Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം വരുന്നതെങ്ങനെ?

diabetes-thyrocare

ചില കണക്കുകൾ നിങ്ങളെ അലോസരപ്പെടുത്തും, പ്രത്യേകിച്ച് പ്രമേഹത്തെ ഗൗരവമായിയെടുക്കുന്നുണ്ടെങ്കിൽ. രണ്ടായിരത്തി മുപ്പതോടെ ലോകത്തു സെക്കൻഡിൽ ഒരാൾ പ്രമേഹം ബാധിച്ചു മരിക്കുന്ന അവസ്ഥ വരുമത്രേ ! കണക്കിലെന്തെങ്കിലും കഥയുണ്ടോയെന്നു ചോദിക്കാൻ വരട്ടെ. പ്രമുഖ പ്രമേഹരോഗ വിദഗ്ധനും രാജ്യാന്തര ഡയബറ്റിക് ഫെഡറേഷൻ പ്രസിഡന്റുമായ ഡോ. ഷൗക്കത്ത് ഷാദിക്കോത്ത് രണ്ടു മാസം മുൻപ് തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര കൺവൻഷനിൽ പറഞ്ഞ കണക്കാണിത്. ഒരു സാധാരണരോഗം എന്ന നിലയിലേക്കു പ്രമേഹം വളർന്നിട്ടും പലരും ഈ രോഗത്തെക്കുറിച്ച് അജ്ഞ‍രാണ്. രോഗത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവു പോലും ഇല്ലാത്തവരുണ്ട്. മറ്റു ചിലർക്കുള്ളത് തെറ്റായ ധാരണകളാണ്.

എന്താണ് പ്രമേഹം?
രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർ‌മോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ‍് ഈ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശര‍ീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെ പ്രമേഹം എന്ന് വിളിക്കുന്ന‍ു.

പ്രമേഹം വരുന്നതെങ്ങനെ?
ആഹാരം ദഹിച്ചുണ്ടാകുന്ന അന്നജം മധുരമുള്ളൊരു തൻമാത്രയായി മാറ്റപ്പെടുന്നു. ഇതാണ് ഗ്ലൂക്കോസ്. ഗ്ലൂക്കോസ് രക്തത്തിൽ കലർന്ന് ശരീരത്തിലെ കോശങ്ങളിൽ വേണ്ട വിധം എത്തിയാൽ മാത്രമേ നമുക്ക് ഊർജം ലഭിക്ക‍ൂ. ഗ്ലൂക്കോസിന്റെ ഈ സഞ്ചാരത്തിന് സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ആമാശയത്തിന്റെ പിന്നിലായി സ്ഥിതിചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിലുള്ള ബീറ്റാകോശങ്ങളാണ് ഇൻസുലിന്റെ ഉത്പാദകർ. എന്തെങ്കിലും കാരണംകൊണ്ട് വേണ്ടത്ര ഇൻസുലിൻ ഇല്ലാതെ വന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഇതാണ് രക്തത്തിൽ പഞ്ചസാര കൂടുന്നു എന്ന് നാം സാധാരണ പറയുന്ന പ്രമേഹം.

ഗ്ല‍‌ൂക്കോസും ഇൻസുലിനും തമ്മിലുള്ള ധാരണ തെറ്റിയാൽ പല പ്രശ്നങ്ങളാണ് ശരീരത്തിനുണ്ടാകുക. ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞുകൂടുന്നതോടെ ശരീരകോശങ്ങൾ ജോലിചെയ്യാൻ ഊർജ്ജം ലഭിക്കാതെ തളർന്ന് അവശരാകും. പ്രമേഹ രോഗികൾക്ക് തളർച്ചയുണ്ടാകാൻ കാരണമിതാണ്. അധികമുള്ള ഗ്ലൂക്കോസ് വ്യക്കയിലൂടെ അരിച്ചുകളയാൻ ശരീര‍ം ശ്രമിച്ച‍ുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ഇടക്കിടെ മൂത്രമൊഴിക്കാൻ രോഗിക്ക് തോന്നുന്നു. അമിതമായി ജല നഷ്ടം കൂട്ടും. ഇത് ദാഹം വർദ്ധിപ്പിക്കുന്നു. കിട്ടേണ്ട ഉൗർജം ലഭിക്കാതെ വരുമ്പോൾ കോശങ്ങൾ പതുക്കെ ഊർജം കടംവാങ്ങാൻ തുടങ്ങും. ശരീരത്തിലെ കൊഴുപ്പുകോശങ്ങളിൽനിന്നും പേശികളിൽനിന്നു മൊക്കെയാണ് ഈ കടംവാങ്ങാൽ നടത്തുന്നത്. തൽഫലമായി രോഗിയുടെ ശരീരത്തിൽനിന്ന് കൊഴുപ്പ് നഷ്ടപ്പെട്ട് ശരീരം മെലിയും.

പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാർ മാത്രമായിരിക്കണമെന്നില്ല പ്രമേഹത്തിലെ വില്ലൻ. ഇൻസുലിനെതിരായി പ്രവർത്തിക്കുന്ന ചില ഹോർമോണുകൾ അമിതമായി ശരീരത്തിലുണ്ടായാലും ഗ്ലൂക്കോസ് വിതരണത്തിൽ താളപ്പിഴയുണ്ടാകും. ഇത്തരം ഹോർമോണുകൾ ചിലപ്പോൾ ശരീരം അമിതമായി ഉല്പ‍ാദിപ്പിച്ചേക്കാം. ചിലർക്ക് മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളുടെ രൂപത്ത‍ിൽ ഇവ ശരീരത്തിൽ പ്രവേശിച്ചേക്കാം. പക്ഷേ ഇത്തരം പ്രമേഹങ്ങൾ വളരെ അപൂർവമാണ്.

പ്രായമായവർക്കു മാത്രമോ?
അല്ലേയല്ല. പ്രമേഹത്തിന് പ്രായമൊന്നും പ്രശ്നമല്ല. കൊച്ചുകുട്ടികൾ മുതൽ പല്ലുകൊഴിഞ്ഞ അപ്പൂപ്പൻ മാർ‌വരെ ഏത് പ്രായമുള്ളവർക്കും പ്രമേഹം വരാം. എന്നാൽ കൂടുതലായും മുതിർന്നവരിലാണ് കണ്ടുവരുന്നതെന്നു മാത്രം.

പലതരം പ്രമേഹമുണ്ടോ?
ശരിയാണ്. പ്രമേഹത്തെ നാലായി തരംതിരിക്കാം. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെ. ഇതിൽ ‍ടൈപ്പ് 1, ടൈപ്പ് 2 എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള പ്രമേഹം.

പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങൾ ശരിയായവിധത്തിൽ പ്രവർത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇൻസുലിൻ ശരീരത്തിൽ ഉണ്ടാകാതിരിക്കുകയും ചെയ്താൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 1. കുട്ടികളെയും ചെറുപ്പക്കാരെയുമൊക്കെയാണ് ഇത് പിടികൂടാറുള്ളത്. ശരീരത്തിലെ പ്രതിരോധകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ഇൻസുലിൻ ഉൽപാദകരായ ബീറ്റകോശങ്ങളെ നശിപ്പിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം. ഇത്തരം രോഗികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്ക്കേണ്ടിവരും.

ഇൻസുലിൻ ഉത്പാദനം നിലയ്ക്കുന്നതിനേക്കാൾ അതിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലമുള്ള പ്രമേഹമാണ് നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്നത്. ഇതിനെയാണ് ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കുന്നത്. നമ്മുടെ നാട്ടിലെ പ്രമേഹരോഗികളിൽ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. ജീവിതശൈലി മാറ്റം കൊണ്ടും ഗുളികകൾ കഴിച്ചുമൊക്കെ നിയന്ത്രിക്കാവുന്ന ഈ പ്രമേഹത്തിന് പഴക്കം ചെല്ലുന്നതോടെ ഇൻസുലിൻ വേണ്ടിവരും.

