മൂക്കിനുള്ളിലും ചർമത്തിലും കാണപ്പെടുന്ന നല്ല ബാക്ടീരിയകൾ കുട്ടികൾക്കുണ്ടാകുന്ന കർണ രോഗങ്ങളും കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന ന്യുമോണിയയും ചെറുക്കുമെന്ന് പഠന റിപ്പോർട്ട്.
ന്യുമോണിയ, സൈനസൈറ്റിസ്, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കു കാരണമാകുന്ന സ്ട്രെപ്റ്റോകോക്കസ് ന്യുമോണെ എന്ന ബാക്ടീരിയയെ ചെറുക്കാൻ നല്ല ബാക്ടീരിയയായ സി. അകൊലെൻസിനു കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 10 ലക്ഷത്തിലധികം കുട്ടികളാണ് ഓരോ വർഷവും ന്യുമോണിയ ബാധിച്ചു മരിക്കുന്നത്.
സി. അകോലെൻസ് അധികമുള്ള കുട്ടികളുടെ മൂക്കിനുള്ളിൽ വളരാൻ ന്യുമോണിയയ്ക്കു കാരണമാകുന്ന സ്ട്രെപ്റ്റോകോക്കസ് ന്യുമോണെയ്ക്കു സാധിക്കില്ല. സി. അകോലെൻസ് ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ആന്റി ബാക്ടീരിയൽ ഫാറ്റി ആസിഡാണ് സ്ട്രെപ്റ്റോകോക്കസ് ന്യുമോണെയുടെ വളർച്ച തടയുന്നത്. യുഎസിലെ ഫോർസിത് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മസാച്യൂസെറ്റിലെ ഗവേഷകനായ ലിൻസേ ബോമറും കൂട്ടാളികളുമാണ് ഗവേഷണത്തിനു പിന്നിൽ. എംബയോ എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.