കൊളസ്ട്രോള്‍ മരുന്നിനെ ഭയക്കേണ്ട

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകളെ ആശങ്കയോടെയാണ് പലരും കാണുന്നത്. കൊളസ്ട്രോള്‍ കുറഞ്ഞാലുടന്‍ മരുന്ന് നിര്‍ത്തുന്നവരുമുണ്ട്. ഈ മരുന്നുകളെ പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയുമുള്ള സാധാരണ സംശയങ്ങള്‍ക്ക് പരിഹാരങ്ങള്‍.

ഹാര്‍ട്ടറ്റാക്കും സ്ട്രോക്കുമുള്‍പ്പെടെ വരെ, മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായി അമിത കൊളസ്ട്രോള്‍ ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഹിതകരമായ അളവില്‍ കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഈ രോഗങ്ങളെ നന്നായി ചെറുക്കാനും കഴിയും. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും മാത്രം മതിയെന്നാണ് പലരും ചിന്തിക്കുന്നത്. തീര്‍ച്ചയായും അവരണ്ടും അവശ്യം തന്നെയാണ്. എന്നാല്‍ പരിധിവിട്ട് ഉയരുന്ന കൊളസ്ട്രോളിനെ തടഞ്ഞു, മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മരുന്നു ചികിത്സ കൂടിയേ തീരൂ.

കൊളസ്ട്രോള്‍ കൂടിയാല്‍ ഹൃദ്രോഗസാധ്യതയും വര്‍ധിക്കുമെന്നു ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കപ്പെട്ടിട്ട് ഏതാണ്ട് നാലുപതിറ്റാണ്ടാകുന്നു. എല്‍.ഡി.എല്‍. കൊളസ്ട്രോള്‍ ഒരു മില്ലിഗ്രാം ശതമാനം കൂടിയാല്‍ ഹൃദ്രോഗസാധ്യത രണ്ടുമുതല്‍ മൂന്നു ശതമാനം വരെ കൂടുതലാവുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊളസ്ട്രോള്‍ എന്ത്?

കൊളസ്ട്രോള്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു പദാര്‍ഥമാണ്. ശരീരപ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുവാനും, കോശങ്ങളുടെ നിര്‍മ്മാണത്തിനും ഉള്‍പ്പെടെ നിരവധി ശരീരാവശ്യങ്ങള്‍ക്ക് കൊളസ്ട്രോള്‍ വേണം. നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോളില്‍ 80 ശതമാനവും ശരീരം (കരള്‍) തന്നെ നിര്‍മിക്കുന്നു. ശേഷിക്കുന്ന 20 ശതമാനം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ശരീരത്തിലെത്തും. നല്ലതും ചീത്തയുമായ ഘടകങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിലുണ്ട്. ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് ആവശ്യത്തിലേറെയാണെങ്കില്‍ അതിനെ കുറയ്ക്കുന്നതിനാണ് പ്രധാനമായും മരുന്നുകഴിക്കുന്നത്. ഒപ്പം നല്ല കൊളസ്ട്രോളായ ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനിന്റെ (എച്ച്ഡിഎല്‍) അളവ് ആവശ്യമായ നിലയില്‍ ഉയര്‍ത്താനും ഒരു പരിധിവരെ മരുന്നു സഹായിക്കും. അതിന് ഏറ്റവും നല്ലത് വ്യായാമം തന്നെ.

മരുന്ന് അഞ്ചു തരം

കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ പ്രധാനമായും അഞ്ചു വിഭാഗത്തില്‍ പെടുന്നു.

  1. സ്റ്റാറ്റിന്‍ മരുന്നുകള്‍. 2. ബെല്‍ആസിഡ് അബ്സോര്‍പ്ഷന്‍ ഇന്‍ഹിബിറ്റേഴ്സ് 3. കൊളസ്ട്രോള്‍ അബ്സോര്‍പ്ഷന്‍ ഇന്‍ഹിബിറ്റേഴ്സ്, 4. ഫൈബ്രേറ്റ്സ്, 5. നിക്കോട്ടിനിക് ആസിഡ് എന്നിവയാണ് അവ. ഇതില്‍ സ്റ്റാറ്റിന്‍, ഫൈബ്രേറ്റസ്, നിക്കോട്ടിനിക് ആസിഡ് എന്നീ മൂന്നു വിഭാഗത്തില്‍പെട്ട മരുന്നുകള്‍ക്കാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം.

സ്റ്റാറ്റിന്‍ മരുന്നിന്റെ ഗുണം

കരളില്‍ കൊളസ്ട്രോള്‍ രൂപീകരണത്തിനു സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എന്‍സൈമാണ് HMG-CoA reductase. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അതിനുപയോഗിക്കുന്ന സ്റ്റാറ്റിനാണ് കൊളസ്ട്രോള്‍ മരുന്നുകളിലെ ഒന്നാമന്‍.