ടൈപ്പ് മൂന്നും നാലും
പാൻക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാർ മൂലമാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്. പാൻക്രിയാസ് മാറ്റിവയ്ക്കുകയോ, സ്റ്റിറോയ്ഡോ മറ്റോ കഴിച്ചോ പാൻക്രിയാസ് പ്രവർത്തനരഹിതമാവുമ്പോഴാണ് പ്രമേഹം ടൈപ്പ് 3 ആകുന്നത്. ടൈപ്പ് 4 പ്രമേഹത്തെ ഗർഭകാല പ്രമേഹം എന്നാണ് വിളിക്കുക. പേരുപോലെതന്നെ ഗർഭകാലത്തുമാത്രമാണ് ഇത് കാണപ്പെടുന്നത്. സാധാരണയായി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഇത് മാറാറുണ്ട്. ഗർഭകാല പ്രമേഹത്തെ വേണ്ടരീതിയിൽ ഗൗനിക്കാതിരുന്നാൽ കുട്ടിക്കും അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഗർഭകാല പ്രമേഹം ഭാവിയിൽ ടൈപ്പ് 2 പ്രമേഹമായി മാറാനും സാധ്യതയുണ്ട്. ‌

പ്രമേഹലക്ഷണങ്ങൾ
പ്രമേഹത്തിന് പല ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ ചിലതുണ്ടെന്നുവച്ച് അത് പ്രമേഹം മൂലമായിക്കൊള്ളണമെന്നുമില്ല. അമിതമായ ദാഹം, മൂത്രം അമിതമായി പോകൽ, കൂടിയ വിശപ്പ്, മ‍ുറിവുണങ്ങനുള്ള കാലതാമസം, അമിതമായ ക്ഷീണം, കൈകാൽ കഴപ്പും വേദനയും എന്നിവയൊക്കെ ലക്ഷണങ്ങളിൽ പെടും. എന്നാൽ പകുതിപ്പേർക്കും ഈ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. അതുകൊണ്ട് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് പരിശോധിച്ചുതന്നെ വേണം പ്രമേഹം തീർച്ചപ്പെടുത്താൻ.

