Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകയിലവിരുദ്ധ ദിനത്തിന്റെ പ്രസക്തി

no-tobacco-day

എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. രാജ്യന്തര തലത്തിൽ പൊതു ജനാരോഗ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുകയും അവ ഏകോപിപ്പിക്കുകയും ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം.

എന്താണീ ദിനത്തിന്റെ പ്രസക്തി ? പുകയില – പുകവലി ജന്യ രോഗങ്ങൾ സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഒരു വർഷം 60 ലക്ഷത്തോളം ആളുകളാണ് പുകയില ജന്യ രോഗങ്ങളാൽ മരണമടയുന്നത്. പുകവലിക്കാരുടെ സാമീപ്യം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജീവൻ വെടിയേണ്ടി വരുന്ന ആറു ലക്ഷത്തോളം പേരും ഈ കണക്കിലുണ്ട്. ഈ നിരക്കിൽ പോയാൽ 2030 ആകുമ്പോഴേക്കും ഇത്തരം പ്രശ്നങ്ങൾ മൂലം പ്രതിവർഷം 80 ലക്ഷം പേരുടെ ജീവൻ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ആരോഗ്യ സൂചികൾ വേണ്ടവിധം പരിശോധിക്കപ്പെടാത്ത ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലേയും സ്ഥിതി പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമാകാനാണിട. ഏകദേശം 10 ലക്ഷത്തോളം ഇന്ത്യക്കാർ വർഷം തോറും പുകയില ജന്യ രോഗങ്ങളാൽ മരണമടയുന്നു എന്നാണ് വർഷങ്ങൾക്കു മുമ്പുളള കണക്ക്. ഇന്നത് ഇരട്ടിയെങ്കിലും ആയിക്കാണും.

പുകയിലയുടെയും അതിന്റെ ഉൽപന്നങ്ങളുടേയും വിപണനം നിയന്ത്രിക്കാൻ ലോക രാഷ്ട്രങ്ങളും വിവിധ ആരോഗ്യ സംഘടനകളും കൊണ്ടു പിടിച്ചു ശ്രമിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചതും പുകവലി– പുകയില പരസ്യങ്ങൾ നിരോധിച്ചതുമൊക്കെ ഇതിനു വേണ്ടി തന്നെ.

ശ്വാസകോശ രോഗ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ (APCCM) അതിന്റെ സമ്മേളനങ്ങളുടെ മുഖ്യ പ്രമേയമായി തിരഞ്ഞെടുക്കുന്നത് മിക്കപ്പോഴും പുകയിലക്കും പുകവലിക്കും എതിരേ ആരോഗ്യ പ്രവർത്തകർ എന്ന സന്ദേശമാണ്.

എന്നാൽ ഇതിനെയൊക്കെ മറികടക്കാനാവും വിധം ശക്തമാണ് ഈ ബഹുരാഷ്ട്ര പുകയില കമ്പനികൾ. പല ലോക രാഷ്ട്രങ്ങളേയും നിയന്ത്രിക്കാനുളള പണവും സ്വാധീനവും അവർക്കുണ്ട്. കുട്ടികളിലും ചെറുപ്പക്കാരിലും തങ്ങളുടെ ബ്രാന്റിന്റെ ഓർമ്മ കുത്തിവെയ്ക്കുക എന്ന ലക്ഷ്യത്തോടെ കളികൾ സ്പോൺസർ ചെയ്യുക. ബ്രാന്റിന്റെ പേരുളള കളിപാട്ടങ്ങൾ സൗജന്യമായി നൽകുക തുടങ്ങി ഒട്ടനവധി രീതികളിൽ ഇത്തരം തന്ത്രങ്ങൾ ആവിഷ്കരിച്ചു വരുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കാൻ നമുക്കെല്ലാം ബാധ്യതയുണ്ട്.