ഏഴുതരം സ്റ്റാറ്റിന്‍ മരുന്നുകളുണ്ടെങ്കിലും സിംവാസ്റ്റാറ്റിന്‍, അടോര്‍വാസ്റ്റാറ്റിന്‍, റോസു വാസ്റ്റാറ്റിന്‍, ലോവോസ്റ്റാറ്റിന്‍ എന്നീ നാലുമരുന്നുകളാണ് നമ്മുടെ നാട്ടില്‍ കൂടുതലായി ഉപയോഗിക്കുന്നത്. അഞ്ചു മില്ലിഗ്രാം മുതല്‍ 80 മില്ലിഗ്രാം വരെയാണ് സ്റ്റാറ്റിന്‍ മരുന്നുകളുടെ ഡോസ്. കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നതിനു പുറമേ വേറെയും ചില പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടി സ്റ്റാറ്റിനുകള്‍ നിര്‍വഹിക്കുന്നുണ്ട്.

രക്തപ്രവാഹം മെച്ചപ്പെടുത്തും

രക്തക്കുഴലിലെ തടസം ഉണ്ടാവുന്നതിനെ തടയുന്നുവെന്നതാണ് സ്റ്റാറ്റിന്‍ മരുന്നിന്റെ പ്രത്യേകത. രക്തക്കുഴലിലുള്ള ബ്ളോക്കുകള്‍ പൊട്ടി ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനെ തടയുന്നു. രക്തം കട്ട പിടിക്കുന്നതിനെ തടയുന്നു, രക്തക്കുഴലിലെ നീര്‍വീക്കം കുറയ്ക്കുന്നു എന്നിവയും ഈ മരുന്നിന്റെ പ്രധാന സവിശേഷതകളാണ്. ചില അവസരങ്ങളില്‍ കൊളസ്ട്രോള്‍ സാധാരണ നിലയിലെത്തിയാലും മരുന്നുതുടരണം എന്നു പറയാന്‍ ഇതാണു കാരണം.

സ്റ്റാറ്റിന്‍ മരുന്നുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 18-55% വരെയും ട്രൈഗിസറൈസ്ഡ് 7-30% വരെയും കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ചഡിഎല്‍ന്റെ അളവ് അഞ്ചു മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഹൃദ്രോഗം കൊണ്ടുള്ള മരണനിരക്ക്, ഹൃദയാഘാതത്തിന്റെ നിരക്ക്, പക്ഷാഘാതം, ആന്‍ജിയോപ്ളാസ്റ്റി, ബൈപാസ് സര്‍ജറി എന്നിവയുടെ എണ്ണം സ്റ്റാറ്റിന്‍ കഴിക്കുന്നവരില്‍ ഗണ്യമായി കുറയുന്നതായും കാണാം. ഒരിക്കല്‍ ഹാര്‍ട്ട് അറ്റാക്കുവന്നവര്‍ ശരിയായ രീതിയില്‍ സ്റ്റാറ്റിന്‍ മരുന്നു തുടര്‍ന്നുകൊണ്ടിരുന്നാല്‍ രണ്ടാമതൊരു അറ്റാക്കില്‍ നിന്നും രക്ഷപ്പെടാനും സാധിക്കുന്നു.

കരള്‍ തകരാറിലാക്കുമോ?

സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള പ്രധാന ആരോപണം അവ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നുവെന്നാണ്. എന്നാല്‍ അപൂര്‍വം പേരില്‍ മാത്രമേ സ്്റ്റാറ്റിന്‍ പാര്‍ശ്വഫലം പ്രകടിപ്പിക്കുന്നുള്ളൂവെന്നതാണ് വാസ്തവം. പതിവായി 20 mg സ്റ്റാറ്റിന്‍ കഴിക്കുന്ന 200 പേരില്‍ ഒരാള്‍ക്കും 80 mg കഴിക്കുന്ന നൂറില്‍ രണ്ടുപേര്‍ക്കുമാണ് കരളിനെ പ്രതികൂലമായി ബാധിക്കുന്ന പാര്‍ശ്വഫലം കാണുന്നത്. മരുന്നു നിര്‍ത്തുകയോ അളവു കുറയ്ക്കുകയോ ചെയ്താല്‍ ഇത് നേരെയാകും. പ്രത്യേക ചികിത്സ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. നോര്‍മല്‍ ആയതിനുശേഷം മറ്റൊരു സ്റ്റാറ്റിന്‍മരുന്ന് തുടങ്ങാം.

