പ്രമേഹം മൂലം കണ്ണിന്റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇതുകാരണം നേത്രാന്തരപടലത്തിലെ രക്തക്കുഴലുകള്‍ക്ക് നീരുവരാനും പുതിയ രക്തക്കുഴലുകള്‍ വളര്‍ന്നുവരികയും അതുപൊട്ടി കണ്ണിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയും നേത്രാന്തരപടലം ഇളകിവരാനും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഡയബറ്റിക് റെറ്റിനോപതി ഉണ്ടെങ്കില്‍ തുടക്കത്തില്‍ അത് നിങ്ങളുടെ കാഴ്ചയെ ബാധിക്കില്ല. ഡയബറ്റിക് റെറ്റിനോപതി സാധാരണയായി രണ്ടു കണ്ണിനെയും ബാധിക്കും. മുന്‍കൂട്ടിയുള്ള കണ്ടെത്തലും ചികിത്സയും കൊണ്ട് കാഴ്ച നഷ്ടപ്പെടുന്നത്. ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.
ഡയബറ്റിക് റെറ്റിനോപതിയുടെ നാലു ഘട്ടങ്ങൾ
∙ മൈൽഡ് നോൺപ്രോലിഫെറേറ്റീവ് റെറ്റിനോപതി
ഇത് ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യ ഘട്ടമാണ്. ഈ ഘട്ടത്തില്‍ രക്തക്കുഴലുകള്‍ വികസിച്ച് ബലൂണ്‍ പോലെയാകുന്നു. ഇതിനെ മൈക്രോ അന്യൂറിസം എന്നുവിളിക്കുന്നു. ഇതിനോടൊപ്പം ചെറിയ രക്തക്കട്ടകളും കാണുന്നു. കണ്ണിന്റെ ഞരമ്പിന് ക്ഷതമേറ്റതിന്റെ പാടുകളും കാണാവുന്നതാണ്. ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും കാഴ്ച മങ്ങല്‍ അനുഭവപ്പെടണമെന്നില്ല.
∙ മോഡറേറ്റ് നോൺപ്രോലിഫറേറ്റ് റെറ്റിനോപതി
ഇത് ഡയബറ്റിക് റെറ്റിനോപതിയുടെ രണ്ടാമത്തെ ഘട്ടമാണ്. ഈ ഘട്ടത്തില്‍ മൈക്രോ അന്യൂറിസവും രക്തക്കട്ടകളും ഞരമ്പിന് ക്ഷതമേറ്റ പാടുകളും കൂടുതലായി കാണപ്പെടുന്നു. ഇതുമൂലം കണ്ണിന്റെ ഞരമ്പിന്റെ രക്തയോട്ടം കുറയുവാനും കാഴ്ച മങ്ങാനുമുള്ള സാധ്യതയുണ്ട്.
∙ സിവിയർ നോണ്‍പ്രോലിഫറേറ്റീവ് റെറ്റിനോപതി
ഈ ഘട്ടത്തില്‍ കണ്ണിന്റെ നേത്രാന്തര പടലത്തില്‍ കൂടുതല്‍ ഭാഗത്ത് ഇത് ബാധിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇതുമൂലം പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകാനുള്ള പ്രവണതയുണ്ടാകുന്നു.
∙ പ്രോലിഫറേറ്റീവ് റെറ്റിനോപതി
ഇത് ഡയബറ്റികം റെറ്റിനോപതിയുടെ ഗുരുതരമായ അവസ്ഥയാണ്. ഈ ഘട്ടത്തില്‍ പുതിയ രക്തക്കുഴലുകള്‍ നേത്രാന്തര പടലത്തില്‍ വളരുകയും അത് കണ്ണിന്റെ ബാക്കിയുള്ള ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇതു ചികിത്സിക്കാതെയിരുന്നാല്‍ കാഴ്ച കുറയുവാനും ക്രമേണ അന്ധതയ്ക്കും ഇടയാക്കിയേക്കാം.
