Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽ അപൂർവ രോഗം കറുത്ത പനി

stethoscope

പകർച്ചപ്പനി വ്യാപകമാകുന്നതിനിടെ കാലാ അസാർ ‍എന്ന കറുത്ത പനി സംസ്ഥാനത്ത് വീണ്ടും. ത‍ൃശൂർ മുള്ളൂര്‍ക്കര സ്വദേശിയിൽ രോഗം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. അപൂർവമായ രോഗം കണ്ടെത്തിയതോടെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലേറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം മരണത്തിന് കാരണമാകുന്ന ഈ പകർച്ച വ്യാധി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ട്. കേരളത്തിൽ മുൻപ് ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ‍

മെഡിക്കൽ‍ കോളജിൽ ചികിത്സയിലുള്ള മുള്ളൂര്‍ക്കര സ്വദേശിയിലാണ് ഇത്തവണ സംസ്ഥാനത്ത് ആദ്യമായി കാലാ അസാർ എന്ന കറുത്തപനി സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്‍റെ തുടർ‍ പരിശോധനയിൽ‍ പ്രദേശത്തെ രണ്ട് പേരിൽ‍ കൂടി രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ രക്ത സാംപിൾ‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗത്തിന് കാരണമാകുന്ന മണലീച്ചയെയും പ്രദേശത്ത് വ്യാപകമായി കണ്ടതോടെ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്.

ദീർഘകാലം നീണ്ടു നിൽക്കുന്ന പനിയും ക്ഷീണവുമാണ് കാലാ അസാറിന്റെ ലക്ഷണം. ദേഹമാസകലും തടിച്ച് പൊട്ടുകയും വയറും കരളും ക്രമാതീതമായി വീര്‍ക്കുകയും ചെയ്യും. രോഗം ബാധിച്ചാലും തിരിച്ചറിയാൻ‍ ദിവസങ്ങളെടുക്കുന്നതാണ് മരണനിരക്ക് കൂടാന്‍ കാരണം. രോഗകാരണമായ മണലീച്ചയെ ഇല്ലാതാക്കി രോഗം നിയന്ത്രിക്കാനാണ് ശ്രമം. എന്നാൽ ‍ കൃത്യമായ പ്രതിരോധ മരുന്നുകളില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ച വ്യാധികളെപ്പറ്റി അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഡിഎംഒ ഡോ. കെ. സുഖിത കറുത്ത പനി പടരുന്ന കാര്യം സ്ഥിരീകരിച്ചത്.