ഫ്ളൂവിനോടു സമാനമായ എച്ച്1എൻ1 അഥവാ സ്വൈൻഫ്ളൂവാണ് സമകാലികമായി കേരളം നേരിടുന്ന വൻഭീഷണി. ഇതുവരെ ഏതാണ്ട് 18 മരണങ്ങളോളം നടന്നു. 200-ഓളം പേർക്ക് പനിബാധിച്ചു. വൈറൽ പനിയെന്നു നിസ്സാരവൽകരിച്ച് സമയത്തിനു ചികിത്സിക്കാതെ പോയതാണ് ഇത്രയും എച്ച്1എൻ1 മരണങ്ങളുണ്ടാകാനുള്ള പ്രധാന കാരണം.
വൈറൽ പനി വന്നാൽ ആശുപത്രിയിൽ പോകണം
പനി, ജലദോഷം, ദേഹവേദന, തൊണ്ടവേദന തുടങ്ങി ജലദോഷപ്പനിയുടെ സമാനലക്ഷണങ്ങളുമായി കള്ളനെപ്പോലെ വന്നെത്തുന്ന എച്ച്1എൻ1 എന്ന വായുജന്യരോഗം തുടർന്നു വരുന്ന മാസങ്ങളിലും നമ്മെ ആക്രമിക്കാൻ സാധ്യത കൂടുതലാണ്.
ജീവഹാനിക്കു വരെ കാരണമായേക്കാവുന്ന എച്ച്1എൻ1 രോഗത്തിനു ഏറെ ഫലപ്രദമായ ഒൗഷധമാണ് ഒസൽടാമിവിർ. സമാന സ്വഭാവമുള്ള മറ്റൊരു വൈറൽപനിയായ പക്ഷിപ്പനിക്കും ഈ ഒൗഷധം ഫലപ്രദമാണ്. ഉമിനീർ തുടങ്ങിയ ശരീരസ്രവങ്ങളുടെ പരിശോധനയിലൂടെയാണ് എച്ച്1എൻ1, പക്ഷിപ്പനി തുടങ്ങിയവയുടെ സാന്നിധ്യം കണ്ടുപിടിക്കാനാവുന്നത്. എന്നാൽ, ചികിത്സ വൈകിയാൽ ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ശാരീരിക അവശതയനുഭവിക്കുന്നവർ തുടങ്ങിയവരിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകാം. അതിനാൽ തുടക്കത്തിൽത്തന്നെ രോഗലക്ഷണതീവ്രതനുസരിച്ചു ഒസൽട്ടാമിവിർ എന്ന ഒൗഷധവും അനുബന്ധചികിത്സകളും നൽകി അപകടസാധ്യത ഒഴിവാക്കണം.
കുട്ടികളിലെ പനി
കുട്ടികളിലെ വൈറൽ പനിയാണ് മറ്റൊരു സമകാലിക ആരോഗ്യപ്രശ്നം. മൂന്നു-നാലു ദിവസം നീണ്ടുനിൽക്കുന്ന പനി പാരസെറ്റമോൾ മരുന്നുകൊണ്ടു തന്നെ കുറയുന്നതാണ്. ആവശ്യമെങ്കിൽ ആന്റിബയോട്ടിക്കുകളും ചുമ മരുന്നും നൽകാം. പനിച്ചൂടു കൂടുതലുള്ളപ്പോൾ ഇളംചൂടുവെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞ് ദേഹം മുഴുവൻ 10 മിനിറ്റു നേരം തുടച്ചുകൊടുക്കണം. പനി കൂടുതൽ ദിവസം നീണ്ടു നിന്നാൽ പീഡിയാട്രീഷന്റെ നിർദ്ദേശപ്രകാരം മറ്റു പരിശോധനകളോ അതിനനുസരിച്ചുള്ള മരുന്നുകളോ നൽകണം.
രോഗപ്പകർച്ച തടയാൻ
∙ വായുജന്യരോഗങ്ങൾ പകരാതിരിക്കാൻ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗബാധിതരുമായി ഇടപഴകുമ്പോൾ സുരക്ഷിതമായ അകലം പാലിക്കുകയാണ്. അവരെ ചികിത്സിക്കുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും മാസ്ക് ഉപയോഗിക്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം.
∙ നമ്മുടെ താമസസ്ഥലങ്ങൾ വായുസഞ്ചാരമുള്ളതാക്കുക, പരിസരം നോക്കാതെ ചുമച്ചുതുപ്പാതിരിക്കുക എന്നിവയാണു ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ. കഴുകി വ്യത്തിയാക്കിയ പാത്രങ്ങൾ ഉപയോഗിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കൂടിക്കുക, ശീതളപാനീയങ്ങൾ തയാറാക്കി നൽകുന്ന സ്ഥാപനങ്ങൾ തികച്ചും സുരക്ഷിതവും ശുചിത്വപൂർണവുമായ ചുറ്റുപാടിലാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ഈ ചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനുമാണുള്ളത്.
