Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസകോശം സ്പോഞ്ചുപോലെയാണ്

lungs

''ശ്വാസകോശം സ്പോഞ്ചു പോലെയാണ് വായു വലിച്ചെടുക്കാനായി രൂപപ്പെടുത്തിയത്. പക്ഷേ, ചിലർ സിഗരറ്റിന്റെ പുക വലിച്ചുകയറ്റാൻ ലങ്സ് ഉപയോഗിക്കുന്നു....'' ഈ ഡയലോഗ് ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും. സിനിമ കാണാൻ തിയറ്ററിൽ കയറിയാൽ ആദ്യം കേൾക്കുന്നത് ഇതാണ്. അപ്പോൾ അതിനെ ചിരിച്ചു തള്ളുകയും ഇടവേള സമയത്ത് പരമാവധി സിഗരറ്റ് വലിച്ചുകയറ്റുകയും ചെയ്യുന്നവരാണ് പലരും. പക്ഷേ, ഒരിക്കലെങ്കിലും ഗൗരവത്തോടെ ചിന്തിച്ചിട്ടുണ്ടോ സ്പോഞ്ചു പോലുള്ള ആ ശ്വാസകോശം നമുക്ക് പണി തരുന്ന അവസ്ഥയെക്കുറിച്ച്?

എന്താണ് സിഒപിഡി?

ലോകത്ത് മരണകാരണങ്ങളായ രോഗങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ്). ശ്വാസനാളികൾക്കുള്ളിൽ നീർക്കെട്ട് ഉണ്ടാകുകയും ശ്വാസനാളികളുടെ വികാസം കുറയുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

പുകവലിയും അന്തരീക്ഷ മലിനീകരണവും അടുക്കളയിലെ പുക നിരന്തരം ശ്വസിക്കുന്നതുമാണ് സിഒപിഡിക്ക് പ്രധാന കാരണങ്ങൾ. ജനിതക, പരിസ്ഥിതി ഘടകങ്ങളും കാരണമാകാം. 40 വയസ്സു പിന്നിട്ടവർക്കാണ് പൊതുവെ ഈ രോഗം കാണാറുള്ളതെങ്കിലും ചെറുപ്പത്തിൽ തന്നെ ചെയിൻ സ്മോക്കർ ആയിട്ടുള്ളവർക്ക് വളരെ നേരത്തെ ഈ അസുഖം വരാം. മറ്റുള്ളവർ സിഗരറ്റ് വലിക്കുമ്പോൾ അതിന്റെ പുക ശ്വസിക്കുന്നവർക്കും (പാസീവ് സ്മോക്കിങ്) രോഗം വരാം. പക്ഷേ, സിഒപിഡി മറ്റൊരാളിലേക്ക് പകരില്ല.

ലക്ഷണങ്ങൾ

ശ്വാസതടസ്സമാണ് സിഒപിഡിയുടെ പ്രധാന ലക്ഷണം. തുടർച്ചയായുള്ള ചുമ, കഫക്കെട്ട്, കിതപ്പ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. രോഗാവസ്ഥയുടെ ആരംഭകാലത്ത് ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. അസുഖം കൂടുന്നതിന് അനുസരിച്ച് ഹൃദയം പോലെയുള്ള അവയവങ്ങളെ ബാധിക്കുകയും ഹൃദയത്തിന്റെ വലതുവശം വികസിക്കുകയും ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയേറുകയും ചെയ്യുന്നു.

ശ്വാസനാളികൾക്കുണ്ടാകുന്ന ക്ഷതം ചികിൽസിച്ച് 100% പഴയപോലെ ആക്കാൻ കഴിയില്ല. രോഗാവസ്ഥയുടെ കാഠിന്യം കുറയ്ക്കാനും മറ്റു പ്രശ്നങ്ങൾ തടയാനുമാണ് ചികിൽസ. ആസ്ത്‌മയാണെങ്കിൽ ചികിൽസയിലൂടെ ശ്വാസനാളത്തെ പൂർണമായും പൂർവാവസ്ഥയിൽ എത്തിക്കാൻ കഴിയും.

ലക്ഷണങ്ങൾ കൊണ്ട് സാമ്യമുണ്ടെങ്കിലും ആസ്‌ത്‌മയും സിഒപിഡിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്.

