Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനർജി ഡ്രിങ്കുകളിലെ അപകടങ്ങൾ

energy-drink

ക്ഷീണം മാറ്റാൻ ഊർജപാനീയങ്ങൾ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

പല നിറങ്ങളിൽ പല നിറങ്ങളിൽ പല രുചികളില്‍ നിരന്നിരിക്കുകയാണ് ഊർജപാനീയങ്ങൾ. ക്ഷീണം തോന്നിയാലുടൻ ഇത് വാങ്ങികുടിക്കുക പലരുടെയും ശീലമാണ്. ഇതിനു പിന്നിൽ പതിയിരിക്കുന്ന അപകടമറിയാതെ കുട്ടികൾക്കും വാങ്ങി നൽകുന്നു.

ലോകം മുഴുവന്‍ എനർജി ഡ്രിങ്കുകളുടെ ഉപയോഗം കൂടിവരികയാണ്. പരസ്യത്തിൽ പറയുന്ന പ്രയോജനങ്ങളും പോഷക ഗുണങ്ങളും ഇവയ്ക്കുണ്ടോ, ഇവയുടെ ദോഷവശങ്ങൾ എന്തെല്ലാം, ആരോഗ്യത്തെ ഇവ എങ്ങനെ  ബാധിക്കുന്നു എന്നെല്ലാം പരിശോധിക്കേണ്ടതാണ്.

തൽക്കാലത്തെ ക്ഷീണം മാറ്റാൻ കുടിക്കുന്ന ഊർജപാനീയങ്ങൾ നമുക്കു സമ്മാനിക്കുന്നത് ഹൃദയം, കിഡ്നി തകരാറുകൾ, ദന്തപ്രശ്നങ്ങൾ ഇവയാണ് ഒപ്പം മാനസികാരോഗ്യവും ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് ദോഷങ്ങൾ വരുത്തുമെന്നതിനാൽ കുട്ടികൾക്കും കൗമാരക്കാർക്കും ഊര്‍ജപാനീയങ്ങൾ നൽകരുതെന്ന് ഹാർവാർഡ് പഠനം മുന്നറിയിപ്പു നൽകുന്നു.

മിക്ക എനർജി ഡ്രിങ്കുകളിലെയും ചേരുവ ഒന്നു തന്നെയാണ് വെള്ളം, കഫീൻ, പഞ്ചസാര ചില ജീവകങ്ങൾ ധാതുക്കൾ കൂടാതെ പോഷകഗുണമൊന്നുമില്ലാത്ത ഉത്തേജകങ്ങളായ ഗൂവരാന, ടൗറീൻ, ജീൻസെങ് എന്നിവയാണ് ഈ പാനീയങ്ങളിൽ ഉള്ളത്.

ചിലതിൽ ഒരൗൺസ് ഫ്ലൂയിഡിൽ 100 മിഗ്രാം കഫീൻ വരെ അടങ്ങിയിട്ടുണ്ട്. 12 മിഗ്രാം കാപ്പിയിലടങ്ങിയതിന്റെ എട്ടിരട്ടി ആണിത്. മുതിർന്ന ഒരാൾക്ക് ഒരു ദിവസം ഉള്ളിൽ ചെല്ലാവുന്ന കഫീന്റെ അളവ് പരമാവധി 400 മി ഗ്രാം ആണ്. കുട്ടികളിലും കൗമാരക്കാരിലും ഇതിലും വളരെ കുറവ് കഫീനെ പാടുള്ളൂ.

എനർജിക്കും സ്റ്റാമിനയ്ക്കും ശ്രദ്ധ കൂട്ടാനും കായിക രംഗത്തെ പ്രകടനം മെച്ചപ്പെടുത്താനും എല്ലാം ഇവ കഴിച്ചാൽ മതി എന്ന് ആളുകൾ ധരിക്കുന്നു.

ഇത്തരം പാനീയങ്ങൾ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫ്രണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇതിലടങ്ങിയ ഉത്തേജകങ്ങൾ ശരീരത്തിനു ദോഷം ചെയ്യും.

പഞ്ചസാരയുടെയും കഫീന്റെയും കൂടിയ അളവ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. സാഹസിക പ്രവർത്തനങ്ങളിലും അപകടങ്ങളിലേക്ക് എടുത്തു ചാടാനുമുള്ള വ്യഗ്രത, ദേഷ്യം, വാശി ഇതെല്ലാം ഇവ വരുത്തുന്ന ദോഷങ്ങളിൽപ്പെടുന്നു.

ഉത്കണ്ഠ, സമ്മർദം (Stress), പൊണ്ണത്തടി, വൃക്കതകരാറ്, ക്ഷീണം, വയറുവേദന, അസ്വസ്ഥത ഇങ്ങനെ പോകുന്നു ഇവയുടെ ദോഷവശങ്ങള്‍.

ഈ ഊർജപാനീയങ്ങൾ ചിലർ മദ്യത്തിൽ കലർത്തി ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു അപകടം, മദ്യം മാത്രം കുടിക്കുന്ന സമയത്തെക്കാൾ അധികം മദ്യം, എനർജിഡ്രിങ്കുകൾ ചേർത്ത് കുടിക്കുമ്പോൾ അകത്താക്കുന്നു. കൂടുതൽ കുടിക്കണം എന്ന തോന്നലും ഇതുണ്ടാക്കും. ഇത് നിർജലീകരണത്തിനും വിഷമദ്യം കഴിച്ച ഫലങ്ങൾക്കും കാരണമാകുന്നു. ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ജോസിമെർ മറ്റെയ്‌യുടെ നേതൃത്വത്തിൽ നടത്തിയ പഠനം പറയുന്നു.

തല്ക്കാലം ക്ഷീണം ഒന്നു മാറ്റാൻ ഊർജപാനീയങ്ങൾ വാങ്ങും മുൻപ് ഒന്നുകൂടി ചിന്തിക്കൂ. കുട്ടികൾക്കും കൗമാരക്കാർക്കും ഇത് വരുത്തിവയ്ക്കുന്ന അപകടവും ചില്ലറയല്ല. വിലകൊടുത്ത് രോഗങ്ങൾ വാങ്ങാതെ ആരോഗ്യമേകുന്ന പാനീയങ്ങളും പഴച്ചാറുകളും മാത്രം കഴിക്കുക.

Read More : Healthy Food