Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആഹാരങ്ങൾ കാൻസർ ക്ഷണിച്ചു വരുത്തും, എങ്ങനെയെന്ന് അറിയേണ്ടേ

food

‘അറിഞ്ഞോ... പുത്തൻപുരയ്ക്കലെ രാഘവന്റെ മകന് കാൻസറാണെന്ന്.’ 

‘ഇത്രയും ചെറിയ പ്രായത്തിലോ?’ 

‘ഓ അതിന് പ്രായമൊന്നും ഒരു കാര്യമല്ലെന്നേ... ആ ചെറുക്കനാണെങ്കിൽ വീട്ടിലെ ആഹാരമൊന്നും കഴിക്കാതെ എപ്പോഴും പുറത്തുപോയി കണ്ട കരിച്ചതും പൊരിച്ചതുമൊക്കെയല്ലേ കഴിക്കുള്ളാരുന്നു... പിന്നെ കുറേ കൊല്ലം വീടുവിട്ട് ഹോസ്റ്റലിലൊക്കെ അല്ലാരുന്നോ താമസം. ഭക്ഷണരീതി കൊണ്ടാണെന്നൊക്കെയാ പറയുന്നെ...’ 

‘ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ...’ 

‘അതേ ഇപ്പോഴത്തെ കുറേ പുതിയ ഭക്ഷണങ്ങൾ തന്നെയാ കുറേ പുതിയ രോഗങ്ങളും ഉണ്ടാക്കിവച്ചേക്കുന്നേ... എന്തായാലും നമ്മുെട നാട്ടിൽ ഇപ്പോൾ കാൻസറും കേട്ടുകഴിഞ്ഞു’. 

ഇത് നാട്ടിൻപുറത്തെ രണ്ടു സ്ത്രീകൾ തമ്മിലുള്ള സംഭാഷണമാണ്. ഇവരുടെ സംഭാഷണം അത്ര നിസ്സാരമാക്കി തള്ളിക്കളയാനുള്ളതല്ല.

ആരോഗ്യത്തോടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ഇന്നത്തെ ജീവിതരീതി വളരെപ്പെട്ടെന്നു പല രോഗങ്ങളും ക്ഷണിച്ചുവരുത്തുന്നു. ജീവിതശൈലീ രോഗങ്ങളെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന രോഗങ്ങൾ പലരുടെയും സ്വന്തമായിക്കഴിഞ്ഞു. കാന്‍സർ എന്ന മഹാമാരി നമ്മളെ ഇത്രയധികം കീഴ്പ്പെടുത്താൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. നമ്മുടെ ജീവിതരീതി തന്നെയാണ് ഇവിടെയും പ്രധാന വില്ലൻ. എന്നുകരുതി, ഭക്ഷണം കഴിക്കാതെ ജീവിക്കാൻ പറ്റുമോ എന്ന മറുചോദ്യം ചോദിച്ചാൽ അതിനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് പറയേണ്ടി വരും. കീടനാശിനികളോ മായങ്ങളോ കലരാത്ത ആഹാരസാധനങ്ങൾ ലഭിക്കുക ഏറെ പ്രയാസമായിരിക്കുന്നു.

ആഹാരവും കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് ഏറെ പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞതാണ്. എല്ലാ ഭക്ഷണപദാർഥങ്ങളും കാൻസർ വരുത്തുന്നുവെന്നല്ല ഇതിനർഥം. ചില ഭക്ഷണങ്ങൾക്കു മാത്രമേ കാൻസറുമായി ദൃഢബന്ധമുള്ളു. അവ ദിവസവും കൂടിയ അളവിൽ കഴിക്കുന്നത് രോഗസാധ്യത വർധിപ്പിക്കും. മാട്ടിറച്ചിയും ആട്ടിറച്ചിയും പോലുള്ള ചുവന്ന മാംസം, സംസ്കരിച്ച മാംസം, കൊഴുപ്പോ പഞ്ചസാരയോ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, കൂടിയ അളവിലുള്ള ഉപ്പിന്റെ ഉപയോഗം എന്നിവ കാൻസർ സാധ്യത വർധിപ്പിക്കും.

