കേരളത്തിലെ ഒരു സർക്കാർ ആശുപത്രി ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ പ്രമുഖ സ്ഥാപനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അനുമതി ലഭിച്ചു. വിശദമായ പരിശോധനകൾക്കുശേഷമാണ് അനുമതി. വര്‍ഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് അനുമതി ലഭിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ജോസ് പെരിയപുറം അടക്കമുള്ളവർ ശസ്ത്രക്രിയക്ക് സഹായം നൽകാെമന്ന് അറിച്ചിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്കായി ഉപകരണങ്ങളും ഡയാലിസിസ് മെഷീനും വാങ്ങി. രോഗിയെ ശുശ്രൂഷിക്കുന്നതിനുള്ള അത്യാധുനിക ഐ.സി.യുവിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ശസ്ത്രക്രിയ നടത്തുമ്പോൾ രക്തം ശുദ്ധീകരിക്കുന്ന ഇ.സി.എം.ഒ മെഷീൻ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 35 ലക്ഷം രൂപവിലവരുന്ന ഉപകരണം ലഭിക്കാൻ കാലതാമസം ഉണ്ടായാൽ വാടകയ്ക്ക് എടുക്കാനും ആലോചനയുണ്ട്.
ഡോക്ടർമാരുടെ പരിശീലനം ഒരു മാസത്തിനകം ആരംഭിക്കും. ഇതിനായി കേരളത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾക്കൊപ്പം അനുബന്ധ സംവിധാനങ്ങളും പൂർത്തിയാക്കേണ്ടതിനാൽ വേഗത്തിലാണ് പ്രവർത്തനങ്ങൾ. ഹൃദയം മാറ്റിവയ്ക്കേണ്ട രോഗികളുടെ പട്ടിക തയ്യാറാക്കണം. ഇതിനുള്ള നിർദേശം എല്ലാ സർക്കാർ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്. അവയവദാനത്തിന്റെ മഹത്വം അറിയിക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ ക്ലാസുകൾ സംഘടിപ്പിക്കും. അവയവദാനത്തിന് സന്നദ്ധരായ വ്യക്തികളുെട കുടുംബങ്ങളെയും ക്ലാസുകളിൽ പങ്കെടുപ്പിക്കും. ഇവരുടെ പട്ടിക തയ്യാറാക്കും. അവയവദാനത്തിന് സമ്മതപത്രം നൽകിയവർ മരിക്കുമ്പോൾ ബന്ധുക്കളുടെ എതിർപ്പ് ഒഴിവാക്കാനാണിത്.
അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടയാൾ സാധാരണരീതിയിൽ മരിച്ചാൽ കണ്ണ് ഒഴികെയുള്ള അവയവങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവവങ്ങളേ ഉപയോഗിക്കാനാകൂ. സർക്കാർ ആശുപത്രികളിൽ മസ്തിഷ്ക മരണം സംഭവിക്കുന്ന കേസുകൾ ദിനംപ്രതി റിപ്പോർട്ടു ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ സംവിധാനമില്ലാത്തതിനാൽ അവയവങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതു മറികടക്കാൻ കേരളത്തിലെ എല്ലാ ആശുപത്രികൾക്കും മാർഗനിർദേശങ്ങൾ കൈമാറും. സർക്കാർ ആശുപത്രികളെ ശ്രീചിത്രയിലെ കമ്പ്യൂട്ടർ സംവിധാനവുമായി ബന്ധപ്പെടുത്തും.
രണ്ടുലക്ഷം രൂപയാണ് ബൈപാസ് സർജറിക്ക് ഇപ്പോൾ ശ്രീചിത്രയിൽ ചിലവുവരുന്നത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഇതേ നിരക്കിൽ ചെയ്യാനാകുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. സ്വകാര്യ ആശുപത്രികളിൽ 30 ലക്ഷത്തിന് മുകളിലാണ് ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ചിലവ്. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവുമുള്ള മരുന്നുകളുെട വില സാധാരണക്കാരന് താങ്ങാൻ കഴിയില്ല. നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ളവർക്ക് മരുന്നുകൾ മിതമായ നിരക്കിൽ നൽകുന്ന സംവിധാനത്തെക്കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്.
ചികിൽസാരംഗത്തെ ഗുണമേൻമ്മയ്ക്ക് പേരുകേട്ട ശ്രീചിത്ര കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിൽ 1973ലാണ് പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിക്ക് കീഴിൽ അത്യന്താധുനിക സൗകര്യങ്ങളുള്ള ഗവേഷണ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.
ഈ മാസം 25നാണ് നേവിയുടെ വിമാനത്തിൽ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് ഹൃദയം എത്തിച്ച് കേരളം ചികില്‍സാരംഗത്ത് പുത്തൻ വഴികൾ തുറന്നത്. മസ്തിഷ്കമരണം സംഭവിച്ച അഭിഭാഷകന്റെ ഹൃദയം ശ്രീചിത്രയിൽ നടത്തിയ ഓപ്പറേഷനിലൂടെ പുറത്തെടുത്ത് വിമാനമാർഗം എറണാകുളത്തെത്തിക്കുകയും രോഗിയിൽ തുന്നിച്ചേർക്കുകയുമായിരുന്നു. ജോസ് പെരിയപുറമാണ് ശസ്ത്രക്രിയ നടത്തിയത്.