ഇത്തരം പ്രവർത്തനങ്ങൾ തടയാനും വിവിധ ലോക രാജ്യങ്ങളിൽ നിയമങ്ങളുണ്ട്. ഇന്ത്യയിലും ഇതിന് തടയിടാനുളള നിയമങ്ങൾ ശക്തമത്രേ. എന്നാൽ ഈ ‘ഓൺ ലൈൻ’ യുഗത്തിൽ നിയമങ്ങൾ കൊണ്ടു മാത്രം കാര്യമില്ല. ഏതു സാധനവും ആർക്കും എവിടെയിരുന്നു വാങ്ങാവുന്ന ഒരു കാലത്താണ് നാമൊക്കെ ജീവിക്കുന്നത്. ലോകത്ത് ഇന്ന് വിൽക്കപ്പെടുന്ന പുകയില ഉൽപന്നങ്ങളുടെ പത്ത് ശതമാനത്തോളം അനധികൃത വ്യാപാരമാണ് (Illicit Trade) എന്നാണ് കണക്കുകൾ. ഇന്ത്യയടക്കമുളള പല രാജ്യങ്ങളിലും ഇത് ഈ കണക്കിലും കൂടുതലായിരിക്കാം. പുകയില നിയന്ത്രണ പരിപാടികളെ തകിടം മറിക്കുന്ന അനധികൃത വ്യാപരത്തിനെതിരേ വിരൽ ചൂണ്ടുന്ന സന്ദേശമാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്നത്.

പുകയില ഉൽപന്നങ്ങളുടെ അനധികൃത കച്ചവടം ഇല്ലാതാക്കുക അഥവാ നിർത്തുക(Stop illicit trace of tobaco products) എന്നതാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം. എന്താണീ മുദ്രാവാക്യത്തിന്റെ പ്രസക്തി ? ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പുകയിലക്കെതിരെ സന്ദേശം നൽകുന്നതിനു പകരം അനധികൃത വ്യാപാരത്തിനെതിരേയുളള മുഖ്യപ്രമേയമായി എടുത്തതെന്തിന് ? സംശയം സ്വാഭാവികം.

നിയമ വിധേയമല്ലാത്ത മാർഗ്ഗങ്ങളിലൂടെ പുകയില ഉൽപന്നങ്ങൾ വിലകുറച്ചുകിട്ടാൻ സാധ്യതയേറും. ഇത് കുട്ടികളിലും ചെറുപ്പകാരിലും പുകയില– പുകവലി ഉപയോഗം കൂട്ടാൻ കാരണമാകുന്നു. നികുതി വെട്ടിച്ച് രഹസ്യ മാർഗ്ഗങ്ങളിലൂടെ എത്തിക്കുന്ന ഇത്തരം ഉൽപന്നങ്ങളിൽ മറ്റ് അനധികൃത വസ്തുക്കളോ, അവകാശികളായ ഘടകങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കാൻ നിർവാഹമില്ലാതെ വരുന്നു. ഇതിനു പുറമേ അനധികൃത വ്യാപാരം ക്രിമിനൽ സംഘടനകളുടെ ഒത്തുചേരലിനും വളർച്ചയ്ക്കും അതുവഴി ഈ വ്യാപാരത്തിനു പുറമേ മയക്കു മരുന്നുകൾ അടക്കമുളള വസ്തുക്കളുടെ വിപണന ശൃംഖല വിപുലപെടാനും ഇടയാക്കാം. പുകയില നിയന്ത്രണ പരിപാടികളുടെ താളം തെറ്റിക്കുന്നതോടൊപ്പം ഇത്തരം വ്യാപാരം നമ്മുടെ സാമൂഹിക ജീവിതത്തേയും ബാധിക്കാം. ഇതുകൊണ്ടൊക്കെ തന്നെ പുകയില ഉൽപന്നങ്ങളുടെ അനധികൃത കച്ചവടം ഇല്ലാതാക്കാം.

ഡോ. പി. എസ്. ഷാജഹാൻ എംഡി, ഡിടിസിഡി

അസോസിയേറ്റ് പ്രൊഫസർ, പൾമണറി മെഡിസിൻ ഗവ. മെഡിക്കൽ കോളേജ് ആലപ്പുഴ.

സെക്രട്ടറി അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ(APCCM)

E mail : shajsafar@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.