പേശീവേദന വന്നാല്‍

സ്റ്റാറ്റിന്‍ മരുന്നുകളുടെ മറ്റൊരു പാര്‍ശ്വഫലമാണ് പേശികളിലെ വേദന. എത്ര ശതമാനം പേരില്‍ ഇതു കണ്ടുവരുന്നു എന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായമുണ്ട്. ഏകദേശം അഞ്ചുശതമാനം പേരിലേ ഇത് ഉണ്ടാവുന്നുള്ളൂ. പേശീവേദനമൂലം മരുന്നു നിര്‍ത്തേണ്ടി വരുന്നവര്‍ വെറും 0.09% മാത്രം. ശരീരത്തില്‍ അങ്ങിങ്ങുള്ള പേശീവേദനയും സന്ധിവേദനയും സ്റ്റാറ്റിന്‍ കൊണ്ടാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇതു ശരിയല്ല.

ഇടക്കാലത്തായി സ്റ്റാറ്റിന്‍ കാന്‍സര്‍ കൂട്ടും എന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ അത് അസ്ഥാനത്താണെന്നു പിന്നീടു തെളിഞ്ഞു. പാര്‍ശ്വഫലങ്ങള്‍ എല്ലാതരം സ്റ്റാറ്റിന്‍ മരുന്നുകള്‍ക്കും ഒരുപോലെയാണ്. എന്നാല്‍ പേശീവേദന പ്രവാസ്റ്റാറ്റിനും ഫ്ളുവാസ്റ്റിറ്റിനും കുറവാണ്.

പരിശോധിച്ചറിയണം

സ്റ്റാറ്റിന്‍ കരളില്‍ തകരാറുണ്ടാക്കുമോയെന്ന് പരിശോധനയിലൂടെ മനസിലാക്കാനാവും. ലിവര്‍ എന്‍സൈം പരിശോധന മരുന്നു തുടങ്ങുന്നതിനു മുമ്പും കഴിച്ചുതുടങ്ങി മൂന്നുമാസത്തിനുശേഷവും പരിശോധിക്കണം. അതു കഴിഞ്ഞാല്‍ വേണമെങ്കില്‍ ഒരു വര്‍ഷം ആകുമ്പോഴും നോക്കാം. പിന്നീട് ആവശ്യമുണ്ടെങ്കിലേ നോക്കേണ്ടതുള്ളൂ. പേശിവേദന അനുഭവപ്പെട്ടാല്‍ Creatin Kinase എന്ന പരിശോധനയിലൂടെ സ്റ്റാറ്റിന്റെ പാര്‍ശ്വഫലമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കും.

കഴിക്കുന്നവര്‍ അറിയാന്‍

കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കുവാന്‍ പാടില്ല. എന്നാല്‍ അമിതവണ്ണം മൂലമുള്ള ഫാറ്റിലിവര്‍ ഉള്ളവര്‍ക്ക് മരുന്നുകഴിക്കാം. ഗര്‍ഭിണികളും പാലൂട്ടുന്നവരും ഈ മരുന്നുകള്‍ കഴിക്കരുത്.

സ്റ്റാറ്റിന് മരുന്നു കഴിക്കുന്നവര്‍ ചിലതരം ആന്റിബയോട്ടിക്കുകളും മരുന്നുകളും കഴിക്കുമ്പോള്‍ പേശീവേദന കൂടുതലാവും. അതിനാല്‍ സ്റ്റാറ്റിന്‍ കഴിക്കുന്ന കാര്യം മറ്റേതു ഡോക്ടറെ കാണുമ്പോഴും പറയാന്‍ മറക്കരുത്.

സംയുക്തമരുന്ന്

കഴിച്ചഭക്ഷണത്തില്‍ നിന്നും കൊളസ്ട്രോള്‍ വലിച്ചെടുക്കുന്നതിനെ തടയുന്ന മരുന്നാണ്(Cholesterol Absorption Inhibition) എസറ്റിമൈബ് (Ezetimibe). സാധാരണയായി ഈ മരുന്ന് സ്റ്റാറ്റിന് ഒപ്പം ആണ് കൊടുക്കുന്നത്. രണ്ടും കൂടിയായാല്‍ കൊളസ്ട്രോള്‍ നല്ലവണ്ണം കുറയും. ഈ മരുന്ന് ഒരു ശതമാനം ആളുകളില്‍ തലവേദനയും വയറിളക്കവും ഉണ്ടാക്കുന്നു. 0.1 മുതല്‍ 1% ആളുകളില്‍ സ്റ്റാറ്റിനെപ്പോലെ കരളിനും മസിലിനും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മരുന്നുനിര്‍ത്തിയാല്‍ അതു പൂര്‍വസ്ഥിതിലാവുന്നു.