എങ്ങനെ കണ്ടെത്താം?
രക്തത്തിലെ ഗ്ല‍ൂക്കോസിന്റെ അളവ് കൂടുന്ന രോഗവസ്ഥ ആയതിനാൽ രക്തപരിശോധന തന്നെയാണ് പ്രമേഹം കണ്ടെത്താനുള്ള ഫലപ്രദമായ മാർഗം. രണ്ട് രീതിയിലുള്ള രക്തപരിശോധനകളുണ്ട്. ഫാസ്റ്റിങ് ബ്ലഡ് ഷുഗർ(എഫ്ബിഎസ്), പോസ്റ്റ് പ്രാൻഡിയ്ൽ ബ്ലഡ് ഷുഗർ (പിപിബിഎസ്) എന്നിവയാണ് അവ. രോഗി ഒരു നിശ്ചിത സമയത്തിനുശേഷം ആഹ‍ാരം കഴിക്കാതെയിരുന്ന ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോക്കുന്നതാണ് എഫ്ബിഎസ്. രോഗത്തിന്റെ തുടക്കക്കാരിൽ ചിലപ്പോൾ എഫ്ബിഎസ് അളവ് സാധാരണനിലയിലായിരിക്കാം. ഇതിനാൽ രോഗം ശ്രദ്ധയ‍ിൽ പെടാതെ പോകാൻ സാധ്യതയുണ്ട്. സാധാരണ ഭക്ഷണത്തിനു ശേഷമോ അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ച ശേഷമോ നടത്തുന്നതാണ് പിപിബിഎസ് ടെസ്റ്റ്. ഈ രണ്ടു ടെസ്റ്റുകളും നടത്തിയാൽ രോഗനിർണയം സാധ്യമാണ്. 12 മണിക്കൂർനേരം ഭക്ഷണം കഴിക്കാതെയിരുന്നശേഷം നടത്തുന്ന ഫാസ്റ്റിങ് പ്ലാസ്മ ഗ്ലൂക്കോസ് പരിശോധനയിൽ ഗ്ലൂക്കോസിന്റെ അളവ് 126mg/dl-ഒാ അതിൽ കൂടുതലോ ആണെങ്ക‍ിൽ അത് പ്രമേഹരോഗമാണ്. 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ച ശേഷം നടത്തുന്ന ഒാറൽ ഗ്ലുക്കോസ് ടോളറൻസ് ടെസ്റ്റിലെ അളവ് 200mg/dl-ൽ കൂടുതലായാലും പ്രമേഹാവസ്ഥയാണ്. എപ്പോഴും ചെയ്യാവ‍ുന്ന റാൻഡം പ്ലാസ്മാ ഗ്ല‍ൂക്കോസ് ടെസ്റ്റിൽ ഗ്ലൂക്കോസിന്റെ അളവ് 200mg/dl-ൽ കൂടുതൽ വന്നാലും പ്രമേഹം തന്നെ. പ്രമേഹം കണ്ടെത്താനുള്ള മറ്റൊരു പരിശോധനയാണ് HbA1c അഥവ‍ാ ഗ്ലൈാബിൻ ടെസ്റ്റ്. രക്തത്തിലെഗ്ലൂക്കോസ് നില അമിതമാകുന്നതോടെ ചുവന്ന രക്താണുക്കളുമായി ഗ്ലൂക്കോസ് തൻമാത്രകൾ ബന്ധം സ്ഥാപിക്കുന്നു. ഇവയെയാണ് ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ല‍ോബിൻ എന്ന് പറയുന്നത്. ഹീമോഗ്ലോബിൻ കോശങ്ങളുടെ ആയുസ് 90-120 ദിവസമായതിനാൽ HbA1cടെസ്റ്റ് നടത്തി കഴിഞ്ഞ മൂന്നുമാസത്തെ ബ്ലഡ് ഷുഗർ നിലയുടെ ശരാശരി മനസ്സിലാക്കാം. മറ്റ് പരിശോധനകളിൽന‍ിന്ന് വ്യത്യസ്തമായി ഭക്ഷണത്തിന് മുൻപ്, ശേഷം എന്നൊന്നും നോക്കാതെ ഈ ടെസ്റ്റ് നടത്താമെന്നതാണ് ഈ പരിശോധനയുടെ ഗുണം. ഇത് കൂടുതൽ കൃത്യതയുള്ളതുമാണ്. അമേര‍ിക്കൻ ഡയബെറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തിൽ HbA1c കൗണ്ട് 6.5-ൽ കൂടുതലാണെങ്കിൽ അത് പ്രമേഹമായി കണക്കാക്കാം.

പ്രമേഹം തടയാനുള്ള നടപടികൾ
∙ ഭക്ഷണക്രമം ക്രമീകരിക്കുക
∙ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക
∙ ഇടവേളകളിലെ ഭക്ഷണം ഒഴിവാക്കുക
∙ കലോറി കൂടിയ ഭക്ഷണം ഒഴിവാക്കുക
∙ അമിത വണ്ണം കുറയ്ക്കുക. ഇപ്പോഴുള്ള ഭാരത്തിൽ നിന്നു 5% ശരീരഭാരം കുറയ്ക്കാനായാൽത്തന്നെ പ്രമേഹത്തെ പിടിച്ചു നിർത്താം.

∙ ബോഡി മാസ് ഇൻഡെക്സ് 24ൽ താഴെ നിലനിർത്തുക
∙ ഒന്നര മണിക്കൂറിൽ കൂടുതൽ ഇരുന്നു ജോലി ചെയ്യരുത്
∙ ആഴ്ചയിൽ രണ്ടര മണിക്കൂറെങ്കിലും ൈസക്ലിങ്, സ്വിമ്മിങ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യണം

∙ രണ്ടു ദിവസത്തിൽ കൂടുതൽ വ്യായാമം ഒഴിവാക്കരുത്.
∙ മദ്യപാനവും പുകവലിയും ഒഴിവാക്കുക
∙ അമിതവണ്ണമുള്ള കുട്ടികൾ ദിവസം ഒരു മണിക്കൂർ വ്യായാമം ചെയ്യണം.

 വിവരങ്ങൾക്കു കടപ്പാട് : തൈറോകെയർ