മാംസത്തിലുള്ള  പ്രധാന പ്രോട്ടീൻ മയോഗ്ലോബിൻ ആണ്. ഇതിലുള്ള ഹീം അയേൺ ആണ് മാംസത്തിനു ചുവന്ന നിറം നൽകുന്നത്. ഹീം അയേൺ കുടലിലെ കോശങ്ങളെ നശിപ്പിക്കുകയും കാൻസർജന്യ പദാർഥമായ നൈട്രോസാമിൻസിന്റെ ഉൽപാദനത്തിനു കാരണമാകുകയും ചെയ്യുന്നു. ചുവന്ന മാംസം ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഹൈഡ്രോസൈക്ലിക് അരോമാറ്റിക് അമിൻ എന്ന രാസവസ്തുക്കളും  ചൂടാക്കുമ്പോൾ ഹൈഡ്രോസൈക്ലിക് അമിൻസും(HCA) പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺസും(PAH) ഉണ്ടാകുന്നു. ചൂടാകുമ്പോൾ മാംസത്തിലെ കൊഴുപ്പ് തീയിലിലേക്കു വീണ് തീജ്വാലയിലെ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ മാംസത്തിൽ ഒട്ടിപ്പിടിക്കുന്നു. ഇത് ആമാശയം, വൻകുടൽ എന്നിവിടങ്ങളിലെ കാൻസറിനു കാരണമാകുന്നുണ്ട്. ഇതുപോലെ ദോഷകരമാണ് പുകയിൽ ഉണക്കി സൂക്ഷിക്കുന്ന മാംസങ്ങളും. 

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതാണ്. എണ്ണ വീണ്ടും ചൂടാകുമ്പോൾ 

പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളും ഹൈഡ്രോസൈക്ലിക് അമിനുകളും ഉണ്ടാകുന്നു. അന്നനാളം, വായ, കരൾ, സ്തനം, വൻകുടൽ എന്നിവിടങ്ങളിലെ അർബുദത്തിനു പ്രധാന കാരണക്കാരൻ മദ്യമാണ്. ഉപ്പിലിട്ടു സൂക്ഷിക്കുന്ന ഭക്ഷണപദാർഥങ്ങളുടെ അമിതോപയോഗം ആമാശയ കാൻസറിനു കാരണമാകും. ഉപ്പ് ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിനു നാശമുണ്ടാക്കുകയും ഇത് കാൻസറിലേക്കു നയിക്കുകയും ചെയ്യും. ഉപ്പ് കൂടുതലുള്ള ആഹാരം ഹെലിക്കോബാക്ടർ പൈലോറി എന്ന അണുബാധയ്ക്കു കാരണമാകുന്നു. ആമാശയ കാൻസറിന്റെ പ്രധാന കാരണം ഹെലിക്കോബാക്ടർ പൈലോറി ബാക്ടീരിയയാണ്. 

ഇനി പച്ചക്കറികൾ മാത്രം കഴിച്ചു ജീവിക്കാമെന്നു വച്ചാലോ, കീടനാശിനികൾ ചേർക്കാത്തവ കിട്ടുന്നതുതന്നെ വളരെ ചുരുക്കം. കീടനാശിനികളും കളനാശിനികളും ആരോഗ്യത്തിനു ഹാനികരമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനങ്ങൾ പറയുന്നു. ഓർഗാനോ ക്ലോറിൻ, ഓർഗാനോഫോസ്ഫേറ്റ് എന്നീ രണ്ടുവിഭാഗത്തിലുള്ള കീടനാശിനികൾ സ്തനാർബുദം, വൃക്കയിലെ കാൻസർ, ലിംഫോമ, തൈറോയ്ഡ് കാൻസർ എന്നിവയ്ക്കു കാരണമാകും. മാത്രമല്ല, കീടനാശിനികളുടെ സ്ഥിരമായ ഉപയോഗം അൽഷിമേഴ്സ്, ഡിമൻഷ്യ, പാർക്കിൻസൺസ്, വന്ധ്യത, ജനനവൈകല്യങ്ങൾ എന്നിവയുമുണ്ടാക്കുന്നുണ്ട്.

രോഗങ്ങളില്ലാത്ത ഒരു ശരീരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയേ മതിയാകൂ...

Read More : Healthy Food