നിങ്ങൾ സ്ഥിരമായി റോക്ക് സംഗീതം കേള്‍ക്കുന്നയാളാണോ? അല്ലെങ്കിൽ എയർപോർട്ടിലോ വലിയ ശബ്ദമുള്ള സ്ഥലങ്ങളിലോ ജോലി ചെയ്യുന്നയാളാണോ? എങ്കിൽ അധികം കാപ്പി കുടിക്കരുത്. ഇതു പറയുന്നത് കാനഡയിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്.
അത്യുച്ചത്തിലുള്ള ശബ്ദം അൽപ്പനേരം കേട്ടാൽ ആന്തരകർണത്തിലെ ലോലമായ ഭാഗങ്ങൾക്കു കേടുവരും. പക്ഷേ ആ തകരാർ തനിയെ പരിഹരിക്കപ്പെടുകയും ചെയ്യും. എന്നാൽ അമിതമായി കാപ്പി കുടിക്കുന്നവരുടെ കർണപുടത്തിന് തകരാർ പരിഹരിക്കാനുള്ള കഴിവു നഷ്ടപ്പെടുമെന്നു ഗവേഷകർ പറയുന്നു.
വലിയ ശബ്ദം ശ്രവിക്കുന്നവർക്ക് ആദ്യത്തെ 72 മണിക്കൂറിനുള്ളിൽത്തന്നെ ഇത്തരം െചറിയ തകരാറുകള്‍ പരിഹരിക്കപ്പെടാറുണ്ട്. പക്ഷേ അമിതമായി കാപ്പികുടിക്കുന്നവരിൽ ഇതു പരിഹരിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, തുടരുകയും ചെയ്യുമെന്ന് മക്ഗിൽ സർവകലാശാലയിലെ ഡോ ഫൈസൽ സവാവി പറയുന്നു.
ഇതു സംബന്ധിച്ച പരീക്ഷണം ഗിനി പന്നിയിലാണു നടത്തിയത്. ഏതായാലും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലുള്ളവരെയും ഭക്ഷണരീതിയുള്ളവരെയും കാപ്പികുടി ഒരേ രീതിയിലാണോ സ്വാധീനിക്കുകയെന്നതിനെക്കുറിച്ച് കൂടുതൽ പഠനം നടക്കുകയാണ്.