ഒരു കപ്പ് ചൂട് കാപ്പി കുടിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയെന്നു പറയുന്നവരാണ് ചിലര്‍. ചായയോ കാപ്പിയോ കുടിച്ചില്ലേല്‍ ഒരുന്മേഷവും കാണില്ല മിക്കവര്‍ക്കും. എന്നാല്‍ കാപ്പിയെ ഒരല്‍പം അകലത്തില്‍ നിര്‍ത്താനാണ് പൊതുവേ ആരോഗ്യവിദഗ്ധര്‍ പറയുക. മറ്റൊന്നും കൊണ്ടല്ല കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ അമിതഅളവില്‍ ഉള്ളില്‍ ചെല്ലുന്നത് നല്ലതല്ല എന്ന നിഗമനത്തില്‍ നിന്നാണ് ഇതു പറയാറ്. എന്നാല്‍ ഇതാ കാപ്പിപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത.
ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിച്ചെന്നും പറഞ്ഞ് ഒന്ന് സംഭവിക്കില്ലെന്ന് ഒരു പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലെ ഒരു സംഘം ഗവേഷകരാണ് കാപ്പിപ്രിയര്‍ക്കു സമാധാനമാകുന്ന ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കാപ്പി അത്ര കുഴപ്പക്കാരനല്ലെന്നാണ് ഈ പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്തായാലും BMJ യിലെ പഠനപ്രകാരം കാപ്പി ആരോഗ്യത്തിനു ഹാനികരമല്ലെന്നു മാത്രമല്ല ഹൃദയാരോഗ്യത്തിനും കാന്‍സര്‍, പ്രമേഹം, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍, ഓര്‍മക്കുറവ് എന്നിവയെ പ്രതിരോധിക്കാനും കാപ്പിക്കു കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
പാര്‍ക്കിന്‍സണ്‍സ്, വിഷാദം എന്നിവ തടയാന്‍ കാപ്പിയ്ക്കുള്ള അത്ഭുതശേഷിയെ കുറിച്ചു ഈ പഠനത്തില്‍ എടുത്തുപറയുന്നുണ്ട്. സതാംടണ്‍ സര്‍വകലാശാലയിലെ മേധാവി ഡോ. റോബിന്‍ പൂള്‍, എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ എന്നിവരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.
എന്നാല്‍ കാപ്പി കുടിക്കുന്നതിലെ ആരോഗ്യവശങ്ങള്‍ പറയുമ്പോഴും ഗര്‍ഭിണികള്‍ കാപ്പി കൂടുതലായി കുടിക്കുന്നതിനോട് ഗവേഷകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
കാപ്പി കുടി ശീലമായിട്ടുള്ള അമ്മമ്മാര്‍ അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഇതിന്റെ അളവ് കുറയ്ക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലതാണെന്ന് വെസ്റ്റ് ഇംഗ്ലണ്ട് സര്‍വകലാശാലയിലെ ഡോ. ക്രിസ് അല്‍ബെര്‍ട്ട് പറയുന്നു.
കാപ്പി തയാറാക്കുന്നതിലെ വ്യത്യാസങ്ങളെ കുറിച്ചും ഡോക്ടർമാര്‍ പറയുന്നുണ്ട്.
ഫില്‍റ്റര്‍ ചെയ്യപ്പെട്ട കാപ്പി കുടിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സാധാരണമായി വര്‍ധിക്കുന്നില്ല എന്നാല്‍ ഫില്‍റ്റര്‍ ചെയ്യപ്പെടാത്ത കാപ്പിയില്‍ ഇതിനു സാധ്യതയുണ്ട്. കാപ്പിയിൽ നിരവധി ആന്റി ഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ടെന്ന് മുൻ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാവരും നിര്‍ബന്ധമായി കാപ്പി കുടിക്കണം എന്നല്ല ഈ പഠനത്തിന്റെ അര്‍ഥമെന്നു ഡോ. അമേലിയ ലേക്ക് പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുന്നവർക്ക് കാപ്പികുടിയും ശീലമാക്കാവുന്നതാണ്.
Read More : Healthy Food