∙ ഭക്ഷണപദാർഥങ്ങൾ ഈച്ചയും മറ്റു പ്രാണികളും മലിനമാക്കാതെ അടച്ചുവച്ചു സൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും സോപ്പും വെള്ളവുമുപയോഗിച്ചു കൈകളും മുഖവും വൃത്തിയാക്കുക, കുടിവെള്ളസ്രോതസ്സുകൾ ആഴ്ചയിലൊരിക്കൽ ക്ലോറിനേഷൻ ചെയ്യുക, കിണറുകളും മറ്റു കുടിവെള്ളസ്രോതസ്സുകളും വല ഉപയോഗിച്ചു മൂടുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ജലജന്യരോഗങ്ങൾ പരമാവധി തടയാനാവും. രോഗാണുവിമുക്തമായ കുടിവെള്ളം വിതരണം ചെയ്യുക എന്ന ഉത്തരവാദിത്തം കുറ്റമറ്റ രീതിയിൽ ജലവിഭവവകുപ്പു നിർവഹിക്കുക എന്നതു അനിവാര്യമായ കാര്യമാണ്.
∙ കൃഷിയിടങ്ങളിലും വെള്ളക്കെട്ടുകളിലും പണിയെടുക്കുന്നവർ മുറിവുകളുണ്ടാവാതെ ശ്രദ്ധിക്കുകയും ഗംബൂട്ടും ഗ്ലൗസും ഉപയോഗിച്ചു ജോലി ചെയ്യുകയും വേണം. ഏറെ നാളായി കൃഷിയിറക്കാതെ കിടക്കുന്നതും മലിനമായതുമായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടത് ജീവനുതന്നെ ഭീക്ഷണിയാവുന്ന എലിപ്പനി എന്ന മാരകരോഗത്തെ തടഞ്ഞു നിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
∙ കക്കൂസിന്റെ വിന്റ്, പൈപ്പിലും ഉപയോഗിക്കാതെ കിടക്കുന്ന കിണറുകളിലും മറ്റും വലകെട്ടുക, കക്കൂസ് ടാങ്കിൽ ലീക്ക് ഉണ്ടെങ്കിൽ തടയുക, ശുദ്ധ-മലിനജലകെട്ടുകളിൽ രോഗവാഹികളായ കൊതുകുകൾ മുട്ടയിട്ടു കൂത്താടികളായും തുടർന്നു കൊതുകകളായും മാറുന്ന സാഹചര്യം ഒഴിവാക്കാൻ അവ വൃത്തിയാക്കി ഡ്രൈ ഡേ ആചരിക്കുക, കൊതുക് കടിയോൽക്കാതെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക എന്നിവ ഡങ്കിപ്പനി, മലേറിയ എന്നീ കൊതുകുജന്യരോഗങ്ങൾ തടയാൻ സഹായിക്കും.
സ്വകാര്യ-പൊതു ആവാസകേന്ദ്രങ്ങളും പൊതുസ്ഥലങ്ങളും നിരത്തുകളുമെല്ലാം മാലിന്യമുക്തമായി സൂക്ഷിക്കുക എന്ന സംസ്കാരം വളർത്തിയെടുത്താലേ പകർച്ചവ്യാധികളിൽ നിന്നും ശാശ്വതമായ മോചനം ലഭിക്കൂ.
കൊടും ചൂടും സൂര്യാഘാതവും
അതിതീഷ്ണമായ ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നവരും വഴിയാത്രക്കാരും നേരിടേണ്ടിവരുന്ന ഒരു പതിവായ വെല്ലുവിളിയാണ് സൂര്യാഘാതം. അതികഠിനമായ സൂര്യാതാപത്തിന്റെ തീഷ്ണതയിൽ മനുഷ്യ ചർമം പൊള്ളി വീർക്കുകയും നിർജലീകരണവും രക്തസമ്മർദത്താഴ്ചയും ബോധക്ഷയം വരെയും സംഭവിക്കാം സൂര്യാഘാതത്തിന്റെ സാധ്യതകളോ ലക്ഷണങ്ങളോ കണ്ടാൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയോ യാത്രയോ നിർത്തിവച്ച് തണുപ്പത്തു വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കുകയും സൺസ്ക്രീൻ വിഭാഗത്തിൽപ്പെട്ട ലേപനങ്ങൾ പുരട്ടുകയും അപകടാവസ്ഥയുടെ തീവ്രതയനുസരിച്ചു വിദഗ്ധചികിത്സ തേടുകയും ചെയ്യണം.
പന്നിപ്പനിക്കെതിരെ കരുതൽ
∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവൽ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുക
∙ ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും കൊണ്ട് കഴുകുക. കൈകഴുകാതെ മുഖത്തു തൊടരുത്.
∙ ഫ്ളൂവുള്ളപ്പോൾ ഹസ്തദാനവും അടുത്തു പെരുമാറുന്നതും ഒഴിവാക്കണം.
∙ ഫ്ളൂവിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ കാണു. സ്വയം ചികിത്സിക്കരുത്.
ഡോ. ഷിബു ജയരാജ് സിവിൽ സർജൻ മെഡി. ഓഫിസർ ഇൻ ചാർജ് സിഎച്ച്സി ഇലന്തൂർ പത്തനംതിട്ട