ഡയബറ്റിക് റെറ്റിനോപതി കണ്ണിനെ ബാധിക്കുമ്പോൾ
കേടുവന്ന രക്തധമനികളില്‍ നിന്നും പുതിയതായി വളര്‍ന്ന ദുര്‍ബലവും അസാധാരണവുമായ രക്തധമനികളില്‍ നിന്നും ദ്രാവകവും രക്തവും റെറ്റിനയുടെ ഉള്ളലേക്കു പോകുന്നു. റെറ്റിനയുടെ നടുവിലുള്ള മാക്കുല എന്ന ഭാഗത്തെയാണ് ഇതു കൂടുതലും ബാധിക്കുന്നത്. ഇതിനെ മാക്കുലാര്‍ എഡിമ എന്നുവിളിക്കുന്നു. ഇതാണ് പ്രമേഹരോഗികളില്‍ കാഴ്ചക്കുറവിനുള്ള പ്രധാന കാരണം. ഈ ദുര്‍ബലമായ രക്തധമനികളില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയും അത് വിട്രോസ് ക്യാവിറ്റിയിലേക്ക് ഒഴുകുകയും വിട്രൗസ് ഹെമറേജ് എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇങ്ങനെയും ഗുരുതരമായ കാഴ്ച നഷ്ടം ഉണ്ടാകുന്നതാണ്.
ഡയബറ്റിക് റെറ്റിനോപതി സാധ്യത
എല്ലാ പ്രമേഹരോഗികളും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സമ്പൂര്‍ണ്ണ നേത്രപരിശോധന ചെയ്യേണ്ടത് അനിവാര്യമാണ്. ദീര്‍ഘകാലമായി പ്രമേഹമുള്ളവരില്‍ ഡയബറ്റിക് റെറ്റിനോപതിക്കുള്ള സാധ്യതകള്‍ ഏറെയാണ്.
ഡയബറ്റിക് റെറ്റിനോപതി ഒരു പരിധിവരെ ചികിത്സിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ഡോക്ടര്‍ നിങ്ങള്‍ക്കു ചേര്‍ന്ന ചികിത്സാ രീതി നിര്‍ദ്ദേശിക്കുന്നതാണ്. ഒപ്പം രോഗത്തിന്റെ പുരോഗതി നിരീക്ഷിച്ച് നിയന്ത്രിക്കുന്നതുമാണ്.
ഗര്‍ഭിണികളില്‍ പ്രമേഹം കണ്ണനെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. കാഴ്ച സംരക്ഷിക്കുന്നതിന് എല്ലാ പ്രമേഹരോഗമുള്ള ഗര്‍ഭിണികളും ഡൈയലേറ്റഡ് ഐ എക്‌സാമിനേഷന് വിധേയമാകേണ്ടതാണ്.
കാഴ്ച സംരക്ഷിക്കാം
ഡൈയലേറ്റഡ് ഐ എക്‌സാം
നിങ്ങളുടെ കണ്ണുകളില്‍ തുള്ളിമരുന്ന് ഒഴിച്ച് കൃഷ്ണമണികള്‍ വികസിപ്പിച്ചതിനു ശേഷം ഡോക്ടര്‍ നിങ്ങളുടെ കണ്ണന്റെ ഉള്‍ഭാഗം നന്നായി പരിശോധിക്കും. കേടുപാടിന്റെ എന്തെങ്കിലും ലക്ഷണങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടോ എന്നറിയുന്നതിനായി വലുതായി കാണാന്‍ കഴിയുന്ന ഒരു ലെന്‍സ് ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയും കണ്ണിലെ ഞരമ്പുകളും പരിശോധക്കുന്നു.
ബ്ലഡ് ഷുഗർ കണ്‍ട്രോൾ
രക്തത്തിലെ ഷുഗറിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നതിലൂടെ പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപതിയും കിഡ്‌നിയുടെയും ഞരമ്പിന്റെയും പ്രശ്‌നങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
ഡയബറ്റിക് റെറ്റിനോപതി എങ്ങനെ മനസിലാക്കാം?
ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യ ഘട്ടത്തില്‍ ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. അതിനാല്‍തന്നെ, സമ്പൂര്‍ണ്ണ പരിശോധനയില്ലാതെ ഡയബറ്റികം റെറ്റിനോപതി തുടക്കത്തില്‍ കണ്ടുപിടി്ക്കാനാവില്ല. രോഗം പുരോഗമിക്കുന്നതിലൂടെ കാഴ്ചയ്ക്കു മങ്ങല്‍ അനുഭവപ്പെടാന്‍ തുടങ്ങും. കണ്ണിനു മുന്നില്‍ കറുത്തപടലങ്ങള്‍ ഉള്ളതുപോലെ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു റെറ്റിന സ്‌പെഷ്യലിസ്റ്റിനെ കാണേണ്ടതാണ്. നിങ്ങളുടെ കാഴ്ചയിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ കഴിവതും വേഗം നിങ്ങളുടെ നേത്ര ഡോക്ടറെ കാണേണ്ടത് വളരെ പ്രധാനമാണ്.
ഡയബറ്റിക് റെറ്റിനോപതി നിര്‍ണ്ണയിക്കുന്നതെങ്ങനെ?
ഡൈലേറ്റഡ് ഐ എക്‌സാമിനേഷൻ
കണ്ണുകളില്‍ തുള്ളിമരുന്ന് ഒഴിച്ച് കൃഷ്ണമണികള്‍ വികസിപ്പിച്ചതിനു ശേഷം ഡോക്ടര്‍ നിങ്ങളുടെ കണ്ണന്റെ ഉള്‍ഭാഗം നന്നായി പരിശോധിക്കുന്നു. കേടുപാടിന്റെ എന്തെങ്കിലും ലക്ഷണങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടോ എന്നറിയാനായി വലുതായി കാണാന്‍ സാധിക്കുന്ന ഒരു ലെന്‍സ് ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയും കണ്ണിലെ ഞരമ്പുകളും പരിശോധിക്കുന്നു.
കളർ ഫണ്ടസ് ഫോട്ടോഗ്രാഫി
ഈ ടെസ്റ്റില്‍ ഒരു മൈക്രോ സ്‌കോപ് ഘടിപ്പിച്ചുള്ള ഒരു സ്‌പെഷ്യല്‍ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ കണ്ണിനുള്ളിലെ പ്രതലത്തിന്റെയും റെറ്റിനയുടെയും ഫോട്ടോ എടുക്കുന്നു.
ഫ്ലൂറസീന്‍ ആൻജിയോഗ്രാം
നിങ്ങളുടെ കയ്യിലെ ഞരമ്പില്‍ ഒരു മരുന്നു കുത്തിവയ്ക്കുകയും രക്തധമനികളിലൂടെ മരുന്നു കടന്നുപോകുമ്പോള്‍ റെറ്റിനയിലെ രക്തധമനികളുടെ ഫോട്ടോയെടുക്കുകയും ചെയ്യുന്നു. ചോര്‍ച്ചയുള്ള രക്തധമനികളുണ്ടോയെന്നു മനസിലാക്കാന്‍ ഈ ടെസ്റ്റ് സഹായിക്കുന്നു.
ഒപ്റ്റിക്കൽ കോഹറൻസ് മോണോഗ്രാഫി
ഈ ടെസ്റ്റില്‍ ഒരു സ്‌പെഷ്യല്‍ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയുടെ ഫോട്ടോ എടുക്കുന്നു. റെറ്റിനയിലെ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഈ ടെസ്റ്റ് ഡോക്ടറെ സഹായിക്കുന്നു.
നോൺ പ്രോലിഫെറെറ്റീവ് റെറ്റിനോപതി ചികിത്സ എങ്ങനെ?
ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ സാധാരണഗതിയില്‍ ചികിത്സ ആവശ്യമില്ല. പ്രമേഹവും കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രണത്തില്‍ വച്ചാല്‍ ഡയബറ്റിക് റെറ്റിനോപതി അടുത്ത ഘട്ടങ്ങളിലേക്കു പുരോഗമിക്കുന്നത് നമുക്ക് തടയാനാകും. പക്ഷേ, മാക്കുലര്‍ എഡിമ ഉണ്ടെങ്കില്‍ ചികിത്സിക്കേണ്ടത് അത്യവശ്യമാണ്.