ചികിൽസ

രോഗിയുടെ ജീവിതസാഹചര്യങ്ങൾ പഠിച്ചശേഷം വിദഗ്ധ ഡോക്ടറുടെ നിർദേശ പ്രകാരം പൾമനറി ഫംക്‌ഷൻ ടെസ്റ്റ് (പിഎഫ്ടി) നടത്തി സിഒപിഡി ആണോ എന്ന് ഉറപ്പാക്കാം. രോഗിയുടെ അവസ്ഥ അനുസരിച്ച് ചിലപ്പോൾ ചിലർക്ക് എക്സ് റേ, ഇസിജി, ഇക്കോ തുടങ്ങിയ പരിശോധനകളും വേണ്ടിവന്നേക്കും. പുകവലി പൂർണമായി നിർത്തുകയാണ് ചികിൽസയുടെ ആദ്യഘട്ടം. തുടർന്ന് ഡോക്ടർമാർ നിർദേശിക്കുന്ന പ്രകാരം ശ്വാസനാളം വികസിക്കുന്നതിനുള്ള മരുന്നുകളും സ്റ്റിറോയ്ഡ് ഇൻഹെയ്‌ലറും കൃത്യമായി ഉപയോഗിക്കണം. മരുന്ന് നേരിട്ട് ശ്വാസകോശത്തിൽ എത്തിക്കാനും വേഗം രോഗശമനം ഉണ്ടാകാനും ഇൻഹെയ്‌ലർ സഹായിക്കും. സിഒപിഡിക്കുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകില്ല. സ്ഥിരമായ ശ്വാസകോശ തകരാർ (റസ്പിറേറ്ററി ഫെയിലർ) ആണെങ്കിൽ ശ്വസന സഹായ ഉപകരണങ്ങൾ വേണ്ടിവരും. രോഗിക്ക് രക്തത്തിൽ ഓക്സിജൻ അളവ് കുറയുകയാണെങ്കിൽ വീട്ടിൽ തന്നെ ഓക്സിജൻ കൊടുക്കാൻ സൗകര്യം ഒരുക്കേണ്ടി വരും.

സ്പൈറോമെട്രി

ശ്വസനപരിശോധനയെയാണ് സ്പൈറോമെട്രി എന്നു പറയുന്നത്. ശ്വാസകോശങ്ങളുടെ ഉള്ളിലേക്കും പുറത്തേക്കും വായു എത്തിക്കുന്ന ശ്വാസക്കുഴലുകളിലെ തടസ്സം അളക്കുന്ന ലളിതമായ പരിശോധനയാണ് സ്പൈറോമെട്രി. സിഒപിഡി ഉണ്ടോ എന്ന് സംശയം തോന്നിയാൽ സ്പൈറോമെട്രി ചെയ്യാവുന്നതാണ്.

copd-graph ഇന്ത്യയിലെ സിഒപിഡി നിരക്ക്

പൾമനറി റീഹാബിലിറ്റേഷൻ

ചികിൽസയുടെ ഭാഗമായി പൾമനറി റീഹാബിലിറ്റേഷനും ഉണ്ട്. ശ്വസന വ്യായാമം (ബ്രീത്തിങ് എക്സർസൈസ്) ഇതിന്റെ ഭാഗമാണ്. രോഗിയുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനും ശ്വാസകോശ പേശികളെ ബലപ്പെടുത്താനും കഴിയുന്ന വ്യായാമങ്ങളും ഭക്ഷണരീതികളും ബോധവൽക്കരണവും ഉൾപ്പെടുത്തിയാണ് പൾമനറി റീഹാബിലിറ്റേഷൻ നിശ്ചയിക്കുന്നത്.

രോഗികൾ സ്വീകരിക്കേണ്ട മുൻകരുതൽ

∙ നിർബന്ധമായും പുകവലി ഒഴിവാക്കണം.

∙ വീടുകളിൽ പരമാവധി ശുദ്ധവായു ഉറപ്പാക്കണം.

∙ രോഗികൾ കഫക്കെട്ടും ശ്വാസകോശ രോഗബാധയും ഉള്ളവരിൽനിന്ന് പരമാവധി അകലം പാലിക്കണം.

∙ ഇടക്കിടെ ശ്വാസകോശ അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സിഒപിഡി വന്നവർക്ക് ഇൻഫ്ലുവൻസ വാക്സിൻ, ന്യൂമോകോക്കൽ വാക്സിൻ എന്നിവ കൊടുക്കാറുണ്ട്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം.

∙ കൃത്യമായി ചികിൽസ ചെയ്തില്ലെങ്കിൽ രക്തത്തിൽ ഓക്സിജന്റെ അളവു കുറയുകയും കാർബൺ ഡൈ ഓക്സൈഡ് അളവു കൂടുകയും മരണത്തിനു വരെ കാരണമാകുകയും ചെയ്യാം. അതുകൊണ്ട് കൃത്യമായ ചികിൽസ തേടുക, മരുന്നുകൾ മുടങ്ങാതെ കഴിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. കെ. മധു കൺസൽറ്റന്റ് പൾമനോളജിസ്റ്റ് മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.