Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണുപ്പു കാലത്ത് ശർക്കര കഴിച്ചാൽ?

jaggery

ശർക്കര എന്നു കേൾക്കുമ്പോൾ നാവിലൂറുന്നത് പായസ മധുരം ആവും. തണുപ്പുകാലത്ത് ശർക്കരയുടെ ഉപയോഗം നിരവധി ആരോഗ്യ ഗുണങ്ങളേകും.

കരിമ്പിൽ നിന്നുണ്ടാക്കുന്ന ശർക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശർക്കര സഹായിക്കും. സംസ്കരിച്ച ഉൽപ്പന്നമായ പഞ്ചസാരയക്കു പകരം ശർക്കര ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

കൃത്രിമ മധുരം ചേർന്ന ഐസ്ക്രീമുകൾക്കും പുഡ്ഡിങ്ങിനും എല്ലാം പകരം ശർക്കരപ്പായസവും ശർക്കര ചേർത്ത മധുര പലഹാരങ്ങളും കുട്ടികൾക്ക് നൽകുന്നത് ആരോഗ്യത്തോടെ വളരാൻ സഹായിക്കും.

ദിവസവും ഉച്ചഭക്ഷണ ശേഷം ഒരു ചെറിയ കഷണം ശർക്കര കഴിക്കുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കും. വിഷഹാരികളായ മലിന വസ്തുക്കളിൽ നിന്നും ശ്വാസകോശത്തെ രക്ഷിക്കാൻ ശർക്കരയ്ക്കു കഴിയും. ഈ തണുപ്പു കാലത്ത് ശർക്കര കഴിച്ചാലുള്ള ഗുണങ്ങൾ ഇതാ.

രോഗപ്രതിരോധശക്തി നൽകുന്നു

ശർക്കരയിൽ സിങ്ക്, സെലെനിയം മുതലായ ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ സാധാരണ പഞ്ചസാരയിൽ കാണാത്ത നിരവധി പോഷകങ്ങൾ ശർക്കരയിലുണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. അണുബാധയ്ക്കു കാരണമാകുന്ന നിരവധി രോഗങ്ങളെ തടയാനും ശർക്കരയുടെ ഉപയോഗം സഹായിക്കുന്നു. ചുമയും ജലദോഷവും അകറ്റാനും ശർക്കര സഹായകം തന്നെ.

ദഹനത്തിനു സഹായകം

ദഹനത്തിനു സഹായിക്കുന്ന എൻസൈമുകളെ ആക്റ്റിവേറ്റ് ചെയ്യാനുള്ള കഴിവ് ശർക്കരയ്ക്കുണ്ട്. അങ്ങനെ ദഹനം സുഗമമാക്കുന്നു. ഒപ്പം ദഹനപ്രശ്നങ്ങളായ മലബന്ധം, ദഹനക്കേട്, കുടലിലെ വിര മുതലായവയെ അകറ്റുന്നു. ഭക്ഷണ ശേഷം ശർക്കര കഴിക്കുന്നത് കുടലിന്റെ പ്രവർത്തനത്തെ ആരോഗ്യമുള്ളതാക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും ശർക്കര സഹായിക്കുന്നു.

ശ്വാസകോശത്തിന് ആരോഗ്യമേകുന്നു

ശർക്കരയിലെ ആന്റി അലർജിക് ഗുണങ്ങൾ അലർജിക്കു കാരണമാകുന്ന വസ്തുക്കളെ ശ്വാസകോശത്തിൽ നിന്നും അകറ്റുന്നു. ചുമ, തുമ്മൽ തൊണ്ടയുടെ പ്രശ്നങ്ങൾ ഇവ അകറ്റുന്നു. ആസ്മ, ശ്വാസനാളിയിലെ അണുബാധ ഇവ അകറ്റാൻ ശർക്കര സഹായിക്കുന്നു.

സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു

സന്ധിവേദനയും പേശീവേദനയും അകറ്റാൻ ശർക്കരയുടെ ഉപയോഗം സഹായിക്കും. സന്ധിവാതത്തിൽ നിന്നും ആശ്വാസമേകാൻ ദിവസവും ഒരു കഷണം ശർക്കര കഴിക്കുന്നതിലൂടെ സാധിക്കുന്നു. സന്ധികളിലെ വീക്കം തടയാനും ഇത് ഗുണകരമാണ്.

ശർക്കര ശരീരത്തിനെ ചൂടുള്ളതാക്കുന്നു. തണുപ്പു കാലത്ത് കഴിക്കാൻ ഏറ്റവും നല്ല ഒന്നാണ് ശർക്കര. ദിവസവും ഭക്ഷണ ശേഷം ശർക്കര കഴിക്കുന്നത് ആരോഗ്യമേകും.

Read More : Healthy Food