മാക്കുലർ എഡിമ ചികിത്സ
ലേസര്‍ ട്രീറ്റ്‌മേന്റ്: ഈ ചികിത്സയില്‍ രക്തധമനികളില്‍ ചോര്‍ച്ചയുള്ള ഭാഗത്തേക്ക് ഡോക്ടര്‍ ഹൈ എനര്‍ജി ലേസര്‍ അടിക്കുന്നു. ഇത് ദ്രാവകത്തിന്റെ ചോര്‍ച്ച സാവധാനത്തിലാക്കുകയും റെറ്റിനയിലേക്കു വീഴുന്ന ദ്രാവകത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ലേസര്‍ ട്രീറ്റ്‌മെന്റ് രോഗപുരോഗതി 50 ശതമാനത്തോളം കുറയ്ക്കുകയും കാഴ്ച ശക്തി കൂട്ടാനും സഹായിക്കും. രക്തധമനികളുടെ ചോര്‍ച്ച കുറയ്ക്കാനായി ഈ ചികിത്സ ഒന്നിലധികം പ്രാവശ്യം ചെയ്യേണ്ടിവരും.
ആന്റി-വി.ഇ.ജി.എഫ് ചികിത്സ: ആന്റി-വി.ഇ.ജി.എഫ് എന്നാല്‍ ആന്റി-വാസ്‌കുലര്‍ എന്‍ഡോതീലിയന്‍ ഗ്രോത്ത് ഫാക്ടര്‍ എ്ന്നാണ്. മാക്കുലയില്‍ വീക്കത്തിന് ഇടയാക്കുന്ന തരത്തില്‍ മാക്കുലയിലെ രക്തധമനികളുടെ വളര്‍ച്ചയ്ക്കും ചോര്‍ച്ചയ്ക്കും ഇടയാക്കുന്ന ഒരു പ്രേരകം വി.ജി.ഇ.എഫ് ആണെന്നു കരുതുന്നു. കണ്ണില്‍ കുത്തിവയ്ക്കുന്ന ആന്റി-വി.ഇ.ജി.എഫ് ഔഷധങ്ങള്‍ ഇതിനെ തടയാന്‍ സഹായിക്കും.
പ്രോലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപതി ചികിത്സ
സ്‌കാല്‍റ്റെര്‍ ലേസര്‍ ട്രീറ്റ്‌മെന്റ് ( പാന്‍ റെറ്റിനല്‍ ഫോട്ടോ കോഗുലേഷന്‍ ): ദുര്‍ബലവും അസാധാരണവുമായി വളര്‍ന്ന പുതിയ രക്തധമനികളെ ലേസര്‍ ഉപയോഗിച്ചു അടയ്ക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. ഒന്നില്‍ കൂടുതല്‍ ലേസര്‍ സ്‌പോട്‌സ് ഉപയോഗിച്ചു ചെയ്യുന്ന ചികിത്സയായതിനാല്‍ പല തവണകളായാണ് ഇതു ചെയ്യുന്നത്. നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കാന്‍ ഇതു സഹായിക്കും. ആന്റി-വി.ഇ.ജി.എഫ് ഇന്‍ജക്ഷനും ഇതോടൊപ്പം എടുക്കാവുന്നതാണ്.
വിടരെക്ടമി
വിട്രൗസ് ക്യാവിറ്റിയിലേക്ക് രക്തസ്രാവം ഉണ്ടാവുകയോ നേത്രാന്തരപടലം അടര്‍ന്നു പോവുകയോ ചെയ്താല്‍ വിട്രെക്ടമി സര്‍ജറി ചെയ്യേണ്ടതാണ്. ഇങ്ങനെ രക്തം കലര്‍ന്ന വിട്രൗസ് ഫഌയിഡ് നീക്കം ചെയ്യാവുന്നതാണ്. ഇതുമൂലം കാഴ്ച മെച്ചപ്പെടുന്നതാണ്. ആരോഗ്യമുള്ള ഒരു നേത്രാന്തരപടലം നമ്മുടെ കണ്ണിന് അനിവാര്യമാണ്. അതിനാല്‍, ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും കൃത്യമായ കണ്ണ് പരിശോധന നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഡോ. ഹര്‍ഷാലി യാദവ്
കിംസ് ആശുപത്രി
തിരുവനന്തപുരം