രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണോ നിങ്ങൾ? എങ്കിൽ വേഗം ആ ശീലം ഉപേക്ഷിച്ചോളൂ. രാത്രി വൈകിയുള്ള കഴിപ്പ് ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
മെക്സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനത്തിൽ ജൈവഘടികാരത്തിന്റെ താളം തെറ്റൽ ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത കൂട്ടുന്നുവെന്നു കണ്ടു.
എലികളിൽ നടത്തിയ പഠനം കൊഴുപ്പ് കൂടിയ ഭക്ഷണത്തോട് അവ വിവിധ സമയങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നുവെന്നു പരിശോധിച്ചു. അവയുടെപ്രവർത്തന നിരതമായ സമയത്തിന്റെ(active cycle) അതായത് മനുഷ്യനാണ് എങ്കിൽ രാവിലെ കൊഴുപ്പ് കൂടിയ ഭക്ഷണം നൽകി. ഇതേ ഭക്ഷണം വിശ്രമാവസ്ഥയിൽ (rest period) ലും മനുഷ്യനിൽ രാത്രിയില്‍ നല്‍കി.
രക്തത്തിലെ ഒരിനം കൊഴുപ്പായ ട്രൈ ഗ്ലിസറൈഡിന്റെ അളവ് ഭക്ഷണ സമയത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷകർ പരിശോധിച്ചു. ആക്ടീവ് ആയ സമയത്തെ അപേക്ഷിച്ച് വിശ്രമാവസ്ഥയിൽ ഭക്ഷണം കഴിച്ചപ്പോൾ ട്രൈഗ്ലിസറൈഡിന്റെ അളവ് കുത്തനെ കൂടിയതായി കണ്ടു.
എലികളുടെ ശരീരത്തിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം (supra chiasmatic nucleus) നീക്കം ചെയ്തപ്പോൾ, ഭക്ഷണ സമയം ട്രൈഗ്ലിസറൈഡ് നിലയിൽ വരുത്തിയ മാറ്റം അപ്രത്യക്ഷമായി. അതായത് നിങ്ങൾ എന്തു കഴിക്കുന്നു എന്നതു പോലെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും.
രക്തത്തിലെ ട്രൈഗ്ലിസറൈഡ് നിലയെ സ്വാധീനിക്കുന്നതെന്ത് എന്നത് പ്രധാനമാണ്. കാരണം ഹൃദയസംബന്ധമായ രോഗങ്ങളും ടൈപ്പ് 2 പ്രമേഹവും പോലുള്ള ഉപാപചയ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്ന പ്രധാന ഘടകം ആണ് ട്രൈഗ്ലിസറൈഡ് നില.
ജീവിതത്തിൽ പലപ്പോഴും നമുക്ക് ജൈവഘടികാരത്തെ അവഗണിക്കേണ്ടതായി വരാറുണ്ട് ഉദാഹരണമായി വല്ലാതെ ക്ഷീണിക്കുമ്പോൾ പകൽ ഒന്നുറങ്ങണമെന്നു തോന്നും. അതുപോലെ രാത്രിയിൽ ചിലപ്പോൾ ഉറക്കമൊഴിയേണ്ടിയും വരാം.എന്നാൽ ഇത് പതിവാക്കിയാൽ പിന്നീട് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും ഉറങ്ങേണ്ട സമയത്ത് ഭക്ഷണം കഴിച്ചാൽ.
നമ്മുടെ ശരീരം, പ്രത്യേക ജോലികൾ പ്രത്യേക സമയത്ത് ചെയ്യാൻ പ്രോഗ്രാം ചെയ്തു വച്ച ഒരു യന്ത്രമാണ്. അതുകൊണ്ടുതന്നെ അസമയത്തു ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആന്തരഘടികാരത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കും. ഈ ചിട്ട തുടർച്ചയായി തെറ്റുമ്പോൾ അതായത് രാത്രി വൈകി വയർ നിറയെ കഴിക്കുമ്പോള്‍ സംവിധാനത്തിന്റെയാകെ നിയന്ത്രണം തെറ്റും.
കിടക്കാൻ പോകുന്നതിന് രണ്ടു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദം കൂട്ടുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുപോലെ രാത്രി വൈകിയുള്ള ഭക്ഷണം കഴിപ്പ് ഉപാപചയ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും. ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. കൂടാതെ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഉറങ്ങാൻ പോകും മുൻപ് വയർ നിറയെ കഴിക്കുന്നത് ഉറക്കത്തെയും തടസ്സപ്പെടുത്തും.
രാവിലെ ഭക്ഷണം നന്നായി കഴിക്കുക. പോഷകങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം, മിതമായ തോതിൽ അത്താഴം. അതും കിടക്കുന്നതിന് ഏതാനും മണിക്കൂർ മുൻപേ ഇതു ശീലമാക്കാൻ ശ്രമിക്കുക. കഴിയുന്നതും എട്ടുമണിക്കു മുൻപേ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. എക്സ്പിരിമെന്റൽ ഫിസിയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.