ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് അറിയാമെങ്കിലും കാണുമ്പോൾ വായിൽ വെള്ളമൂറുകയും അറിയാതെ വാങ്ങിക്കഴിക്കുകയും ചെയ്യും. ഇനി ഇതൊക്കെ വാങ്ങിക്കഴിക്കുന്നതിനു മുൻപ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നതു കൂടി കേട്ടോളൂ. ആഴ്ചയിൽ രണ്ടു തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണത്രേ. വറുത്ത ഉരുളക്കിഴങ്ങ് ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുന്നത് മരണ സാധ്യത വർധിപ്പിക്കും.
ഏഴുവർഷക്കാലയളവിൽ 45 നും 79 നും മധ്യേ പ്രായമുള്ള 4400 പേരിലാണ് ഉരുളക്കിഴങ്ങിന്റെ ഉപയോഗം പഠനവിധേയമാക്കിയത്. പഠനകാലഘട്ടത്തിന്റെ അവസാനം എത്തിയപ്പോഴേക്കും 236 പേർ മരണമടഞ്ഞു.
ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് ഒരാളുടെ മരണസാധ്യത കൂടുന്നില്ല. ആളുകൾ ഉരുളക്കിഴങ്ങ് ഏത് രീതിയിൽ കഴിക്കുന്നുവെന്ന് കൂടുതൽ നിരീക്ഷിച്ചപ്പോൾ വറുത്ത ഉരുളക്കിഴങ്ങ്, ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗൺസ് ഇവ കുറഞ്ഞത് ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കും എന്നു കണ്ടു.
വറുത്ത ഉരുളക്കിഴങ്ങ് സാലഡ്, വേവിച്ചതും ബേക്ക് ചെയ്തതോ ഉടച്ചതോ ആയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് മരണസാധ്യതയുമായി ബന്ധമില്ല എന്നു കണ്ടു.
ശരിയായ രീതിയിലുള്ള, വറുക്കാത്ത ഉരുളക്കിഴങ്ങ് ആരോഗ്യ ഭക്ഷണമാണ് കാരണം അവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ജീവകങ്ങൾ, പോഷകങ്ങൾ ഇവ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സിനെ ബാലൻസ് ചെയ്യും. എന്നാൽ വറുത്ത ഉരുളക്കിഴങ്ങിൽ ധാരാളം കൊഴുപ്പും ഉപ്പുമുണ്ട് ഗവേഷകർ പറയുന്നു.
കൂടുതൽ ആളുകളിൽ ഈ പഠനം നടത്തുണ്ടെന്നും അതുവരെ സെന്റർഫോർ ന്യൂട്രീഷൻ പോളിസി ആൻഡ് പ്രമോഷൻ നിർദേശിക്കുന്ന അളവിൽ അതായത് മൂന്നു മുതൽ അഞ്ചു വരെ തവണ പച്ചക്കറികൾ കഴിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
കൊഴുപ്പു വളരെ കുറഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കണമെന്നും വറുത്ത ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണമെന്നും പഠനം പറയുന്നു.
Read more : Healthy Food