവർത്തിക്കാൻ സാധ്യതകളേറെയാണ്. അതുകൊണ്ട് മരുന്നുപയോഗിക്കുമ്പോൾ പുകവലി ഒഴിവാക്കുന്നതാണ് ഏറെ നല്ലത്.
ചില മരുന്നുകൾ ഔഷധമായല്ലാതെ ദുരുപയോഗം ചെയ്യുന്നതു പൊതുവേ കണ്ടുവരുന്നുണ്ടല്ലോ. അത്തരം ശീലങ്ങളുള്ളവർ മറ്റു മരുന്നുകൾ കഴിക്കേണ്ടി വരുമ്പോൾ ഡോക്ടറുടെ ഉപദേശം തേടേണ്ടത് വളരെ ആവശ്യമാണ്.
മരുന്നും വയറെരിച്ചിലും
വയറ്റിനുള്ളിൽ ആസിഡിന്റെയും അമ്ലതയും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കും. പൂപ്പൽബാധയ്ക്കെതിരെ ഉപയോഗിക്കുന്ന കീറ്റോകൊണസോൾ എന്ന മരുന്ന് ഉദാഹരണമാണ്. അമ്ല മാധ്യമത്തിലാണ് ഈ മരുന്നു ശരിയായി ആഗിരണം ചെയ്യപ്പെടുന്നത്.
അൾസർ, നെഞ്ചെരിച്ചിൽ എന്നിവയ്ക്കെതിരെ ആസിഡിന്റെ ഉൽപാദനം കുറയ്ക്കുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്. ആസിഡിന്റെ ഉൽപാദനം കുറയ്ക്കുന്ന മരുന്നുപയോഗിച്ചുകൊണ്ടിരിക്കുന്ന രോഗികൾ പൂപ്പൽബാധയുണ്ടായി കീറ്റോകൊണസോൾ കഴിക്കേണ്ടതായി വന്നാൽ ഒരു അമ്ലപാനീയ(കോള)ത്തിനോടൊപ്പമോ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡിനോടൊപ്പമോ കഴിക്കണം. കാരണം അമ്ലമാധ്യമത്തിലല്ലെങ്കിൽ ഈ മരുന്ന് ആഗിരണം ചെയ്യപ്പെടുകയില്ല.
രുചി നശിപ്പിക്കുന്ന മരുന്ന്
ചില മരുന്നുകൾ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനുള്ള നാക്കിന്റെ കഴിവിനെ നഷ്ടപ്പെടുത്തും. മെട്രോനിഡസോൾ എന്ന മരുന്നിന്റെ അനുബന്ധ പ്രശ്നമാണു വായിൽ ഒരുതരം അരുചി തോന്നിപ്പിക്കുക എന്നത്. എന്നാൽ മറ്റു ചില മരുന്നുകൾ വിശപ്പില്ലാതാക്കും. ശരീരത്തിന് അത്യാവശ്യം വേണ്ട പോഷകഘടകങ്ങളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്ന മരുന്നുകളുണ്ട്. ഫുറോസിമൈഡ് പോലുള്ള, മൂത്രത്തിന്റെ അളവു കൂടുന്ന വിഭാഗം മരുന്നുകൾ കഴിക്കുമ്പോൾ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവു ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട പൊട്ടാസ്യം നഷ്ടപ്പെടുത്തുന്ന ഇത്തരം മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുന്ന രോഗികൾക്ക് ഒപ്പം കഴിക്കാൻ പൊട്ടാസ്യം അടങ്ങിയ മരുന്നുകൾ ഡോക്ടർ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഇല്ലെങ്കിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ (ഏത്തപ്പഴം, ഈന്തപ്പഴം, ബീൻസ്, ഉരുളക്കിഴങ്ങ്, സോയാബീൻസ്) കഴിക്കാം.
ബുദ്ധിമുട്ടു തോന്നിയാൽ
ശരീരത്തിലെ ഒരു പ്രത്യേക അവയവത്തിലോ, കലകളിലോ എത്തിച്ചേർന്നു പ്രവർത്തിച്ച് അസുഖപ്രശ്നങ്ങൾ പരിഹരിക്കാനാണല്ലോ മരുന്നുകൾ ഉപയോഗിക്കുന്നത്. ഈ ലക്ഷ്യം സാധിക്കുന്നതിന് മരുന്നിന് അതു പ്രവേശിക്കുന്ന ഭാഗത്തു നിന്ന് രക്തത്തിൽ കലർന്നു ഫലം ഉണ്ടാകേണ്ടയിടം വരെ സഞ്ചരിച്ച്, പ്രവർത്തനശേഷം പുറന്തള്ളപ്പെടേണ്ടതുണ്ട്. ഇതിനിടയിൽ മറ്റു മരുന്നുകളുമായോ, ഭക്ഷണപാനീയങ്ങളായോ, പോഷകഘടകങ്ങളായോ ഒക്കെ മരുന്ന് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ട്, അവയുമായി പ്രവർത്തിച്ചു ശരിയായ പ്രവർത്തനങ്ങൾക്കും സഞ്ചാരഗതിക്കും മാറ്റം സംഭവിക്കാം.