നിക്കോട്ടിങ്ക് ആസിഡ്

നല്ല കൊളസ്ട്രോളായ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കൂട്ടാന്‍ ഫലപ്രദമായ മരുന്നാണ് നിക്കോട്ടിനിക് ആസിഡ്. താരതമ്യേന വില കുറഞ്ഞ ഈ മരുന്ന് ചെറിയ ഡോസില്‍ തന്നെ എച്ച്ഡിഎല്‍ കൂട്ടുന്നു. ഡോസുയര്‍ത്തിയാല്‍ എല്‍ഡിഎല്‍ കുറയ്ക്കാനും കഴിയും. എന്നാല്‍ സ്റ്റാറ്റിനുമായി തട്ടിച്ചുനോക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. ഇതു യൂറിക് ആസിഡ് കൂട്ടും. അതിനാല്‍ അപൂര്‍വമായി ഗൌട്ട് എന്ന അസുഖം ഉണ്ടാക്കുന്നു. ചര്‍മത്തില്‍ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടാകാനും സാധ്യതയുമുണ്ട്. വയറ്റിലെ അസ്വാസ്ഥ്യവും കൂടുതലാണ്.

ഫൈബ്രേറ്റ്സ്

ട്രൈഗിസറൈഡ്സിന്റെ അളവ് വളരെ കൂടുതലാണെങ്കില്‍ ആനുപാതികമായി എല്‍ ഡി എല്‍ കൊളസ്ട്രോളും കൂടിയെന്നു വരാം. ട്രൈഗിസറൈസ്ഡ് കുറയ്ക്കാനാണ് ഫൈബ്രേറ്റ്സ് വിഭാഗത്തില്‍പെട്ട മരുന്നുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ മരുന്നുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അഞ്ചു മുതല്‍ 20 ശതമാനവും ട്രൈഗിസറൈഡ്സ് 10 മുതല്‍ 35 ശതമാനവും കുറയ്ക്കുന്നു. എച്ച് ഡി എല്‍ 10-35 ശതമാനം വര്‍ധിപ്പിക്കാനും സഹായിക്കും.

ആരൊക്കെ കഴിക്കണം?

ഹൃദ്രോഗം വന്നവര്‍, ശരീരത്തിലെ മറ്റു രക്തക്കുഴലില്‍ ബ്ളോക്കുകള്‍ വന്നവര്‍, പ്രമേഹം ഉള്ളവര്‍, കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവര്‍- ഈ വിഭാഗങ്ങളില്‍പെട്ടവര്‍ മരുന്നു കഴിക്കണം. എല്ലാവര്‍ക്കും മരുന്ന് തുടങ്ങേണ്ട നില ഒന്നല്ല. എല്‍ഡിഎല്‍ എത്ര കുറയ്ക്കണം എന്നുള്ളതും എല്ലാവര്‍ക്കും വ്യത്യസ്തമാണ്. രാത്രി ഭക്ഷണത്തിനുശേഷമാണ് സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കേണ്ടത്. ശരീരം കൊളസ്ട്രോള്‍ ഉല്‍പാദിപ്പിക്കുന്നത് രാത്രിയിലാണ്. അതിനാല്‍ മരുന്നു രാത്രിയില്‍ കഴിക്കുന്നതാണു ഫലപ്രദം.

മരുന്ന് നിര്‍ത്താമോ?

കൊളസ്ട്രോള്‍ നില കുറഞ്ഞാലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കാലയളവു മുഴുവന്‍ മരുന്നുകഴിക്കണം. എത്രയായിരുന്നു ഉയര്‍ന്ന കൊളസ്ട്രോള്‍ നില, അപായഘടകങ്ങള്‍ എന്തൊക്കെയുണ്ട് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് മരുന്നു നിര്‍ത്താമോ എന്ന കാര്യം തീരുമാനിക്കുക. രക്തത്തില്‍ എല്‍ഡിഎല്‍ നില ഉയര്‍ന്നിരുന്ന കാലത്തത്രയും ധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടിയ കൊളസ്ട്രോള്‍ മൂലമുള്ള അപായഭീഷണി കൊളസ്ട്രോള്‍ കുറഞ്ഞെന്നുകരുതി ഇല്ലാതാകുന്നില്ല. ദീര്‍ഘകാലം കൊളസ്ട്രോള്‍ മരുന്നു കഴിക്കുന്നതു കൂടുതല്‍ സുരക്ഷ നല്‍കുമെന്നു തന്നെയാണ് മിക്ക പഠനങ്ങളും വെളിപ്പെടുത്തുന്നത്. കൊളസ്ട്രോള്‍ നിലയനുസരിച്ച് മരുന്നിന്റെ ഡോസ് ക്രമപ്പെടുത്തി കഴിക്കുന്നതാണ് ഉത്തമം.