കുട്ടികൾക്കു മുട്ട കൊടുത്തില്ലെങ്കിൽ എന്തോ വലിയ അപരാധമാണെന്ന മനോഭാവമാണ് മിക്ക അമ്മമാർക്കും. എന്നാൽ ഡോക്ടർമാർ പറയുന്നത് ഇപ്പോഴത്തെ ജീവിതരീതിയും പാരമ്പര്യഘടകങ്ങളും കണക്കിലെടുക്കുമ്പോൾ കുട്ടികൾക്ക് എല്ലാ ദിവസവും മുട്ട നൽകുന്നത് അത്ര നല്ലതല്ലെന്നാണ്. പ്രായത്തിനനുസരിച്ച് ശരീരഭാരവും വളർച്ചയും ഉണ്ടെങ്കിൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രം മുട്ട നൽകിയാൽ മതിയാകും. മുട്ടയിൽ നിന്നു ലഭിക്കുന്നതിനു സമാനമായ പ്രോട്ടീൻ മറ്റു ചില ഭക്ഷണങ്ങളിൽനിന്നും ലഭിക്കുമത്രേ.
∙തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് മുളപ്പിച്ചെടുക്കുന്ന ചെറുപയർ പ്രോട്ടീനിന്റെ വലിയ ശേഖരമാണ്. മുളപ്പിച്ച പയറിൽ തേങ്ങ ചിരകിയതും കാരറ്റ് ചീകിയതും ചേർത്ത് ഇളക്കി ചെറുതായി ആവിയിൽ പുഴുങ്ങി പ്രാതലിനൊപ്പം സൈഡ് ഡിഷായി വിളമ്പി നോക്കൂ.
∙വെള്ളത്തിലിട്ട് കുതിർത്ത ബദാം കശുവണ്ടിയും തണുത്ത പാലും ചേർത്ത് മിക്സിയിൽ അടിച്ച് ഷേയ്ക്ക് രൂപത്തിൽ നൽകുന്നത് കുട്ടികൾക്ക് ആരോഗ്യത്തിന് നല്ലതാണ്. ഈന്തപ്പഴം കുതിർത്തിയതും ചേർത്ത് അരച്ചാൽ കൂടുതൽ നന്നായിരിക്കും.
∙വൻപയർ, ഗ്രീൻപീസ്, മുതിര, എന്നിവ പുഴുങ്ങി ഉപ്പും കുരുമുളകും ചേർത്ത് നൽകിനോക്കൂ. രുചി കൂട്ടുന്നതിന് അൽപം സവാള അരിഞ്ഞതും തൈരും കൂടി ചേർത്താൽ മതി.
∙വെള്ളക്കടല കുതിർത്തി പുഴുങ്ങിയത് കുരുമുളകിട്ട് വേവിക്കുക. ഇതിലേക്ക് പച്ചക്കറികൾ സാലഡ് രൂപത്തിൽ അരിഞ്ഞത് ചേർത്ത് കുട്ടികൾക്ക് നൽകാം.
∙എല്ലാദിവസവും പ്രാതലിനൊപ്പം ബോയിൽഡ് വെജിറ്റബിൾസ് നൽകിനോക്കൂ. കാരറ്റ്, കാപ്സിക്കം, കാബേജ്, ബീറ്റ്‍റൂട്ട്, ബീൻസ്, തക്കാളി എന്നിവ പുഴുങ്ങി നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ദിവസവും കഴിക്കാം.
ഇത്തരം സൈഡ് ഡിഷുകൾക്കൊന്നും മുട്ടയുടേതായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല. ഓടിച്ചാടി നടക്കുന്ന കുട്ടികൾക്ക് പ്രോട്ടീനിന്റെ കലവറയാണ് ഈ ഭക്ഷണങ്ങൾ.
Read More : Health Magazine