ഇവിട പറഞ്ഞവയൊക്കെ മരുന്നു ഭക്ഷണപാനീയങ്ങളുമായി പ്രവർത്തിച്ച് ഉണ്ടാക്കാവുന്ന നല്ലതും ചീത്തയുമായ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണ്. മരുന്നു കഴിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ അനുഭവങ്ങളും ബുദ്ധിമുട്ടുകളും ഭക്ഷണവുമായി ബന്ധപ്പെടുത്തി മനസിലാക്കാൻ ശ്രമിക്കുക. അങ്ങനെ എന്തെങ്കിലും പ്രത്യേകത തോന്നിയാൽ ഡോക്ടറെ അറിയിക്കണം.
ഓർമിക്കാൻ
∙ മരുന്നിന്റെ കവറിനു പുറത്തു നിർദേശിച്ചിരിക്കുന്ന വിധം അതാതു സമയത്തു മരുന്നു കഴിക്കാൻ ശ്രദ്ധിക്കുക.
∙ മരുന്നും ഭക്ഷണവും തമ്മിലുള്ള ഇടവേളകൾ കൃത്യമാക്കുക.
∙ ഗുളികകൾ തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം കഴിക്കുക.
∙ മരുന്നു കഴിക്കുമ്പോൾ ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടറെ വിവരമറിയിക്കണം.
∙ ഒന്നിലധികം മരുന്നുകൾ കഴിക്കുമ്പോൾ അവയ്ക്കിടയിലുള്ള ഇടവേളകൾ കൃത്യമാക്കുക.
∙ മരുന്നു കഴിച്ചുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതു ശ്രദ്ധിക്കുക.
ഭക്ഷണത്തിനു മുമ്പും പിമ്പും
ഭക്ഷണത്തെ ആശ്രയിച്ച് മരുന്ന് എപ്പോൾ കഴിക്കണമെന്നത് വളരെ പ്രധാനമാണ്. ഭക്ഷണത്തിനു മുമ്പ് എന്നോ, ഒഴിഞ്ഞ വയറ്റിൽ കഴിക്കുക എന്നോ ആണ് മരുന്നിനോടൊപ്പം നിർദേശിച്ചിരിക്കുന്നതെങ്കിൽ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ, ഭക്ഷണശേഷം രണ്ടു മണിക്കൂറിനു ശേഷമോ ആണ് മരുന്നു കഴിക്കേണ്ടത്. കാരണം ചില മരുന്നുകൾ ഒഴിഞ്ഞ വയറ്റിൽ ധാരാളം വെള്ളത്തിന്റെ കൂടെ കഴിക്കുമ്പോൾ നന്നായി ആഗിരണം ചെയ്യപ്പെടും. ആഗിരണത്തിന്റെ തോത് ഒരേ നിരക്കിലാവുകയും ചെയ്യും. പക്ഷേ, പൂപ്പൽബാധയ്ക്കെതിരെ ഉപയോഗിക്കുന്ന ഗ്രിസോയ ഫൾവിൻ എന്ന മരുന്നു കൊഴുപ്പു കലർന്ന ഭക്ഷണത്തിന്റെ കൂടെ കഴിച്ചാലാണ് മെച്ചപ്പെട്ട ആഗിരണം നടക്കുന്നതും നല്ല ഫലം കിട്ടുന്നതും.
ഇരുപതു മരുന്നു മുന്തിരിയോടൊപ്പം വേണ്ട
ചില മരുന്നുകൾ മുന്തിരിയുടെ കൂടെക്കഴിക്കുന്നതു മരുന്നിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇരുപതിലധികം മരുന്നുകളുമായി പ്രതിപ്രവർത്തിച്ച് അവയെ പല ഘടകങ്ങളാക്കി മാറ്റുന്നതിനുള്ള കഴിവു മുന്തിരിക്കുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മുന്തിരിയുമായി പ്രതിപ്രവർത്തിക്കുന്ന മരുന്നാണ്. കാപ്പിയിലും ശീതളപാനീയങ്ങളിലും മറ്റും അടങ്ങിയിരിക്കുന്ന കഫീനും ചില മരുന്നുകളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കും. ശീതളപാനീയങ്ങൾ, കാപ്പി, ചായ, മുന്തിരി മുതലായവയുടെ പഴച്ചാറുകൾ എന്നിവയോടൊപ്പം ഗുളികകളും ക്യാപ്സൂളുകളും വിഴുങ്ങുന്ന പ്രവണത പൊതുവെ കണ്ടുവരുന്നുണ്ട്. അത് ഒഴിവാക്കുകതന്നെ വേണം. മരുന്നിനോടൊപ്പം തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണു നല്ലത്.
ലീനാ തോമസ്, അസിസ്റ്റന്റ് പ്രഫസർ, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം, അമൃത സ്കൂൾ ഓഫ് ഫാർമസി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി.