പ്രമേഹം തടയാൻ എന്തു കഴിക്കണം?

സൂര്യകാന്തി എണ്ണ, സോയാബീൻ, അണ്ടിപ്പരിപ്പുകൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നു പഠനം. ഇവയിൽ ഒമേഗ 6 പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ അടങ്ങിയതിനാലാണിത്. ലോകത്ത് ടൈപ്പ് 2 പ്രമേഹ ബാധിതരുടെ എണ്ണം വർധിച്ചു വരുകയാണ്. ഭക്ഷണരീതിയിൽ ചെറിയൊരു വ്യത്യാസം വരുത്തിയാൽ ടൈപ്പ് 2 പ്രമേഹം വരുന്നതിൽ നിന്നും രക്ഷനേടാം. ആസ്ട്രേലിയയിലെ ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ജേസൺവു പറയുന്നു.

ഈ പഠനത്തിൽ പങ്കെടുത്തത് ആരോഗ്യവാന്മാരായ ആളുകളായിരുന്നു. അവർക്ക് ഭക്ഷണ കാര്യത്തിൽ പ്രത്യേക നിർദ്ദേശമൊന്നും നൽകിയിരുന്നില്ല. എന്നിട്ടും ഒമേഗ 6 ന്റെ സൂചകങ്ങൾ ധാരാളം അടങ്ങിയവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വളരെ കുറവാണെന്നു കണ്ടു.

പത്തു രാജ്യങ്ങളിലെ 39740 പേർ പങ്കെടുത്ത 20 പഠനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചു. പഠനത്തിന്റെ തുടക്കത്തിൽ ഇവരിൽ ഒമേഗ 6 ന്റെ പ്രധാന സൂചകങ്ങളായ ലിനോലെയ്ക്ക് ആസിഡ്, അരാക്കിഡോനിക് ആസിഡ് ഇവയുടെ അളവുകൾ അറിയാൻ ലബോറട്ടറി പരിശോധന നടത്തി. കൂടാതെ പ്രമേഹ പരിശോധനയും നടത്തി.

രക്തത്തിൽ ലിനോലെയ്ക് ആസിഡിന്റെ അളവ് ഏറ്റവും കൂടതലുള്ളവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത35 ശതമാനം കുറവാണെന്നു കണ്ടു. അരാക്കിഡോനിക് ആസിഡിന്റെ അളവും പ്രമേഹസാധ്യതയുമായി ബന്ധമൊന്നും കണ്ടില്ല.

ലിനോലെയ്ക് ആസിഡ് ശരീരത്തിൽ ഉണ്ടാകുന്നില്ല. ഭക്ഷണത്തിലൂടെ ആണ് ഇതു ലഭിക്കുന്നത്. പയറു വർഗങ്ങളിൽ നിന്നും എണ്ണക്കുരുക്കളിൽ നിന്നും അതായത് സോയാബീൻ, സൂര്യകാന്തി എണ്ണ, അണ്ടിപ്പരിപ്പുകൾ ഇവയിൽ ഒമേഗ 6 ഉണ്ട്.

ചില പഠനങ്ങൾ പറയുന്നത് ഒമേഗ 6 ന് ദോഷവശങ്ങൾ ഉണ്ടെന്നാണ്. എന്നാൽ മികച്ച ആരോഗ്യത്തിനായി ഭക്ഷണത്തിൽ ഒമേഗ 6 ഉൾപ്പെടുത്തണം എന്നാണ് മറ്റു ചില പഠനങ്ങൾ പറയുന്നത്.

ആസ്ട്രേലിയൻ ഗവേഷകർ നടത്തിയ ഈ ആഗോള പഠനത്തിൽ ഒമേഗ 6 ദോഷകരമല്ലെന്നു മാത്രമല്ല ടൈപ്പ് 2 പ്രമേഹം തടയുന്നതായും കണ്ടു.

ഒമേഗ 6 ഫാറ്റുകളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വെളിച്ചം വീശുന്ന ഈ പഠനം ദ് ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ചു.

Read More : Health and Wellbeing, Yoga